ADVERTISEMENT

കായംകുളം ∙ കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ കുറ്റവാളികൾ ഉൾപ്പെടെ ഒൻപതംഗ സംഘത്തെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടകളെ അമർച്ച ചെയ്യാൻ ആരംഭിച്ച ‘ഓപ്പറേഷൻ കാവൽ’ പദ്ധതിയുടെ ഭാഗമായാണിത്. എരുവ ഇല്ലത്ത് പുത്തൻവീട്ടിൽ (ജിജീസ് വില്ല) ആഷിഖ് (തക്കാളി ആഷിഖ് 27), എരുവ ചെറുകാവിൽ കിഴക്കതിൽ വിഠോബ ഫൈസൽ (27), ചേരാവള്ളി ഓണമ്പള്ളിൽ സമീർ (30), കരുനാഗപ്പള്ളി തൊടിയൂർ ഇടയിലെവീട്ടിൽ ഹാഷിർ (32), നൂറനാട് പാലമേൽ കുറ്റിപ്പറമ്പിൽ ഹാഷിം (32), ആലപ്പുഴ കോമളപുരം ബർണാഡ് ജംക്‌ഷൻ എട്ടുകണ്ടത്തിൽ കണ്ണൻ (മാട്ട കണ്ണൻ 30), മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂർ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മിഭവനം മനു (കുക്കു 28), കായംകുളം സെയ്ദാർ പള്ളിക്കു സമീപം വരിക്കപ്പള്ളിൽ ഷാൻ (30) എന്നിവരാണു പിടിയിലായത്.

ആലപ്പുഴ, കായംകുളം, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലെ ഒട്ടേറെ കേസുകളിൽ പ്രതികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. വിഠോബ ഫൈസൽ, തക്കാളി ആഷിഖ് എന്നിവർ ഒരു വർഷത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കി എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവുണ്ട്. ഇതു ലംഘിച്ചാണ് ഇരുവരും ജില്ലയിലെത്തി സംഘത്തിനൊപ്പം കൂടിയത്. ഇരുവർക്കുമെതിരെ കാപ്പ ലംഘിച്ചതിനു കേസെടുത്തു.

പിടിയിലായത് ആക്രമണം ആസൂത്രണം ചെയ്യുമ്പോൾ

പിടിയിലായ സംഘം കായംകുളം ഭാഗത്ത് ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നെന്നും അതിനിടയിലാണ് രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടിയതെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ദീപക്, ഷാജഹാൻ, ഫിറോസ്, സബീഷ്, രാജേന്ദ്രൻ, ബിജുരാജ്, പ്രദീപ്, സബീഷ്, റുക്സർ എന്നിവരാണ് വിവിധ സ്ഥലങ്ങളിൽനിന്ന് ഗുണ്ടകളെ പിടികൂടിയത്.

18 പേർക്ക് ജില്ലയിൽ പ്രവേശന വിലക്ക്

വിവിധ സ്റ്റേഷൻ പരിധികളിലുള്ള 18 പേർ ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കി എറണാകുളം റേഞ്ച് ഡിഐജി കാപ്പ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ ഉത്തരവു ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡിഐജി നീരജ് കുമാർ ഗുപ്തയുടെ നിർദേശപ്രകാരം കർശന നിരീക്ഷണം നടത്തുന്നുണ്ട്. ഉത്തരവു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com