ADVERTISEMENT

ആലപ്പുഴ ∙ ഏറെ വെല്ലുവിളി നിറഞ്ഞ നട്ടെല്ലുനിവർത്തൽ ശസ്ത്രക്രിയ വിജയകരമായി ചെയ്ത് കയ്യടി നേടുകയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി. നട്ടെല്ലിനുണ്ടാകുന്ന വളവ് (സ്കോളിയോസിസ്) പരിഹരിക്കുന്ന ശസ്ത്രക്രിയ മെഡിക്കൽ കോളജിൽ ആരംഭിച്ചത് 3 മാസം മുൻപാണ്. ഇതിനകം 10 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം വരെ ചെലവാകുന്ന സ്കോളിയോസിസ് ശസ്ത്രക്രിയ, ‘ആരോഗ്യകിരണം’ പോലുള്ള സർക്കാർ ആരോഗ്യസുരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഇവിടെ സൗജന്യമാണ്. അല്ലാത്തവർക്കും കുറഞ്ഞ ചെലവിൽ ചെയ്യാം.

സ്കോളിയോസിസ് എന്ന വില്ലൻ

നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവിക വളവ് അല്ലെങ്കിൽ ചരിവാണ് സ്കോളിയോസിസ്. അപൂർവം കുട്ടികളിൽ ജന്മനാ സ്കോളിയോസിസ് ഉണ്ടാകാമെങ്കിലും 10 മുതൽ 17 വയസ്സുവരെയുള്ളവരിലാണ് കൂടുതലായും കണ്ടുവരുന്നത്. അതിൽത്തന്നെ, പെൺകുട്ടികളിലാണ് കൂടുതൽ. ചെറിയ രീതിയിലുള്ള വളവ് കുട്ടികളുടെ വളർച്ചയ്ക്കൊപ്പം വലുതായി വരികയും വാരിയെല്ലിന്റെ ഭാഗമോ ഇടുപ്പോ പുറത്തേക്കു തള്ളിവരികയും നടുഭാഗത്ത് കൂനുപോലെ മുഴച്ചു നിൽക്കുകയും ചെയ്യും.

തുടക്കത്തിൽ വേദനയുണ്ടാകില്ലെങ്കിലും വളവു കൂടുന്നതനുസരിച്ച് വേദനയും ശ്വാസതടസ്സവും ഉണ്ടാകാം. അസ്ഥികളുടെ തേയ്മാനവും ബലക്ഷയവും പ്രായമായവരിലും അപൂർവമായി ഈ രോഗത്തിന് ഇടയാക്കാറുണ്ട്. സ്കോളിയോസിസ് ഉള്ളവർക്ക് ഉയരം കുറവായിരിക്കും. കഴുത്തു മുതൽ താഴേക്ക് നട്ടെല്ലു മുഴുവനായും വളഞ്ഞിരിക്കുന്ന ‘ഡബിൾ കർവ്’ അവസ്ഥയും ചിലരിൽ കാണാറുണ്ട്. പൂർണ വളർച്ചയെത്തിയ കുട്ടികളിൽ സങ്കീർണതകൾ കൂടുതലായതിനാൽ 17 വയസ്സിനുള്ളിൽ ശസ്ത്രക്രിയ നടത്തണം.

ചികിത്സാരീതി

വളവിന്റെ തോത് പലരിലും പല തരത്തിലായിരിക്കും. 30 ഡിഗ്രി വരെ വളവുള്ള കേസുകളിൽ ഭൂരിഭാഗവും ബെൽറ്റ് കൊണ്ടു നേരെയാക്കാൻ കഴിയും. സാധാരണഗതിയിൽ അതിനു മുകളിലുള്ളവർക്കാണ് ശസ്ത്രക്രിയ വേണ്ടിവരിക. ജനറൽ അനസ്തീസിയ നൽകി രോഗിയെ കമിഴ്ത്തിക്കിടത്തി നട്ടെല്ലു മുഴുവനായും തുറക്കും. നാഡീഞരമ്പുകൾക്കു ക്ഷതം വരാതെ ടൈറ്റാനിയം സ്ക്രൂ ഉപയോഗിച്ചാണ് വളവു നേരെയാക്കുന്നത്. സർജൻ, അനസ്തീസിയ വിദഗ്ധൻ, ന്യൂറോ മോണിറ്ററിങ് ടീം എന്നിങ്ങനെ ശസ്ത്രക്രിയയുടെ മുഴുവൻ സമയത്തും പ്രവർത്തനം നിരീക്ഷിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ തിയറ്ററിൽ ഉണ്ടാകും.

വളവിന്റെ തീവ്രതയനുസരിച്ച് ശസ്ത്രക്രിയയ്ക്ക് 6 മുതൽ 10 മണിക്കൂർ വരെ വേണ്ടിവരാറുണ്ട്. തിയറ്റർ സമയം കൂടുതലായതിനാൽത്തന്നെ ആഴ്ചയിൽ ഒരു ശസ്ത്രക്രിയ മാത്രമാണു നിലവിൽ ചെയ്യുന്നത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.മുഹമ്മദ് അഷ്റഫിന്റെ മേൽനോട്ടത്തിൽ ഡോ.ഷിജു മജീദ്, ഡോ.സേതു ശിവൻ, ഡോ.തോമസ് കോശി എന്നിവരടങ്ങുന്ന നാലംഗ സംഘമാണു ശസ്ത്രക്രിയ നടത്തുന്നത്.  അനസ്തീസിയ വിഭാഗം മേധാവി ഡോ.ഹരികൃഷ്ണൻ, ഡോ.ഹരികുമാർ, ഡോ.അൻസർ ഷാ, ഡോ.ബിബി മനോജ് എന്നിവരും നഴ്സുമാരുടെ സംഘവും ഇവർക്കൊപ്പം ഉണ്ടാകും.

ശസ്ത്രക്രിയകൾ പൂർണമാകാനായി പ്ലാസ്റ്റിക് സർജന്റെ കൂടി സേവനം ആവശ്യമാണ്. എത്രയും വേഗം മെഡിക്കൽ കോളജിന് പ്ലാസ്റ്റിക് സർജറി സ്പെഷ്യൽറ്റി കൂടി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ.മുഹമ്മദ്  അഷ്റഫ്ന്യൂ റോ സർജറി വിഭാഗം മേധാവി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com