ADVERTISEMENT

മാവേലിക്കര∙ പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു. ഒരു വ്യക്തി രചിച്ച ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ ഒരു ദിവസം പ്രകാശനം ചെയ്തതിനുള്ള അംഗികാരമായിട്ടാണ് കാരൂർ സോമൻ ലോക റിക്കോർഡിൽ ഇടം പിടിച്ചത്. അദ്ദേഹം രചിച്ച 34 പുസ്തകങ്ങൾ കഴിഞ്ഞ മാസം  പ്രകാശനം  ചെയ്തിരുന്നു. ലോക റിക്കോർഡ് സർട്ടിഫിക്കറ്റ് മുൻ കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പിയും ഓർഫനേജ് കൺട്രോർ ബോർഡ് അംഗം ഡോ. പുനലൂർ സോമരാജൻ അംഗികാര മുദ്രയും സമ്മാനിച്ചു. ചടങ്ങിൽ ഏഷ്യൻ ജൂറി ഡോ. ജോൺസൺ . വി.ഇടിക്കുള സംബന്ധിച്ചു.

യു. ആർ.എഫ് വേൾഡ് റിക്കാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ.സൗദീപ് ചാറ്റർജി, അന്തർ ദേശീയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി), ഏഷ്യൻ ജൂറി ഡോ :ജോൺസൺ. വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് റിക്കോർഡിന് പരിഗണിച്ചത്. മാവേലിക്കര  ചാരുംമൂട് കാരൂർ സാമുവേൽ - റെയിച്ചൽ ദമ്പതികളുടെ മകനായ ദാനിയേൽ സാമുവേൽ, കാരൂർ സോമൻ എന്ന തൂലിക നാമത്തിൽ അറിയപെടുന്നു. ലണ്ടനിൽ സ്ഥിരതാമസക്കാരനാണ്. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങൾ വഴിയും " ബാലരമ "യിൽ കവിതകൾ എഴുതിയുമാണ് സാഹിത്യ രംഗത്തേക്ക് പ്രവേശിച്ചത്.

നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, ഇംഗ്ലീഷ് കഥകൾ, കഥ, ചരിത്ര കഥ, കവിത, ഗാനം, ലേഖനം, യാത്ര വിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത- സാങ്കേതിക- കായിക -ടൂറിസം രംഗത്ത് അറുപത്തി മൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയല്ലാം പേര് "ക" യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാളത്തിലും ആഗോളതലത്തിലും ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ "യുക്മ" യുടെ കലാ സാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കാരൂർ പബ്ലിക്കേഷൻസ്, കെ.പി.ആമസോൺ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ ആണ്.ഇതിനോടകം മുപ്പത്തിയെട്ട് രാജ്യങ്ങൾ സഞ്ചരിച്ചു. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങൾ ലഭിച്ചു.ഭാര്യ :ഓമന. മക്കൾ : രാജീവ്, സിമ്മി, സിബിൻ. മരുമകൾ:സോണി രാജീവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com