ADVERTISEMENT

നൂറനാട്  ∙ ചലനമറ്റു കിടക്കയിലായ മകളെയൊന്ന് എഴുന്നേൽപിച്ചു നിർത്താനായിരുന്നു രജിതയുടെ പോരാട്ടം. മകൾ കണ്ണുതുറന്ന് തന്നെയൊന്നു നോക്കുന്നതു കാണാൻ, കടം വാങ്ങിയും വിറ്റുപെറുക്കിയും ആ അമ്മ കാത്തിരുന്നു. എന്നാലിന്ന് നൂറനാട് എരുമക്കുഴി മീനത്തേതിൽ കിഴക്കേക്കരയിൽ ജെ.ആർ.രജിത തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ സ്വന്തം ജീവനുവേണ്ടി പോരാടുകയാണ്. രജിതയുടെ മകളാണ് കേരളത്തിന്റെയാകെ ദുഃഖമായി മാറിയ ദേവുചന്ദന. പത്തുലക്ഷത്തിൽ ഒരാൾക്കു പിടിപെടുന്ന, തലച്ചോറിനെ ബാധിക്കുന്ന ഫെബ്രൈൽ ഇൻഫെക്‌ഷൻ റിലേറ്റഡ് എപ്പിലെപ്സി സിൻഡ്രോം എന്ന രോഗത്തോടു പോരാടുകയാണ് ഈ 9 വയസ്സുകാരി. 

മകളുടെ രോഗാവസ്ഥയിൽ മനംനൊന്ത് രജിതയുടെ ഭർത്താവ് ബി.ചന്ദ്രബാബു ആശുപത്രിവളപ്പിൽ ജീവനൊടുക്കിയിരുന്നു. നേരത്തേ, നൂറനാട് ക്ഷേത്രത്തിൽ ചെണ്ടമേളത്തിനൊപ്പം ചുവടുവയ്ക്കുന്ന ദേവുചന്ദനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആഴ്ചകൾക്കു മുൻപ് മകൾക്കു മരുന്നുമായി ഓടുന്നതിനിടെ തെന്നിവീണ് തലച്ചോറിന്റെ നാഡികൾ ചതഞ്ഞതാണ് രജിതയെ ആശുപത്രിക്കിടക്കയിലാക്കിയത്. കഠിനവേദനയിൽ ആദ്യം ആശുപത്രിയിൽ പോയെങ്കിലും മകളെ പരിചരിക്കേണ്ടതിനാൽ വീട്ടിലേക്കു മടങ്ങി. ഇടയ്ക്കിടെ ബോധം മറഞ്ഞതും ശ്വാസംമുട്ടും ക്ഷീണവും കാര്യമാക്കിയില്ല. പൂർണ അബോധാവസ്ഥയിലായ രജിതയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ദേവുചന്ദനയുടെ കാഴ്ചയും കേൾവിയും പൂർണമായും നഷ്ടപ്പെട്ടിരുന്നെങ്കിലും കേൾവി തിരികെക്കിട്ടി. പെട്ടെന്ന് ഓക്സിജൻ താഴുന്നതിനാൽ ദേവുചന്ദനയ്ക്കായി ചെറിയൊരു ആശുപത്രി തന്നെ വീട്ടിൽ ഒരുക്കിയിട്ടുണ്ട് രജിത. ഒരുമാസം വേണ്ടത് ഏകദേശം 22,000 രൂപയുടെ മരുന്ന്. ഇടയ്ക്കിടെ ആശുപത്രിയിലെത്തുകയും വേണം. കഴിഞ്ഞ വർഷം മാത്രം 15 ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവായി. രജിത ആശുപത്രിയിലായതോടെ രജിതയുടെ അമ്മ എസ്.ജയയാണ് ദേവുചന്ദനയെ പരിചരിക്കുന്നത്. കാനറ ബാങ്ക് നൂറനാട് ശാഖയിൽ രജിതയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ നമ്പർ: +91 9526520463

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ Rejitha J R
∙ കാനറ ബാങ്ക്, നൂറനാട് ശാഖ
∙ അക്കൗണ്ട് നമ്പർ: 3015101009582
∙ IFSC Code: CNRB0003015

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com