ADVERTISEMENT

ആലപ്പുഴ ∙ തീരദേശ പാതയിൽ‍ പാസഞ്ചർ ക്ഷാമം. എക്സ്പ്രസ് ട്രെയിനുകൾ പാഞ്ഞുപോകുന്നത് നോക്കിനിൽക്കാനേ പതിവു യാത്രക്കാരിൽ പലർക്കും കഴിയുന്നുള്ളൂ. ചെറിയ സ്റ്റേഷനുകളിൽനിന്നുള്ള യാത്രക്കാരാണ് പാസ‍ഞ്ചർ ഇല്ലാതായതോടെ കൂടുതൽ വലയുന്നത്. കിഴക്കൻ പാതയിൽ പാസഞ്ചറുകൾ ഓടുന്നുണ്ടെങ്കിലും അവിടെയുമുണ്ട് ദുരിതം.കോവിഡ് വ്യാപനം കാരണം 2020 മാർച്ചിൽ നിർത്തലാക്കിയതാണ് തീരദേശ പാതയിലെ പല പാസഞ്ചറുകളും. അന്നു മുതൽ ഈ പാതയിൽ യാത്രക്കാർ മെമുവിലും മറ്റും തിങ്ങി നിറഞ്ഞ് സഞ്ചരിക്കുന്നു. 

ഇപ്പോഴും ഒരെണ്ണം ഓടുന്നുണ്ടെങ്കിലും പലർക്കും പ്രയോജനപ്പെടാത്ത വിധമാണ് സമയക്രമം. എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് രാവിലെ 5.30ന് ഒരെണ്ണം പുറപ്പെടും. ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് 6.30ന് മറ്റൊരെണ്ണം. നിർത്തലാക്കിയ പാസഞ്ചറുകൾ എന്നു പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർക്കു പറയാൻ കഴിയുന്നില്ല. രാവിലത്തെ കായംകുളം പാസഞ്ചർ നിർത്തിയത് ഒട്ടേറെപ്പേർക്കു തിരിച്ചടിയായി.

ചെലവു കൂടി, ടിക്കറ്റുമില്ല

പാസഞ്ചറുകൾ ഇല്ലാത്തതിനാൽ യാത്രച്ചെലവ് കൂടിയതാണ് മറ്റൊരു പ്രശ്നം. മെമു, ഏറനാട് എക്സ്പ്രസ്, കണ്ണൂർ എക്സ്പ്രസ് തുടങ്ങി ചില ട്രെയിനുകളിൽ മാത്രമാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നത്. ഉയർന്ന നിരക്കുള്ള മറ്റ് എക്സ്പ്രസുകളിൽ ടിക്കറ്റ് കിട്ടാനും പ്രയാസമാണ്. മുൻകൂർ ടിക്കറ്റില്ലെങ്കിൽ വലിയ തുക പിഴ നൽകണം.

കാഴ്ചക്കാരായി ചെറു സ്റ്റേഷനുകൾ

പാസഞ്ചറുകൾ ഓടാത്തതിനാൽ ചെറിയ സ്റ്റേഷനുകളിൽ ആളൊഴിഞ്ഞു.  തീരദേശ മേഖലയിൽ പലയിടത്തും ബസ് സൗകര്യം കുറവായതിനാൽ ഏറെപ്പേരും പാസഞ്ചറുകളെയാണ് ആശ്രയിച്ചിരുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതും നേട്ടമായിരുന്നു. ഇപ്പോൾ ഓട്ടോറിക്ഷയിലും ബസിലും സഞ്ചരിക്കണം. ചെലവും കൂടി.കരുവാറ്റ, തുമ്പോളി, മാരാരിക്കുളം, കലവൂർ തുടങ്ങിയ ചെറിയ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്നവരെല്ലാം വെട്ടിലായി. കൊച്ചിയിലും മറ്റും ജോലിക്കു പോയിരുന്ന പലരും ട്രെയിൻ സൗകര്യമില്ലാത്തതിനാൽ മറ്റു തൊഴിലുകളിലേക്കു മാറി.

കായംകുളത്ത് നിന്ന് കോട്ടയം റൂട്ടിലേക്കും ആലപ്പുഴ റൂട്ടിലേക്കും 4 പാസഞ്ചറുകൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ ഓടുന്നത്. ഇതിൽ നാഗർകോവിൽ – കോട്ടയം പാസഞ്ചർ പലപ്പോഴും റദ്ദാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. തിരുവനന്തപുരത്ത് വൈകിട്ട് 3ന് എത്തുന്ന വണ്ടി ഒട്ടേറെപ്പേർക്ക് ഉപകാരമാണ്. ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇതു റദ്ദാക്കുന്നെന്നാണ് യാത്രക്കാർ പറയുന്നത്. 

പലപ്പോഴും ട്രെയിൻ എത്തുന്ന സമയമാകുമ്പോഴാണ് അറിയിപ്പ് വരുന്നത്.കായംകുളത്ത് നിന്ന് രാവിലെ 8.30 ന് ആലപ്പുഴ വഴി എറണാകുളത്തിനുള്ള പാസഞ്ചർ റദ്ദാക്കിയിരിക്കുകയാണ്. ഇതിന് ഒട്ടേറെ സ്ഥിരം യാത്രക്കാരുണ്ട്. കൊല്ലത്ത് നിന്നു കോട്ടയം വഴി എറണാകുളത്തിനുള്ള മെമുവും റദ്ദാക്കി. രാവിലെ കൊല്ലത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കും തിരിച്ച് വൈകിട്ട് എറണാകുളത്ത് നിന്ന് കൊല്ലത്തേക്കും പോകുന്ന മെമു മാത്രമാണ് ഇപ്പോൾ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഏക ട്രെയിൻ.

കിഴക്കൻ പാതയിൽ

‘‘ജോലിസമയത്തെക്കാൾ കൂടുതൽ യാത്രയ്ക്കായി ചെലവിടേണ്ടിവരുന്നു.  ജോലി സമയം കഴിഞ്ഞു സ്റ്റേഷനിലെത്തിയാലും ട്രെയിൻ എത്താൻ മണിക്കൂറുകളോളം കാത്തിരിക്കണം. ശബരി എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നിവ പോയിക്കഴിഞ്ഞാൽ കോട്ടയം ഭാഗത്തു നിന്നു വേണാട് എക്സ്പ്രസ് മാത്രമാണ് ആശ്രയം. മിക്ക ദിവസങ്ങളിലും ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ എത്തുക. 

വീട്ടിലെത്തുമ്പോൾ രാത്രി 10  കഴിയും. കോട്ടയത്തു നിന്ന് കോട്ടയം–കൊല്ലം പാസഞ്ചർ 5.45 ന് ഉണ്ടായിരുന്നതു നിന്നതോടെയാണ് ഈ ഗതികേട്.’’ – പതിവു യാത്രക്കാരനായ എംജി സർവകലാശാല ഉദ്യോഗസ്ഥൻ വി.ദിലീപ് പറയുന്നു.‘‘കേരള എക്സ്പ്രസ് കാലിയായ ബോഗികളുമായി പോകുമ്പോഴും സ്റ്റേഷനിൽ നിന്നു ടിക്കറ്റെടുത്തു കയറാൻ കഴിയാത്ത അവസ്ഥയാണ്. ഒരാഴ്ച മുൻപെങ്കിലും ബുക്ക് ചെയ്താലേ ടിക്കറ്റ് കിട്ടൂ’’ – മറ്റൊരു യാത്രക്കാരൻ കെ.പി.രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com