ADVERTISEMENT

ചെങ്ങന്നൂർ ∙ ഒഴുക്കു നിലച്ച് മലിനമായ ഉത്തരപ്പള്ളിയാറ്റിലെ മാലിന്യം നീക്കി ജനകീയ കൂട്ടായ്മയുടെ മാതൃക. നവീകരണം പാതിവഴിയിൽ നിലച്ച നദിയിൽ കനത്ത മഴയെത്തുടർന്നു വൻതോതിൽ മാലിന്യം അടിഞ്ഞു കൂടിയിരുന്നു. പലയിടത്തും നദി കരകവിഞ്ഞ് റോഡുകളും വീടുകളും വെള്ളത്തിലായി.

ഉത്തരപ്പള്ളിയാറ്റിൽ സാമൂഹികവിരുദ്ധർ ചത്ത കോഴികളെ തള്ളിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണു വിവിധ തുറകളിൽ ജോലി ചെയ്യുന്നവർ ഒത്തുകൂടി നദിയെ മാലിന്യമുക്തമാക്കാനിറങ്ങിയത്. മാനേജ്മെന്റ് വിദ്യാർഥികൾ മുതൽ അഭിഭാഷകരും വിമുക്ത ഭടന്മാരും പ്രവാസികളുമൊക്കെ രംഗത്തിറങ്ങി. ആലാ വില്ലേജ് ഓഫിസിനു സമീപത്തെ കലുങ്ക് മുതൽ താഴോട്ടു ശുചീകരണം നടത്തി.

പോളയും പായലും ചാക്കുകണക്കിനു മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം നീക്കം ചെയ്തു. മാലിന്യം നിറഞ്ഞു കിടന്നിരുന്ന നദിയുടെ കരയിലെ പല കിണറുകളിലെയും വെള്ളം ഉപയോഗക്ഷമമല്ല. തീരത്തെ താമസക്കാർക്ക് അസുഖമുണ്ടാകുന്നതും പതിവാണ്. ഗംഗാധരപ്പണിക്കർ, യോഹന്നാൻ, ഭുവനചന്ദ്രൻ നായർ, സന്ദീപ്, അഭിജിത്ത്, സജി തോമസ്, ഹരികുമാർ, ദിലീപ്, വിഷ്ണു, സന്തോഷ്, അനന്ദു, വിഷ്ണു, രാജ്മോഹൻ, ജയിംസ് ജോൺ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

എന്നാൽ, ശുചീകരിച്ചതിനു പിന്നാലെ ഉത്തരപ്പള്ളിയാറ്റിൽ ചത്തകോഴികളെ തള്ളി. ആലാ വില്ലേജ് ഓഫിസിനു സമീപമായിരുന്നു ശുചീകരണം. ഇതിനു സമീപത്തായാണ് ഇന്നലെ ചത്ത കോഴികളെ തള്ളിയതു കണ്ടത്. സംഭവത്തിൽ പഞ്ചായത്ത് ഡയറക്ടർക്കു പരാതി നൽകുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയ ജയിംസ് ജോൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com