ADVERTISEMENT

ചേർത്തല ∙ മുഖ്യാതിഥികളുടെയെല്ലാം പ്രസംഗങ്ങൾ വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവത്തിനുള്ള പ്രശംസകളായി. പലർക്കും ഇഷ്ടപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അഭിപ്രായങ്ങൾ പറയുന്നയാളാണ് വെള്ളാപ്പള്ളിയെന്ന നിരീക്ഷണം എല്ലാ പ്രസംഗങ്ങളിലും കേട്ട് സദസ്സ് കയ്യടിച്ചു. ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്ത കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ഗുരുസന്ദേശങ്ങളുടെ തുടർച്ചക്കാരനാകുകയുമാണ് വെള്ളാപ്പള്ളിയെന്നും വിശിഷ്ടാതിഥികൾ ചൂണ്ടിക്കാട്ടി.

∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ വെള്ളാപ്പള്ളി നൽകിയ സംഭാവനകളുടെ ആഘോഷവും എസ്എൻഡിപി യോഗത്തിനും എസ്എൻ ട്രസ്റ്റിനും നൽകുന്ന ഉജ്വല നേതൃത്വത്തിനുള്ള ആദരവുമാണിത്. ലോകത്തിനു കേരളം നൽകിയ ആത്മീയ ചൈതന്യമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനം. സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ടു പ്രബുദ്ധരാകാനും ഗുരു ഉപദേശിച്ചു. അതിനെ പിന്തുടർന്ന വെള്ളാപ്പള്ളി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകി.

∙ മുഖ്യമന്ത്രി പിണറായി വിജയൻ: എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും അമരക്കാരനായി വെള്ളാപ്പള്ളി നടേശൻ കാൽ നൂറ്റാണ്ട് തികയ്ക്കുന്നത് അസുലഭ അവസരമാണ്. ശ്രീനാരായണ ഗുരുവിന് മറ്റു ചില സന്യാസികളെപ്പോലെ മോക്ഷപ്രാപ്തിക്കായി പോകാമായിരുന്നു. പക്ഷേ, അദ്ദേഹം ശ്രദ്ധിച്ചത് ജനങ്ങളുടെ പുരോഗതിയിലാണ്. അതിന്റെ തുടർച്ചയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.

∙ കേന്ദ്രമന്ത്രി വി.മുരളീധരൻ: ഭൂരിപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങളാണ് വെള്ളാപ്പള്ളി അവതരിപ്പിച്ചത്. ഭൂരിപക്ഷ സമൂഹം ഗുരുവിന്റെ ആശയങ്ങളിൽനിന്ന് അകലുന്നു എന്ന ആശങ്ക ഉയർന്നപ്പോഴായിരുന്നു അത്. ഗുരുവിന്റെ സംഭാവന മറന്ന് കേരളത്തിന്റെ നവോത്ഥാന ചരിത്രം എഴുതാനാകില്ല.

∙ മന്ത്രി പി.പ്രസാദ്: അധഃസ്ഥിതർക്ക് മനുഷ്യരെന്ന പദവി നേടാൻ ഏറെ സഹായിച്ച പ്രസ്ഥാനമാണ് എസ്എൻഡിപി യോഗം. അതിന്റെ തലപ്പത്ത് 25 വർഷം പൂർത്തിയാക്കിയത് ഏറെ അഭിനന്ദനീയമാണ്. നിലപാടുകളാണ് വെള്ളാപ്പള്ളി നടേശന്റെ നേട്ടത്തിൽ പ്രധാന ഘടകം. 

∙ കോടിയേരി ബാലകൃഷ്ണൻ: സംഘാടന മികവും ജനങ്ങളോടുള്ള പെരുമാറ്റവുമാണ് യോഗനേതൃത്വത്തിൽ 25 വർഷമെന്ന അപൂർവ ബഹുമതിയിലേക്ക് വെള്ളാപ്പള്ളി നടേശനെ എത്തിച്ചത്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുവചനം പ്രാവർത്തികമാക്കാൻ അദ്ദേഹത്തിനു സാധിച്ചു. 

∙ കെ.സുരേന്ദ്രൻ: എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റാൻ കഴിഞ്ഞ നേതാവാണ് വെള്ളാപ്പള്ളി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാകാൻ  അദ്ദേഹത്തിനു കഴിഞ്ഞു. കലഹവും വൈരാഗ്യവും ഉണ്ടാകാവുന്ന അന്തരീക്ഷത്തിലേക്ക് സമൂഹത്തെ കൊണ്ടുപോകാതെ നോക്കി. 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി - എസ്എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചേർത്തല എസ്എൻ കോളജിൽ നടന്ന സമ്മേളനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമീപം.   ചിത്രം: മനോരമ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി - എസ്എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചേർത്തല എസ്എൻ കോളജിൽ നടന്ന സമ്മേളനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സമീപം. ചിത്രം: മനോരമ

