ADVERTISEMENT

മോഷണസംഘങ്ങൾ ആലപ്പുഴ ജില്ലയിലാകെ വിലസുമ്പോൾ അവരെ കുടുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ എവിടെ വരെയെത്തി? ഒരന്വേഷണം...

തിരുമല മുക്കോലയ്ക്ക് മുക്കത്ത് വീട്ടിൽ ലാൽ ജോസഫിനെ (ലാലിച്ചൻ–60) കുടുക്കാൻ മാവേലിക്കര സ്റ്റേഷനിലെ പൊലീസുകാർ കൈലിയുടുത്ത് മുഷിഞ്ഞ ഷർട്ടും ധരിച്ച് യാചകർക്കു സമീപം റെയിൽവേ പ്ലാറ്റ്ഫോമിൽ ദിവസങ്ങൾ കാത്തിരുന്നു. 2019ൽ കൊറ്റാർകാവിലെ വീട്ടിൽ മോഷണം നടന്നപ്പോൾ ലഭിച്ച ക്യാമറ ദൃശ്യത്തിൽ, കയ്യിൽ പത്രവുമായി വെള്ള ഷർട്ടും മുണ്ടും ധരിച്ച് റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന ഒരാളെ കണ്ടു. 2021 ഡിസംബറിൽ മാവേലിക്കര കോട്ടയ്ക്കകത്ത് നടന്ന മറ്റൊരു മോഷണത്തിൽ സമാനരീതിയിൽ വസ്ത്രം ധരിച്ചയാൾ പോകുന്നതും കണ്ടു. തുടർന്നാണു വേഷംമാറി റെയിൽവേ സ്റ്റേഷനിൽ തമ്പടിച്ച് ലാലിച്ചനെ കുടുക്കിയത്.

കാണിക്കവഞ്ചി സ്പെഷലിസ്റ്റ്

കാണിക്കവഞ്ചി മാത്രം കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന കാരിക്കുഴി സ്വദേശിയായ വാവച്ചനെ പൊലീസ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ വളരെ വിദഗ്ധമായാണു പിടികൂടിയത്. മോഷണം നടത്തി 3 മാസം കറങ്ങിനടക്കുകയും പാടശേഖരത്തിനു നടുവിലുള്ള പുരയിടത്തിൽ കുറ്റിക്കാട്ടിൽ അന്തിയുറങ്ങുകയും ആയിരുന്നു പതിവ്. നിരന്തരം കുറ്റിക്കാട്ടിൽ പുക ഉയരുന്നതു ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി. 4 മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്തിയില്ല.

മടങ്ങാൻ ഒരുങ്ങുന്നതിനിടെ പാടത്തെ പോളയ്ക്കിടയിൽ മുങ്ങിക്കിടക്കുന്ന പ്രതിയെ കണ്ടു. പൊലീസുകാർ വെള്ളത്തിൽ ചാടി. പ്രതി കരയിൽ കയറി സ്ഥലംവിടാൻ ശ്രമിച്ചു. ഇയാളെ പിടികൂടി കൈകൾ കെട്ടിയിട്ടെങ്കിലും പുറത്തറിയിക്കാൻ മാർഗമില്ലാതെ ഏറെനേരം കാവൽ നിൽക്കേണ്ടിവന്നു. പ്രതിയെ പിടിക്കാനിറങ്ങിയ പൊലീസിനെ തിരഞ്ഞ് മറ്റുള്ളവർ എത്തിയ ശേഷമാണ് മോഷ്ടാവിനെ പുറത്തെത്തിക്കാൻ കഴിഞ്ഞത്.

കാമുകിക്കൊപ്പം ബൈക്കിലെത്തി മാല പൊട്ടിക്കൽ

കാമുകിയുമായി ബൈക്കിൽ കറങ്ങിയുള്ള മാലപൊട്ടിക്കൽ സംഘത്തെ പൊലീസ് കുടുക്കിയത് ജ്വല്ലറികളുമായുണ്ടാക്കിയ ധാരണയിൽ. കരുനാഗപ്പള്ളി സ്വദേശി അൻവർ ഷായും കാമുകി മുണ്ടക്കയം സ്വദേശിനി ആതിരയും ബൈക്കിൽ കറങ്ങി പത്തിലേറെ മാലകൾ‍ പൊട്ടിച്ചു കടന്നിരുന്നു. രണ്ടുമാസം മുൻപ് ഭഗവതിപ്പടി പനമ്പള്ളി ജംക്‌ഷന് സമീപം സ്ത്രീയുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചു കടന്നതോടെയാണ് കുരുക്കു വീണത്.

ജില്ലയിലെയും അയൽ ജില്ലകളിലെയും ജ്വല്ലറികളിൽ പൊലീസ് സ്ക്വാഡ് എത്തി, മാല വിൽക്കാൻ വരുന്നവരെപ്പറ്റി അറിയിക്കണമെന്ന് നിർദേശിച്ചു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ കായംകുളത്തെ ഒരു ജ്വല്ലറിയിൽ ഈ സംഘം മാല വിൽക്കാൻ എത്തി. ജ്വല്ലറിക്കാർ മാല വാങ്ങാതെ അവരെ പറഞ്ഞയച്ചു. സിസിടിവിയിൽ പതിഞ്ഞ ഇവരുടെ ദൃശ്യം പൊലീസിനു കൈമാറി. തൊട്ടടുത്ത ദിവസം ഇവർ ഓച്ചിറയിലെ സ്വർണക്കടയിൽ മാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

സിസിടിവി തകർത്തിട്ടും കുടുങ്ങി

കരുവാറ്റ സഹകരണ ബാങ്കിലെ ലോക്കർ പൊളിച്ച് 5.26 കിലോഗ്രാം സ്വർണാഭരണങ്ങളും നാലരലക്ഷത്തോളം രൂപയും കവർന്ന കേസിൽ പൊലീസിന്റെ മികവുകൊണ്ടാണ് മോഷ്ടാക്കളെ പിടികൂടാനായത്. സിസിടിവി ക്യാമറകൾ നശിപ്പിച്ച ശേഷം നടന്ന കവർച്ചയിൽ തെളിവുകളെല്ലാം മോഷ്ടാക്കൾ നശിപ്പിച്ചിരുന്നു. 2020 സെപ്റ്റംബർ 2നു നടന്ന കവർച്ചയെക്കുറിച്ച്, ബാങ്കിന് ഓണ അവധിയായതിനാൽ ആരും അറിഞ്ഞിരുന്നില്ല. അഡീഷനൽ എസ്പിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് അന്വേഷിച്ചത്.

സൈബർസെല്ലിലെ 15 ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് കാട്ടാക്കട മേക്കുംകര വീട്ടിൽ ആൽബിൻ രാജ് (38) ഹരിപ്പാട്ട് എത്തിയിരുന്നതായി വിവരം ലഭിച്ചു. തുടർന്നു നടത്തിയ രഹസ്യനീക്കത്തിലൂടെ ആൽബിൻ രാജിനെ തമിഴ്നാട്ടിൽനിന്നു സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്നു രണ്ടാം പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി ഷൈബു(36), കാട്ടാക്കട സ്വദേശി ഷിബു(45) എന്നിവരും അറസ്റ്റിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com