ADVERTISEMENT

ചെങ്ങന്നൂർ ∙ ജില്ലാ ആശുപത്രിയുടെ നിയന്ത്രണത്തിൽ സൗജന്യ ആർടിപിസിആർ പരിശോധന നിലച്ചിട്ടു 2 മാസമാകുന്നു. പരിശോധനയ്ക്കു സ്വകാര്യ ലാബുകളെ ആശ്രയിച്ചു നാട്ടുകാർ. 2021 നവംബർ 30നു  കോവിഡ് ബ്രിഗേഡിലെ ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് ആർടിപിസിആർ പരിശോധന നിലച്ചത്. ആവശ്യത്തിനു ജീവനക്കാരില്ലെന്നതിനു പുറമെ,  സ്രവപരിശോധന നടത്താൻ ഇടമില്ലാത്തതും പ്രശ്നമായി.

കെട്ടിടനിർമാണം നടക്കുന്നതിനാൽ ജില്ലാ ആശുപത്രി വളപ്പിൽ സ്രവപരിശോധന നടക്കില്ല,  താൽകാലികമായി ആശുപത്രി പ്രവർത്തിക്കുന്ന ബോയ്സ് ഹൈസ്കൂളിലും മതിയായ ഇടമില്ല. അതിനാൽ മുൻപ് ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലാണു സ്രവപരിശോധന നടത്തിയിരുന്നത്. കോളജ് തുറക്കുകയും വിദ്യാർഥികൾ എത്തിത്തുടങ്ങുകയും ചെയ്തതോടെ ഇതു നിർത്തലാക്കി. കോളജ് വളപ്പിൽ സ്രവപരിശോധനാ കിയോസ്ക്കുകൾ പൊടിപിടിച്ചു കിടപ്പുണ്ട്. മാരുതി ഓഡിറ്റോറിയത്തിലാണു ജില്ലാ ആശുപത്രിയുടെ നിയന്ത്രണത്തിൽ വാക്സിനേഷൻ നടക്കുന്നത്. ഇവിടെയും സ്രവപരിശോധന നടത്താൻ മതിയായ സൗകര്യമില്ല.

മേഖലയിലെ മറ്റു  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. പുതിയ സാഹചര്യത്തിൽ ഇതു മതിയാകില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ലാബുകളിൽ 500 രൂപയാണ് ആർടിപിസിആർ പരിശോധനയുടെ നിരക്ക്. പാണ്ടനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞയാഴ്ച 3 ദിവസം ആർടിപിസിആർ പരിശോധന നടത്തിയിരുന്നു.

ആർടിപിസിആർ പരിശോധന നടത്തണമെങ്കിൽ നഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുണ്ടാകണം. 2 ജെഎച്ച്ഐമാരിൽ ഒരാൾ മാത്രമേ ഇപ്പോൾ ജോലിയിലുള്ളൂ. സ്രവപരിശോധനയ്ക്കായി ശേഖരിക്കുന്ന സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിൽ എത്തിക്കുകയും വേണം. ഇതിനൊക്കെ മതിയായ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. പരിശോധന നടത്താൻ യോജ്യമായ സ്ഥലവും കണ്ടെത്തേണ്ടതുണ്ട്. സ്ഥലം ലഭ്യമാക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഡോ.ഗ്രേസി ഇത്താക്ക്, സൂപ്രണ്ട്, ചെങ്ങന്നൂർ ജില്ലാ ആശുപത്രി.

കണക്കുകൾ പറയുന്നത്

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് പ്രതിദിനം 250 പേരുടെ സ്രവ പരിശോധനയെങ്കിലും ജില്ലാ ആശുപത്രിയിൽ നടത്തിയിട്ടുണ്ട്. എന്നാൽ പരിശോധന നിലയ്ക്കുന്നതിനു തൊട്ടു മുൻപ് 2021 നവംബർ മാസത്തിൽ ശരാശരി കണക്ക് 25 ആയി കുറഞ്ഞിരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.  അതേസമയം നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ സ്രവ പരിശോധനയ്ക്കെത്തുന്നവരുടെ ശരാശരി കണക്ക് 70  ആണ്. പുലിയൂരിൽ വ്യാഴാഴ്ച 69 പേരുണ്ടായിരുന്നു. മുളക്കുഴയിൽ കഴിഞ്ഞ ദിവസം 80 പേർ പരിശോധനയ്ക്കെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com