ചടങ്ങിൽ പ്രമുഖരുടെ നിര 

ചേർത്തല ∙ ആഘോഷത്തിന് സാക്ഷികളായി പ്രമുഖർ. ജനപ്രതിനിധികൾ അടക്കം പന്തലിന്റെ മുൻനിരയിലിരുന്നു ചടങ്ങ് വീക്ഷിച്ചു. മന്ത്രി വി.എൻ.വാസവൻ, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എം.എസ്.അരുൺകുമാർ, മോൻസ് ജോസഫ്, സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഭാര്യ ഡോ. കെ.എസ്.ജയശ്രീ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി,

ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, വെള്ളാപ്പള്ളി നടേശന്റെ മകൾ വന്ദന ശ്രീകുമാർ, കൊച്ചുമകൻ ദേവ് തുഷാർ, എസ്എൻഡിപി യോഗം ലീഗൽ അഡ്വൈസർ എ.എൻ.രാജൻ ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ബിഡിജെഎസ് നേതാക്കളായ കെ.ആർ.പത്മകുമാർ, സിനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ, രാജേഷ് നെടുമങ്ങാട്, പി.ടി.മന്മഥൻ തുടങ്ങിയവർ മുൻനിരയിലുണ്ടായിരുന്നു. എ.എം.ആരിഫ് എംപി രാവിലെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി വെള്ളാപ്പള്ളി നടേശനെ ആദരിച്ചു.

ചേർത്തല എസ്എൻ കോളജിൽ നടന്ന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളാപ്പള്ളി നടേശന് ഉപഹാരം സമ്മാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം. 						  ചിത്രം : മനോരമ.ചേർത്തല എസ്എൻ കോളജിൽ നടന്ന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളാപ്പള്ളി നടേശന് ഉപഹാരം സമ്മാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം. 						  ചിത്രം : മനോരമ.
ചേർത്തല എസ്എൻ കോളജിൽ നടന്ന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളാപ്പള്ളി നടേശന് ഉപഹാരം സമ്മാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം. ചിത്രം : മനോരമ.

വളർച്ചയുടെ വെള്ളാപ്പള്ളിക്കാലം 

മാരാരിക്കുളം ∙ എസ്എൻഡിപി യോഗത്തിന്റെ അമരത്ത് രജതജൂബിലി പിന്നിട്ട വെള്ളാപ്പള്ളി നടേശന്റെ നേതൃത്വ കാലയളവിൽ സംഘടനയ്ക്കുണ്ടായ വളർച്ച വലുതാണ്. വെള്ളാപ്പള്ളി ചുമതലയേൽക്കുന്ന 1996ൽ ആകെ 52 യൂണിയനുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 136 എണ്ണമായി. 3881 ശാഖകൾ 6269 ആയും 1566 വനിതാ സംഘങ്ങൾ 4996 ആയും വർധിച്ചു.

1671 യൂത്ത് മൂവ്മെന്റ് യൂണിയനുകൾ 3135 ആയും ഉയർന്നു. യോഗത്തിൽ 10,90,285 സ്ഥിരാംഗങ്ങളുണ്ടായിരുന്നത് ഇപ്പോൾ 27,55,325 ആയി. പുതുതായി 32,000 കുടുംബ യൂണിറ്റുകളും 74,000 സ്വാശ്രയ സംഘങ്ങളും 578 ബാലജന യോഗങ്ങളും രൂപീകരിച്ചു. ദുരിതാശ്വാസ നിധിയിലൂടെ 5.25 കോടി രൂപയുടെ സഹായവും വിതരണം ചെയ്തു.

ചേർത്തല എസ്എൻ കോളജിനു മുന്നിൽ സ്ഥാപിച്ച കട്ടൗട്ട് മതിൽ.
ചേർത്തല എസ്എൻ കോളജിനു മുന്നിൽ സ്ഥാപിച്ച കട്ടൗട്ട് മതിൽ.

ജീവിതം പറഞ്ഞ കട്ടൗട്ടുകൾ

മാരാരിക്കുളം ∙ വെള്ളാപ്പള്ളി നടേശന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തി, സമ്മേളന വേദിക്കു മുന്നിലെ കട്ടൗട്ടുകൾ. വെള്ളാപ്പള്ളിയുടെ നേതൃത്വ രജതജൂബിലിയുടെ ഭാഗമായുള്ള സമ്മേളനം നടന്ന ചേർത്തല എസ്എൻ കോളജിന്റെ മതിലിനോടു ചേർന്നാണ് 20 പാളികളായി കട്ടൗട്ടുകൾ ഒരുക്കിയത്. തുടക്കത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ചിത്രവും ജന്മദിനവും ഉൾപ്പെടെയുള്ള വിവരങ്ങൾ.

സ്കൂൾ പഠനകാലത്ത് എ.കെ.ആന്റണിക്കും വയലാർ രവിക്കുമൊപ്പം രാഷ്ട്രീയ രംഗത്തേക്കു ചുവടു വച്ചതിന്റെ ഓർമച്ചിത്രങ്ങൾ, വിവാഹം, എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപിയുടെയും അമരത്തേക്ക് വന്നത്, യോഗത്തിന്റെയും ട്രസ്റ്റിന്റെയും വളർച്ച എന്നിവയെല്ലാം മനോഹരമായി ചേർത്തിരിക്കുന്നു. പ്രമുഖർക്കൊപ്പമുള്ള വെള്ളാപ്പള്ളിയുടെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com