ADVERTISEMENT

കോവിഡ് മറ്റൊരു തരംഗമായി പടരുന്നതിനാൽ അധികൃതർ ജനങ്ങളോടു ജാഗ്രത നിർദേശിച്ചിട്ടുണ്ട്. അതിനൊത്ത് ചികിത്സാ സംവിധാനങ്ങൾ പൂർണമായിട്ടില്ലെന്നാണ് അന്വേഷിച്ചാൽ‍ മനസ്സിലാകുന്നത്. സിഎഫ്എൽടിസികൾ സജ്ജമാകുന്നതേയുള്ളൂ. പല ആശുപത്രികളിലും വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരുമില്ല. ഉള്ളയിടങ്ങളിൽ പലർക്കും കോവിഡ് ബാധിച്ചു. പകരം നിയോഗിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. വിവിധ സ്ഥലങ്ങളിലെ സ്ഥിതി ഇങ്ങനെ.

മെഡിക്കൽ കോളജ് ആശുപത്രി

ആരോഗ്യപ്രവർത്തകരിൽ കോവിഡ് വ്യാപനം കൂടുന്നത് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഇന്നലെ 34 പേർക്കു കൂടി സ്ഥിരീകരിച്ചു. ഇതോടെ 4 ദിവസമായി 114 പേർ കോ‍വി‍‍‍ഡ് ബാധിതരായി. ഇതിൽ 7 ഡോക്ടർമാരും 14 നഴ്സുമാരും ഉൾപ്പെടും. ആകെയുള്ള 300 ഡോക്ടർമാരിൽ 32 പേരും 600 നഴ്സുമാരിൽ 70ൽ ഏറെപ്പേരും കോവി‍ഡ് ബാധിച്ചും ലക്ഷണങ്ങളോടെയും അവധിയിലാണ്.

ആശുപത്രിയിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ഒപി ടിക്കറ്റ് വിതരണം ഉച്ചയ്ക്കു 12 മണിവരെയാക്കി. സന്ദർശക പാസ് വിതരണം പൂർണമായും നിർത്തി. രോഗിയോടൊപ്പം ഒരാളെ മാത്രമേ അനുവദിക്കുന്നുള്ളൂ. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. 24 മുതൽ കാത്ത് ലാബ് പ്രവർത്തനം താൽക്കാലികമായി നിർത്തും. നിയന്ത്രണങ്ങളോടു രോഗികളും കൂട്ടിരിപ്പുകാരും സഹകരിക്കണമെന്ന് സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ അറിയിച്ചു.

ആലപ്പുഴ ജനറൽ ആശുപത്രി

കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചിട്ടുണ്ട്. ഓക്സിജൻ, വെന്റിലേറ്റർ, കിടക്കകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. കോവി‍ഡ് ബാധിതരാകുന്ന ഡോക്ടർമാരും അനുബന്ധ ജീവനക്കാരും അവധിയിൽ പോയാലും നിലവിലുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ച് പ്രവർത്തനം കാര്യക്ഷമമായി നടത്തുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. കോവിഡ് ആശുപത്രിയാണെങ്കിലും ഒപി, ഡയാലിസിസ്, കീമോതെറപ്പി, കാഷ്വൽറ്റി എന്നിവയുടെ പ്രവർത്തനത്തിനു തടസ്സമില്ല.

ചെങ്ങന്നൂർ ജില്ലാ ആശുപത്രി

30 ഡോക്ടർമാരിൽ നാലുപേർക്കു കോവിഡാണ്. 2 നഴ്സിങ് അസിസ്റ്റന്റുമാർ, ഒരു നഴ്സ്, ഒരു ഓഫിസ് ജീവനക്കാരൻ എന്നിവരും കോവിഡ് ബാധിതരായി. താലൂക്കിൽ മുളക്കുഴ സെഞ്ചുറി ആശുപത്രിയിൽ സർക്കാർ തുടങ്ങിയ കേന്ദ്രം മാത്രമാണ് കോവിഡ് ചികിത്സയ്ക്കുള്ളത്. ഇവിടെ ഇപ്പോൾ ഒമിക്രോൺ ബാധിതരെ മാത്രമാണ് ചികിത്സിക്കുന്നത്. 25 ഓക്സിജൻ കിടക്കകൾ, 3 വെന്റിലേറ്ററുകൾ എന്നിവയുണ്ട്.

കായംകുളം താലൂക്ക് ആശുപത്രി

2 ഡോക്ടർമാർ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ് ബാധിച്ചു. എങ്കിലും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥയില്ല. ഓക്സിജൻ സൗകര്യമുള്ള 40 കിടക്കകളുണ്ട്. 6 വെന്റിലേറ്ററുകളുമുണ്ട്. പുതിയ കെട്ടിടത്തിൽ മികച്ച ലബോറട്ടറി പ്രവർത്തിക്കുന്നു. പത്തിയൂരിൽ നേരത്തെ ഉണ്ടായിരുന്ന സിഎഫ്എൽടിസി പുനരാരംഭിക്കാൻ കലക്ടറുടെ അനുമതി തേടിയിട്ടുണ്ട്.

