ADVERTISEMENT

ആലപ്പുഴ ∙ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനും ആശങ്കകൾ പരിഹരിക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. കെ റെയിൽ പദ്ധതി വിശദീകരിക്കുന്നതിനു സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി നടപ്പാക്കുന്ന പദ്ധതിയെ അന്ധമായി എതിർക്കരുതെന്നും പി.പ്രസാദ് പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

സമരങ്ങളെ സർക്കാർ തള്ളിക്കളയുന്നില്ലെങ്കിലും സമരം ചെയ്യുമ്പോൾ അത് ന്യായമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎമാരുമായി ചർച്ച നടത്തി വിശദമാക്കിയപ്പോൾ സ്വാഗതം ചെയ്തവരാണ് ഇപ്പോൾ സർക്കാർ ചർച്ചയ്ക്കു തയാറായില്ലെന്നു പറയുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിലെ കെ-റെയിൽ സ്റ്റേഷൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വികസനത്തിന് കരുത്തേകുമെന്നു കെ–റെയിൽ കമ്പനി പ്രതിനിധികൾ പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്ര സുഗമമാക്കും.

കമ്പോള വിലയുടെ നാലിരട്ടി വരെ പണം നൽകി ഭൂമി ഏറ്റെടുക്കുമെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു. കെ-റെയിൽ മാനേജിങ് ഡയറക്ടർ വി.അജിത്കുമാർ പദ്ധതി വിശദീകരിച്ചു. എ.എം.ആരിഫ് എംപി, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, എച്ച്.സലാം, യു.പ്രതിഭ, ദലീമ ജോജോ, എം.എസ്.അരുൺ കുമാർ, കലക്ടർ എ.അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, തുടങ്ങിയവർ പങ്കെടുത്തു. കെ-റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി.ജയകുമാർ, ജനറൽ മാനേജർ ജി.കേശവചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ആശങ്കകളുമായി ജനപ്രതിനിധികളും നാട്ടുകാരും

കെ റെയിൽ പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ചർച്ച നടത്താതിരിക്കാൻ ചില ഉദ്യോഗസ്ഥർ അനാവശ്യമായ വാശികാണിക്കുന്നുവെന്ന് കെ റെയിൽ സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെയും കെ റെയിൽ മാനേജിങ് ഡയറക്ടർ വി.അജിത് കുമാറിന്റെയും വിശദീകരണത്തിനു ശേഷം നടന്ന ചോദ്യോത്തര വേളയിൽ പരാതിയുണ്ടായി. പദ്ധതി ബാധിക്കുന്ന നൂറനാട് പാലമേൽ ഭാഗത്ത് 4 കിലോമീറ്റർ കടന്നുപോകുമ്പോൾ 150 കുടുംബങ്ങൾ കുടിയൊഴിയേണ്ടിവരും. നന്ദികേശ പൈതൃക ഗ്രാമത്തിലുൾപ്പെടെ ഗതാഗത തടസ്സമുണ്ടാകും. അതിനാൽ അലൈൻമെന്റിൽ ഭേദഗതി വരുത്തണം.

കെ റെയിൽ സംഘം നേരിട്ട് നൂറനാട് പ്രദേശത്തു പോയി പഠനം അലൈൻമെന്റ് പരിശോധിക്കാമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ചിറമേൽ, നൂറനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അജയകുമാർ, കേരള ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ, എസ്എൻഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, ജമാൽ പള്ളാത്തുരുത്തി, രാമഭദ്രൻ, ശ്രീനിവാസൻ, നസീർ സലാം തുടങ്ങിയവർ ആവശ്യങ്ങൾ അറിയിച്ചു. ചോദ്യോത്തരവേളയിൽ പദ്ധതിയെ ആരും പൂർണമായി എതിർത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com