ADVERTISEMENT

ആലപ്പുഴ ∙ പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കാനുള്ള പടക്കപ്പലിനു ബൈപാസിലൂടെ യാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ ഇന്നു നഗരത്തിലൂടെ കൊണ്ടുപോകും. ബൈപാസിനു താഴെ, ലവൽ ക്രോസിലൂടെ കൊണ്ടുപോകാൻ റെയിൽവേ അനുമതി നൽകി. ബൈപാസിലെ ടോൾ ഗേറ്റിനു സമീപം നിർത്തിയിരിക്കുന്ന കപ്പൽ ഇന്നു രാവിലെ 5നു തിരിച്ചിറക്കി നഗരത്തിലൂടെ കൊണ്ടുപോകാനാണ് തീരുമാനം. ഇതിനായി ഇന്നു രാത്രി 9.30 മുതൽ പുലർച്ചെ 2 വരെ റെയിൽവേ വൈദ്യുതി ലൈൻ ഓഫാക്കി ഗതാഗതം ഒഴിവാക്കും. 

ബൈപാസ് മേൽപാലത്തിന് അടിയിലൂടെ കൊണ്ടുപോകാനുള്ള നടപടിയുടെ ഭാഗമായി ഇന്നലെ കപ്പലിന്റെ ഉയരവും മറ്റും അളന്നു. ഗതാഗതം നിർത്തിവയ്ക്കുന്നതിനുള്ള നഷ്ടപരിഹാരമായി കരാറുകാരായ വൈറ്റ്‌ലൈൻ എന്റർപ്രൈസസ് റെയിൽവേയിലേക്ക് 7,32,930 രൂപ അടച്ചിട്ടുണ്ട്. ബൈപാസിലൂടെയുള്ള യാത്രയ്ക്കായി പടക്കപ്പൽ 3 ആഴ്ചയായി അനുമതി കാത്തുകിടക്കുകയായിരുന്നു. 

alappuzha-navy-ship

മേൽപാലത്തിലൂടെ പടക്കപ്പൽ കൊണ്ടുപോകുമ്പോൾ ബലക്ഷയമുണ്ടാകുമോ എന്ന ആശങ്കമൂലം ദേശീയപാത വിഭാഗവും ദേശീയപാത അതോറിറ്റിയും പടക്കപ്പൽ കൊണ്ടുവന്ന മുസിരിസ് പൈതൃക പദ്ധതി അധികൃതർക്ക് യാത്രാനുമതി നൽകിയിരുന്നില്ല. മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിലാണ് ബീച്ചിലെ തുറമുഖ മ്യൂസിയത്തിൽ പടക്കപ്പൽ സ്ഥാപിക്കുക. 82 ടൺ ഭാരമുണ്ടായിരുന്ന കപ്പലിലെ ഇരുമ്പുകട്ടകൾ നീക്കി ഭാരം 36 ടൺ ആക്കിയിരുന്നു.

alappuzha-outline-ship

∙ മുസിരിസ് പൈതൃക പദ്ധതി ചുമതല ഏൽപിച്ച കരാർ കമ്പനി പ്രതിസന്ധി ബോധ്യപ്പെടുത്തി അപേക്ഷ നൽകിയതോടെയാണ് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സാങ്കേതിക സമിതി അനുമതി നൽകിയത്.

ആലപ്പുഴ പോർട്ട് മ്യൂസിയത്തിലേക്ക് കൊണ്ടുപോകുന്ന പടക്കപ്പൽ (ഇൻ ഫാക് ടി –81) വെൽഡിങ് ജോലികൾ പൂർത്തിയായശേഷം തണ്ണീർമുക്കം ബണ്ടിന്റെ മധ്യഭാഗത്ത് മൾട്ടി ആക്സിൽ പുള്ളർ വാഹനത്തിൽ.
ആലപ്പുഴ പോർട്ട് മ്യൂസിയത്തിലേക്ക് കൊണ്ടുപോകുന്ന പടക്കപ്പൽ (ഇൻ ഫാക് ടി –81) വെൽഡിങ് ജോലികൾ പൂർത്തിയായശേഷം തണ്ണീർമുക്കം ബണ്ടിന്റെ മധ്യഭാഗത്ത് മൾട്ടി ആക്സിൽ പുള്ളർ വാഹനത്തിൽ.

∙ പടക്കപ്പലിനെ വഹിക്കുന്ന വാഹനം ഉൾപ്പെടെ റോഡിൽനിന്നുള്ള ഉയരം 5.90 മീറ്റർ. വീതി 5.84 മീറ്റർ. നീളം 26 മീറ്റർ.

alappuzha-ship-news-image-4

പടക്കപ്പലിന്റെ തുടർയാത്ര ആലപ്പുഴ നഗരത്തിലൂടെ; യാത്ര ഇങ്ങനെ...

ഇന്നു പുലർച്ചെ 5നു കൊമ്മാടി ബൈപാസിലെ ടോൾ ഗേറ്റിൽ നിന്നു കപ്പൽ പിന്നിലേക്കു കൊണ്ടുപോകും. ബൈപാസ് ജംക്‌ഷനിലെത്തി തിരിഞ്ഞ് കളപ്പുര, ആറാട്ടുവഴി, ശവക്കോട്ടപ്പാലം, കോൺവന്റ് ജംക്‌ഷൻ വഴി കണ്ണൻ വർക്കി പാലത്തിന്റെ വടക്കേക്കരയിലൂടെ പടിഞ്ഞാറോട്ട്. കൊച്ചുകട പാലത്തിൽ കയറാതെ വലത്തേക്കു തിരിഞ്ഞു ഡച്ച് സ്ക്വയർ ജംക്‌ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് കറുത്തകാളിപ്പാലം കയറി നേരെ കല്ലൻ (എൽസി 64) ലവൽ ക്രോസിലേക്ക്.

കലക്ടറുടെ ഔദ്യോഗിക വസതിക്കുശേഷം വിജയ് പാർക്കിനു സമീപമാണ് കല്ലൻ ഗേറ്റ്. ഇതുവഴി ഇന്നു രാത്രി 10.35 മുതൽ പുലർച്ചെ 2.05 വരെയുള്ള മൂന്നര മണിക്കൂറാണ് കപ്പൽ കൊണ്ടുപോകാനായി ട്രെയിൻ ഗതാഗതം ഒഴിവാക്കുന്നത്. ബീച്ചിൽ കടൽപാലത്തിനു തെക്ക് സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് തറയിൽ കപ്പൽ സ്ഥാപിക്കും. പുള്ളർ വലിച്ചുകൊണ്ടുവരുന്ന കപ്പലിനെ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാവും ബീച്ചിലെ പ്ലാറ്റ്ഫോമിൽ വയ്ക്കുക.

വൈദ്യുതി മുടങ്ങും

ആലപ്പുഴ ∙കപ്പൽ കൊണ്ടുപോകുന്നതിനാൽ കൊമ്മാടി, കളപ്പുര, ആറാട്ടുവഴി, ശവക്കോട്ടപ്പാലം, കോൺവന്റ് സ്ക്വയർ, പാസ്പോർട്ട് ഓഫിസ്, കൊച്ചുകടപ്പാലം, ഡച്ച് സ്ക്വയർ, കറുത്തകാളിപ്പാലം, കലക്ടർ ബംഗ്ലാവ്, വിജയ് പാർക്ക് എന്നിവയുടെ പരിസരങ്ങളിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com