ADVERTISEMENT

ഹരിപ്പാട് ∙ ചെറുതന തേവേരി - തണ്ടപ്ര പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായ സ്ഥലം മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. മടവീഴ്ച ഒഴിവാക്കാൻ 250 മീറ്റർ പുറംബണ്ട് പിച്ചിങ് കെട്ടി ബലപ്പെടുത്തി മുകളിൽ 3 മീറ്റർ വീതിയിൽ ബണ്ട് നിർമിക്കണമെന്നു കർഷകർ മന്ത്രിയോട് ആവശ്യപ്പെട്ടു. പമ്പയാറിന്റെ തീരത്തെ 2500 മീറ്റർ ഭാഗത്തെ കൽക്കെട്ട് താഴ്ന്നുപോയ നിലയിലാണ്. ഇവിടെ മണൽച്ചാക്ക് അടുക്കിയാണ് പാടശേഖരത്തെ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷിക്കുന്നത്. പാടശേഖരത്തിൽ പമ്പിങ്ങിനു  3 മോട്ടറുകളാണ് ഉപയോഗിക്കുന്നത്.

ഇതിൽ രണ്ടെണ്ണം വാടകയ്ക്ക് എടുക്കാറാണു പതിവ്. ഇതിനെല്ലാം പരിഹാരം വേണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് എസ്.ഭദ്രൻ, സെക്രട്ടറി ബിനു ചാക്കോ, കൺവീനർ എന്‍.മണിയൻ എന്നിവർ മന്ത്രിയോട് ആവശ്യപ്പെട്ടു. മട വീണ്  പാടശേഖരത്തിൽ കയറിയ വെള്ളം മോട്ടർ ഉപയോഗിച്ചു വറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മഴ പെയ്യുന്നതു കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 160 ഹെക്ടർ പാടശേഖരത്തിൽ 60 ഹെക്ടർ താഴ്ചക്കണ്ടമാണ്. ഇവിടെയാണു വെള്ളം കൂടുതലുള്ളത്. 

ഉറവയുള്ളതിനാൽ വെള്ളം വറ്റിക്കാൻ കാലതാമസം നേരിടുന്നുണ്ട്. വെള്ളം വറ്റിക്കാൻ കഴിയുന്നില്ലെങ്കിൽ കൃഷി പൂർണമായും നശിക്കുമെന്നാണു കർഷകർ പറയുന്നത്. മടവീഴ്ചയ്ക്കു ശാശ്വത പരിഹാരം കണ്ടെത്താനുള്ള  സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു, പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസർ ആർ.ശ്രീരേഖ, ഡപ്യൂട്ടി ഡയറക്ടർ സഫീന, ഹരിപ്പാട് കൃഷി അസി.ഡയറക്ടർ ലേഖ മോഹൻ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com