പുളിങ്കുന്ന് താലൂക്ക് ആശുപത്രി

ആകെ 14 ഡോക്ടർമാരും 19 നഴ്സുമാരുമുണ്ട്. ഒരു നഴ്സ് കോവിഡ് ബാധിതയാണ്. ഇവിടെ കോവിഡ് ചികിത്സയ്ക്ക് സംവിധാനമില്ല.

ഹരിപ്പാട് താലൂക്ക് ആശുപത്രി

22 ഡോക്ടർമാരിൽ ഒരാൾക്കു കോവിഡ് ബാധിച്ചു. 10 ഹെഡ് നഴ്സുമാരിൽ ഒരാൾക്കും ബാധിച്ചു. ഇവിടെ 18 ഓക്സിജൻ കിടക്കകളും 3 വെന്റിലേറ്ററുമുണ്ട്.

ചേർത്തല താലൂക്ക് ആശുപത്രി

ചേർത്തല താലൂക്ക് ആശുപത്രിയിൽ ആകെയുള്ള 22 ഡോക്ടർമാരിൽ രണ്ടുപേരും 40 നഴ്സുമാരിൽ രണ്ടുപേരും മറ്റ് 8 ജീവനക്കാരും കോവിഡ് ബാധിതരാണ്. ഇവിടെ കോവിഡ് ബാധിതരെ ചികിത്സിക്കാൻ അധികൃതർ അനുമതി തേടിയിട്ടുണ്ടെങ്കിലും ഡോക്ടർമാരും നഴ്സുമാരും കുറവായത് പ്രതികൂലമായി ബാധിക്കുമെന്ന സ്ഥിതിയാണ്.

മാവേലിക്കര ജില്ലാ ആശുപത്രി

28 ഡോക്ടർമാരുണ്ട്. ഇതിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്നവരാണ്. അതിനാൽ അത്യാഹിത വിഭാഗം പ്രവർത്തനത്തിനു ചെറിയ ബുദ്ധിമുട്ടുണ്ട്. ഇവിടെ മൊത്തം 6 ജീവനക്കാർ കോവിഡ് ബാധിതരാണ്. പുതുതായി തുടങ്ങിയ വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ വേണ്ടത്ര ജീവനക്കാരില്ല. ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ ഉണ്ട്. മേഖലയിൽ ഇപ്പോൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്ല.

വനിതാ – ശിശു ആശുപത്രി

6 മാസം മുൻപ് നിർത്തലാക്കിയ കോവിഡ് ചികിത്സാ സംവിധാനങ്ങൾ ഇപ്പോൾ പുനരാരംഭിക്കുന്നില്ല. ജനറൽ ആശുപത്രിയിൽ ആവശ്യത്തിനു സൗകര്യങ്ങൾ ഉള്ളതിനാൽ വനിതാ – ശിശു ആശുപത്രി പൂർണമായും വനിതകളുടെയും ശിശുക്കളുടെയും ചികിത്സയ്ക്കായി നിലനിർത്താനാണ് തീരുമാനം. ഇതിനോട് ചേർന്നുള്ള പഴയ ജില്ലാ ആശുപത്രി കെട്ടിടം ലോക്ഡൗണിന് മുൻപ് നവീകരിക്കുകയും അത്യാധുനിക മോഡുലർ തിയറ്റർ സജ്ജീകരിക്കുകയും ചെയ്തതായിരുന്നു. എന്നാൽ, ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഇവിടേക്ക് മാറ്റുകയും നവീകരിച്ച കെട്ടിടത്തിൽ സിഎഫ്എൽടിസി തുടങ്ങുകയും ചെയ്തു. ഇത് അശാസ്ത്രീയമാണെന്ന് വിമർശനം ഉയർന്നിരുന്നു.

വളവനാട് സിഎഫ്എൽടിസി

ജില്ലയിലെ തന്നെ വലിയ സിഎഫ്എൽടിസിയായ ഇവിടെ ഇന്നലെ പ്രവർത്തനം പുനരാരംഭിച്ചു. ദേശീയപാതയോരത്തുള്ള കേന്ദ്രത്തിൽ 1400 പേരെ ചികിത്സിക്കാൻ സൗകര്യമുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിട്ടുണ്ട്. മുഴുവൻ സമയവും ഡോക്ടർമാരുമുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ 2 ആംബുലൻസുകളും ക്രമീകരിച്ചു. ചികിത്സയിലുള്ളവർക്കെല്ലാം സൗജന്യമായി ഭക്ഷണം നൽകും.

1926 പേർക്കുകൂടി കോവിഡ്

ആലപ്പുഴ ∙ ജില്ലയിൽ കോവിഡ് വ്യാപനത്തോത് കുത്തനെ ഉയരുന്നു. ഇന്നലെ സ്ഥിരീകരിച്ചത് 1926 പേർക്ക്. സ്ഥിരീകരണ നിരക്ക് 34.18. ഇന്നലെ 1847 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. രണ്ടുപേർ വിദേശത്തു നിന്ന് എത്തിയതാണ്. 16 ആരോഗ്യ പ്രവർത്തകർക്ക് സ്ഥിരീകരിച്ചു. 61 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ കോവിഡ് മുക്തരായത് 437 പേർ. ചികിത്സയിലുള്ളവരുടെ എണ്ണം 7255 ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com