ADVERTISEMENT

ആലപ്പുഴ ∙ ഉദ്ഘാടനം നടത്തി  ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപേ ബൈപാസിൽ പൊലിഞ്ഞത് 9 ജീവനുകൾ. അമിത വേഗം നിയന്ത്രിക്കാൻ നടപടിയെടുക്കാത്തതുമൂലമാണ് രാത്രികാലങ്ങളിൽ  അടിക്കടി അപകടം ഉണ്ടാകുന്നത്. ഇതിനിടെ ഇരുപതിലധികം അപകടങ്ങളുണ്ടായി. പരുക്കേറ്റവർ നാൽപ്പതോളം. ചെറിയ അപകടങ്ങൾ കണക്കിൽപ്പെടുന്നില്ല. കഴിഞ്ഞ ദിവസം  ബൈപാസിൽ ഇരവുകാട് ഭാഗത്ത് പിതൃസഹോദരനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് മരിച്ച ദയ (12)യുടേതാണ് ഏറ്റവും ഒടുവിലത്തെ മരണം.

ഇതിനു 3 ദിവസം മുൻപാണ് രാത്രി 11.30നു  പഴവീട് മാപ്പിളശേരിയിൽ ജോ എബ്രഹാം (25) കാറപകടത്തിൽ മരിച്ചത്. വീട്ടിലേക്കു കാറിൽ പോകുമ്പോൾ കവചിത മിനിലോറി ഇടിച്ചായിരുന്നു അപകടം.  അമിത വേഗമാണ് അപകടങ്ങൾക്ക് കാരണമെന്നു പൊലീസ് പറയുന്നു. വേഗനിയന്ത്രണത്തിനു ബൈപാസിൽ  സംവിധാനമില്ലാത്തതു അപകട കാരണമാകുന്നു. ബൈപാസ് ഉദ്ഘാടന ദിവസം തന്നെ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 6 പേർക്ക് പരുക്കേറ്റിരുന്നു.

പിറ്റേന്ന് പുലർച്ചെ തടി കയറ്റി വന്ന ലോറി ഇടിച്ച് കൊമ്മാടിയിലെ ടോൾ പ്ലാസയിലെ ബൂത്ത് തകർന്നു. കഴിഞ്ഞ മാർച്ച് 29ന് ആണ് സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി നീർക്കുന്നം സ്വദേശി ജി. സുധീഷ് (48) ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത്. ഓഗസ്റ്റ്  31നു രാവിലെ കാഞ്ഞിരംചിറ ലെവൽക്രോസിനു മുകളിൽ  കാറുകൾ കൂട്ടിയിടിച്ച്  മരട് സ്വദേശി സുനിൽകുമാർ (40), ചെല്ലാനം സ്വദേശി ബാബു (40) എന്നിവർ മരിച്ചു.

കഴിഞ്ഞ നവംബർ 15നു വൈകിട്ട് കൊമ്മാടി സിഗ്നലിനു സമീപം മിനി ലോറി ഇടിച്ച് മംഗലം പനയ്ക്കൽ മേഴ്സി നെൽസൺ (50) മരിച്ചു. ഡിസംബർ 2ന് പുലർച്ചെ 4ന് കാഞ്ഞിരംചിറ ലവൽക്രോസിനു സമീപത്തെ മേൽപാലത്തിൽ ലോറികൾ കൂട്ടിയിടിച്ച്  5 പേർക്ക് പരുക്കേറ്റു.   അപകടങ്ങൾ നിത്യ സംഭവമാകുമ്പോഴും കാര്യമായ നിയന്ത്രണ സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ് 

7 റോഡുകൾ സംഗമിക്കുന്നിടം

ബൈപാസിലെ 6.8 കിലോമീറ്റർ ദൂരം അമിത വേഗത്തിലാണ് കാറുകളുൾപ്പെടെ പാഞ്ഞു പോകുന്നത്. മേൽപാലത്തിൽ മാളികമുക്ക് വളവിന്റെ ഭാഗം പലപ്പോഴും അപകടക്കെണിയാവുന്നു. കളർകോട് ചങ്ങനാശേരി ജംക്‌ഷനിൽ നിന്നു ബൈപാസിലേക്കു പ്രവേശിക്കുന്ന ഇരവുകാട് ഭാഗത്തെ റോഡും അപകട മുക്തമല്ല. ഇവിടെയാണ് കഴിഞ്ഞദിവസം അപകടമുണ്ടായത് സർവീസ് റോഡുകളുൾപ്പെടെ ഇവിടെ 7 റോഡുകളാണ് സംഗമിക്കുന്നത്.

ഇവിടെ ആവശ്യത്തിനു മുന്നറിയിപ്പ് സൂചികകൾ ഇല്ലാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു.  കാറുകൾക്ക് 70 കിലോമീറ്റർ വരെയാണ് വേഗം അനുവദിച്ചിട്ടുളളത്. വലിയ വാഹനങ്ങൾക്കും ബൈക്കുകൾക്കും പരമാവധി 60 കിലോമീറ്ററും. എന്നാൽ 80–90 കിലോമീറ്റർ വേഗത്തിലാണ് പായുന്നത്. നിരീക്ഷണ ക്യാമറയില്ലാത്തതും അപകടം പെരുകാൻ കാരണമാണ്.

സ്ഥിരമായി ആംബുലൻസ് ഇല്ല 

ബൈപാസിൽ 24 മണിക്കൂറും അപകടമുണ്ടായാൽ അടിയന്തര രക്ഷാ സംവിധാനങ്ങളായ ആംബുലൻസും ക്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും കരാറുകാരുടെ ഉത്തരവാദിത്തത്തിൽ ഉറപ്പാക്കുമെന്ന് ഉദ്ഘാടനത്തിനു മുൻപു തന്നെ ദേശീയപാത വിഭാഗം അറിയിച്ചിരുന്നു. എന്നാൽ, ‌ഒരു വർഷത്തിനിടെയുണ്ടായ ഒരു അപകടത്തിൽപ്പോലും  അപകടത്തിൽപ്പെട്ടവരെ കരാറുകാരുടെ ഉത്തരവാദിത്തത്തിൽ രക്ഷിക്കാൻ സംവിധാനമുണ്ടായില്ല. ഇപ്പോഴും ബൈപാസിൽ ഒരിടത്തുപോലും സ്ഥിരം ആംബുലൻസ് സൗകര്യമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com