ADVERTISEMENT

മാന്നാർ ∙ മഴ മാറി നിന്നിട്ടും ജലാശയങ്ങളിലെ ജലനിരപ്പു താഴ്ന്നിട്ടും അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തിനു ശമനമില്ല. എണ്ണയ്ക്കാട്ടു 2 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നു. മാന്നാർ നായർസമാജം ഗേൾസ്, അക്ഷര സ്കൂൾ എന്നിവിടങ്ങളിലെ ക്യാംപുകൾ ജില്ലാ കലക്ടർ സന്ദർശിച്ചു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, തഹസിൽദാർ ബിജുകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചെന്നിത്തല പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു വെള്ളമിറങ്ങിയിട്ടില്ല.

ചെന്നിത്തല തെക്ക് തറയിൽപടി - കണ്ണാമാലിൽ റോഡിൽ ശുചിമുറിമാലിന്യം തള്ളിയ ഭാഗം അഗ്നിരക്ഷാസേന ശുചീകരിക്കുന്നു.

11 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെയും പ്രവർത്തിച്ചു. അച്ചൻകോവിലാറ്റിൽ ഇന്നലെ മുതൽ ജലനിരപ്പു താഴ്ന്നു തുടങ്ങി. പുത്തനാറിലെ ജലനിരപ്പു കാര്യമായി കുറയാത്തതിനാൽ വാഴക്കൂട്ടം കടവ് പാലത്തിനു വടക്കുള്ള വീടുകളിൽ നിന്നു വെള്ളമൊഴിയാതെ കിടക്കുകയാണ്. 

∙ പുതിയ  ക്യാംപുകൾ

ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് വില്ലേജിൽ ഇന്നലെ 2 ക്യാംപുകൾ കൂടി തുറന്നു. 14 കുടുംബങ്ങളിലെ 47 പേർക്കായി പെരിങ്ങിലിപ്പുറം യുപി സ്കൂളിലും 9 കുടുംബങ്ങളിലെ 27 പേർക്കായി ഗ്രാമം കെവിവി എൽപി സ്കൂളിലുമാണു പുതിയ ക്യാംപുകൾ തുറന്നത്.

∙ മത്സ്യക്കച്ചവടക്കാരൻ പാടത്തു വീണു

സൈക്കിളിൽ വിൽപനയ്ക്കുള്ള മീനുമായി മാന്നാർ ചക്കിട്ടപാലം– കോടാകേരി – വൈരപ്പുറം –ഇടയാടി റോഡ് വഴി വന്ന കരുവാറ്റ സ്വദേശി സലീം (49) ഇന്നലെ പതിനൊന്നോടെ ഒഴുക്കിൽപെട്ട്  പാടശേഖരത്തിലേക്കു വീണു. പെട്ടിയിലുണ്ടായിരുന്ന മീൻ നഷ്ടപ്പെട്ടു. റോഡും പാടവും തിരച്ചറിയാനാവാത്ത വിധം പായലും പോളകളും കയറിക്കിടന്നതാണ് അപകടത്തിനു കാരണമായത്. മുൻ പഞ്ചായത്തംഗം അജീഷ് കോടാകേരിൽ എത്തിയാണ് സലീമിനെ രക്ഷപ്പെടുത്തിയത്.  

∙ ശുചിമുറിമാലിന്യം തള്ളി

ചെന്നിത്തല തെക്ക് തറയിൽപടി- കണ്ണാമാലിൽ റോഡിൽ ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ സബ് സെന്ററിനു സമീപം വെള്ളക്കെട്ടിലായ സ്ഥലത്ത് സാമൂഹികവിരുദ്ധർ ശുചിമുറിമാലിന്യം തള്ളി. ദുർഗന്ധം സഹിക്കാനാവാതെ സമീപവാസികളും കാൽനട യാത്രക്കാരും പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്തിനെ വിവരമറിയിച്ചു. മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാ സംഘമെത്തി ശുചീകരിച്ചു. 

മാവേലിക്കര ∙ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ജലനിരപ്പു കുറയുന്നുണ്ടെങ്കിലും ക്യാംപിലെത്തിയ കുടുംബങ്ങളുടെ എണ്ണം വർധിച്ചു. നിലവിൽ 26 ക്യാംപുകളിലായി 812 കുടുംബങ്ങളിലെ 2501 പേരാണുള്ളത്. ഇതിൽ 337പേർ കു‌ട്ടികളാണ്. കലക്ടർ എ.അലക്സാണ്ടർ ഇന്നലെ മേഖലയിലെ ക്യാംപുകൾ സന്ദർശിച്ചു.

ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ ക്യാംപിലെത്തിയ കലക്ടർക്കൊപ്പം എം.എസ്.അരുൺകുമാർ എംഎൽഎ, തഹസിൽദാർ എസ്.സന്തോഷ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ബിനു ഗോപാലകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലെ ആഞ്ഞിലിപ്ര ഗവ.യുപിഎസിലെ ക്യാംപിൽ യു.പ്രതിഭ എംഎൽഎ സന്ദർശനം നടത്തി. 

∙ കൃഷിനാശം 3 കോടിക്കു മുകളിലായേക്കും

മാവേലിക്കര ബ്ലോക്കിലെ കൃഷിനാശം 3 കോടി രൂപയ്ക്കു മുകളിലാകാനാണു സാധ്യത. ജലനിരപ്പ് കുറയുന്നതനുസരിച്ചു കർഷകർ നേരിട്ടും ഓൺലൈനായും പരാതി നൽകുന്നതു കണക്കിലെടുക്കുമ്പോൾ നഷ്ടം വർധിക്കാനാണു സാധ്യത. മേഖലയിലെ യഥാർഥ സ്ഥിതി കണക്കാക്കുന്നതിനായി കൃഷി ഉദ്യോഗസ്ഥർ നേരിട്ടു വിവിധ സ്ഥലങ്ങളിലെത്തി കണക്കു ശേഖരിക്കുന്നുണ്ട്. വെള്ളമിറങ്ങാൻ വൈകുന്നതോടെ പച്ചക്കറി, കപ്പ, വാഴ കൃഷികൾക്കു കൂ‌ടുതൽ നഷ്ടം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

∙ പത്തിയൂർ, എരുവ ചീപ്പുകൾ തുറന്നു 

കരിപ്പുഴ, കണ്ണമംഗലം മേഖലയിലെ പാടശേഖരങ്ങളിൽ നിന്നു വെള്ളം വേഗത്തിൽ ഒഴുകി മാറുന്നതിനായി പത്തിയൂർ, എരുവ ചീപ്പുകൾ തുറന്നതായി അധികൃതർ വ്യക്തമാക്കി. അതിനിടെ ചെട്ടികുളങ്ങര പഞ്ചായത്തിലെ വടക്കേത്തുണ്ടം മേഖലയിലെ ഏതാനും കുടുംബങ്ങൾക്കായി വടക്കേത്തുണ്ടം സെന്റ് തോമസ് മാർത്തോമ്മാ പാരിഷ് ഹാളിൽ ക്യാംപ് തുറക്കാൻ ക്രമീകരണം ഒരുക്കി.

∙ ജനങ്ങൾ ക്യാംപുകളിൽ

ചാരുംമൂട് ∙ അച്ചൻകോവിലാറ്റിൽ ജലനിരപ്പു താഴ്ന്നെങ്കിലും തീരത്തുള്ള പ്രദേശങ്ങളിൽനിന്നു വലിയ തോതിൽ വെള്ളമിറങ്ങിയിട്ടില്ല. ഇതുമൂലം ഇവിടങ്ങളിലെ താമസക്കാർ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു വീടുകളിലേക്കു മടങ്ങിയിട്ടില്ല. എന്നാൽ‌, അച്ചൻകോവിലാറ്റിൽ നിന്നു കരയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു നിലച്ചിട്ടുണ്ട്. ആറ്റുവ, ചെറുമുഖ ഭാഗങ്ങളിലെ തോടുകളിലൂടെ കരയിലെത്തിയ വെള്ളം ഇന്നലെ മുതൽ തിരിച്ചിറങ്ങാൻ തുടങ്ങി.

പക്ഷേ, നൂറോളം വീടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. പഞ്ചായത്തിലെ 5 ദുരിതാശ്വാസ ക്യാംപുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇരുനൂറ്റിയൻപതോളം പേർ ഈ ക്യാംപുകളിലുണ്ട്. ആറ്റുവ, ചെറുമുഖ ഭാഗങ്ങളിൽ നിന്നു ബന്ധുവീടുകളിലേക്കു പോയ പലരും മടങ്ങിയെത്തിത്തുടങ്ങി. ആറ്റിൽ ജലനിരപ്പു കുറഞ്ഞെങ്കിലും ഇന്നലെ മുതൽ വീണ്ടും മഴ ശക്തമായതോടെ കിഴക്കൻ വെള്ളം വലിയതോതിൽ എത്തിക്കൊണ്ടിരിക്കുന്നു. നൂറനാടിന്റെ വടക്കൻ പ്രദേശങ്ങളിലുള്ളവരെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്.

താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലെ കരപ്രദേശങ്ങളിൽ വെള്ളം കുറഞ്ഞു. പക്ഷേ, കൃഷിയിടങ്ങളിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതു കാരണം വിളകൾക്കു നാശം സംഭവിച്ചതായി കർഷകർ പറയുന്നു.  നൂറനാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറ‍ഞ്ഞിട്ടുണ്ടെങ്കിലും പെരുവേലിൽചാൽ, കരിങ്ങാലിൽചാൽ പുഞ്ചകളിൽ നിന്നു വെള്ളമിറങ്ങിയിട്ടില്ല.

പന്തളം, നൂറനാട് റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. നൂറനാടിനെയും ചുനക്കരയെയും ബന്ധിപ്പിക്കുന്ന റോഡിലും വെള്ളമുണ്ട്. ഇന്നലെ മുതൽ കർഷകർ കൃഷിനാശത്തിനു നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളുമായി കൃഷിഭവനുകളിൽ എത്തിത്തുടങ്ങി.

∙ ആറ്റുവ ചെറുമുഖ പ്രദേശത്ത് തുടരുന്ന ഭീഷണി 

വർഷങ്ങളായി അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ ആറ്റുവ ചെറുമുഖ പ്രദേശങ്ങളിലെ ആയിരക്കണക്കിനു പേർ ദുരിതത്തിലാകുന്നു. 2018 മുതൽ എല്ലാ വെള്ളപ്പൊക്കത്തിലും ഈ പ്രദേശത്തെ കുടുംബങ്ങൾ ആഴ്ചകളോളം ദുരിതാശ്വാസ ക്യാംപുകളിലാണ്. ഒട്ടേറെ വീടുകൾ തകർന്നു; നൂറുകണക്കിനു വീടുകൾ ഭീഷണി നേരിടുന്നു. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഓരോ തവണയും ഈ പ്രദേശത്തുണ്ടാകുന്നത്.

ഇക്കുറിയും നൂറ്റൻപതോളം വീടുകൾ പൂർണമായും വെള്ളത്തിലായി. അഞ്ഞൂറോളം വീടുകൾ വെള്ളക്കെട്ടു ഭീഷണിയിലായി. ഇരുനൂറോളം പേർ ക്യാംപുകളിലാണ്. ഇക്കൂട്ടത്തിൽ കുഞ്ഞുങ്ങളും വയോധികരുമുണ്ട്. നൂറുകണക്കിനു കന്നുകാലികളെയാണ് വിവിധ ഭാഗങ്ങളിലേക്കു മാറ്റിയിരിക്കുന്നത്. ഇതോടൊപ്പം, ഏക്കർ കണക്കിനു സ്ഥലത്തെ കരക്കൃഷിയും നശിച്ചു. ആറ്റുവ, ചെറുമുഖ പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.

ഇവിടെയുള്ളവർക്കു പ്രധാന റോഡിലേക്കു കയറേണ്ട ചെറിയ വഴികളും വെള്ളത്തിലാണ്. നേരത്തേ അച്ചൻകോവിലാറിന് ആവശ്യത്തിനു വീതിയും ആഴവും ഉണ്ടായിരുന്നു. എന്നാൽ, കാലക്രമേണ വീതി കുറയുകയും ആറ്റിൽ മൺപുറ്റുകൾ നിറയുകയും ചെയ്തു. ഇതോടെ മഴക്കാലത്ത് പതിവായി ആറ് കരകവിയാൻ തുടങ്ങി. പ്രധാന തോടായ ചേന്നാത്തുതോട് കെട്ടി സംരക്ഷിക്കാത്തതും ഇവിടെ ചീപ്പ് സ്ഥാപിക്കാത്തതും വെള്ളം കയറാനുള്ള പ്രധാന കാരണമായി മാറുന്നു.

ചേന്നാത്ത് കടവിനെയും തോട്ടുമാപ്പിൽ കടവിനെയും ബന്ധിപ്പിക്കുന്ന അരിത്തോട്ടിൽ സുരക്ഷിത ഭിത്തികൾ കെട്ടി ചീപ്പ് സ്ഥാപിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും. രണ്ടു കിലോമീറ്റർ നീളം വരുന്ന അരിത്തോടിന്റെ വശങ്ങൾ ഉയർത്തിക്കെട്ടി ചീപ്പ് സ്ഥാപിക്കാനുള്ള പദ്ധതി ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല. ഐരാണിക്കുടി മുതൽ വെട്ടിയാർ വരെയുള്ള ഭാഗത്ത് അച്ചൻകോവിലാറ്റിലെ മണൽപുറ്റുകൾ നീക്കണം. ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികളുടെ ദുരിതം ആവർത്തിക്കുമെന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com