വ്യായാമത്തിനല്ലാതെ ഓടുന്നവർ, ചെറിയ ദൂരത്തിനും കൂടിയ നിരക്ക്; അത്ര കൂളല്ല സ്കൂൾയാത്ര

സ്കൂൾ വിട്ടതിനു ശേഷം ബസിൽ കയറുന്ന കുട്ടികൾ. ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം .  ചിത്രം : മനോരമ.
സ്കൂൾ വിട്ടതിനു ശേഷം ബസിൽ കയറുന്ന കുട്ടികൾ. ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം . ചിത്രം : മനോരമ.
SHARE

വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങിയ കുട്ടികൾ ഇരട്ടി ദുരിതം സഹിച്ചാണ്  യാത്ര ചെയ്യുന്നത്. പരീക്ഷയടുത്തു. സമയത്ത് സ്കൂളിലെത്താൻ ബസ് കുറവ്. സൗജന്യ നിരക്ക് അനുവദിക്കാൻ പല ബസുകാർക്കും പ്രയാസം. കുട്ടികളെ കണ്ടാൽ നിർത്താതെ പോകുന്ന ബസുകൾ. ഇടമുണ്ടായാലും കുറച്ചു കുട്ടികളെ മാത്രം കയറ്റുന്നവ. പ്രശ്നങ്ങൾ ഏറെയുണ്ട്. സ്കൂൾ അധികൃതർ പരാതി നൽകുന്നുണ്ടെങ്കിലും പരിഹരിക്കേണ്ടവർ‍ക്ക് അതത്ര വലിയ പ്രശ്നമായി തോന്നുന്നില്ല.

വ്യായാമത്തിനല്ലാതെ ഓടുന്നവർ

‘പുലർച്ചെ നടത്തവും ഓട്ടവുമൊക്കെ നല്ല വ്യായാമമാണെങ്കിലും സമയത്ത് ക്ലാസിലെത്തുമോ എന്ന ആശങ്കയുമായി രണ്ടര കിലോമീറ്ററോളം ഓടുന്നത് അത്ര ആരോഗ്യകരമല്ല’ – അരൂക്കുറ്റി കാട്ടുപുറം സ്വദേശിനിയായ വിദ്യാർഥിനി പറഞ്ഞു.ചേർത്തലയിലെ  കോളജ് വിദ്യാർഥിനി  രാവിലെയും വൈകിട്ടും രണ്ടര കിലോമീറ്ററിലേറെ നടന്നും ഓടിയുമാണ് പെരുമ്പളം ജംക്‌ഷനിലെത്തി ബസ് പിടിക്കുന്നത്. ഇത് ഒരു പ്രദേശത്തെ മുഴുവൻ വിദ്യാർഥികളുടെയും പ്രശ്നമാണ്.

ചെറിയ ദൂരത്തിനും കൂടിയ നിരക്ക്

കായംകുളം–ചെങ്ങന്നൂർ റൂട്ടിലെ ചില സ്വകാര്യ ബസുകളിൽ വ്യത്യസ്ത ദൂരത്തിന് ഒരേ കൺസഷൻ നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്. 25 കിലോമീറ്റർ അകലെ കായംകുളത്തു നിന്നു ചെങ്ങന്നൂരിലേക്കു ബസിൽ കയറുന്ന വിദ്യാർഥികളിൽ നിന്നു 15 രൂപ ഈടാക്കുമ്പോൾ 15 കിലോമീറ്റർ അകലെയുള്ള മാവേലിക്കരയ്ക്കും 15 രൂപ തന്നെ വാങ്ങുന്നതായി ചെങ്ങന്നൂരിലെ കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിനി പരാതിപ്പെടുന്നു. ചോദ്യം ചെയ്താലും ഫലമില്ലാത്ത സ്ഥിതിയാണ്. 8 രൂപ നൽകേണ്ട സ്ഥാനത്തു 15 രൂപ നൽകി യാത്ര ചെയ്യുകയാണിവർ.

കുട്ടികൾക്ക് ഇടമില്ല

‘ഞങ്ങൾ സ്റ്റോപ്പിൽ നിന്ന് കൈ കാണിച്ചാലും ചില ബസുകൾ നിർത്താറില്ല. നിർത്തുന്ന ബസുകളിൽ സ്ഥലമുണ്ടായാലും മുഴുവൻ കുട്ടികളെയും കയറ്റാറില്ല. സ്കൂളിൽ മിക്കപ്പോഴും വൈകിയാണ് എത്തുന്നത്. തിരികെ പോകുമ്പോഴും ഇതു തന്നെ അവസ്ഥ. വീട്ടിൽ ചെല്ലുമ്പോഴേക്കും ഇരുട്ടും’ – ആലപ്പുഴ മുഹമ്മദൻസ് ബോയ്സ് എച്ച്എസ്എസിലെ കുട്ടികൾ പറയുന്നു. കുട്ടികളുടെ പരാതി സ്കൂൾ പ്രിൻസിപ്പൽ മോട്ടർ വാഹന വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

രേഖാ മൂലമോ ഫോണിലോ ഇതേപ്പറ്റി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ ഏത് സ്ഥലത്താണോ അവിടെയെത്തി വിദ്യാർഥികളെ ബസിൽ കയറ്റി വിടുമെന്നും നോർത്ത്, സൗത്ത് പൊലീസ് ഇൻസ്പെക്ടർമാർ പറഞ്ഞു. വിദ്യാർഥികൾ സഞ്ചരിക്കുന്ന സമയങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ 2 പൊലീസുകാർ വീതം നിരീക്ഷണത്തിനുണ്ടെന്നും പറഞ്ഞു.

സമയത്ത് ബസ് ഇല്ല

സ്കൂളിലും കോളജിലും സമയത്ത് എത്താനും മടങ്ങാനും പലയിടത്തും ബസ് ഇല്ല. ‘കായംകുളം–കറ്റാനം–മാവേലിക്കര റൂട്ടിൽ പല ബസുകളുടെയും സമയം മാറ്റിയതു പ്രശ്നമാണ്. ചെങ്ങന്നൂരിൽ നിന്നു കോളജ് വിട്ടു വൈകിട്ടു 4ന് മാവേലിക്കരയിൽ ചെന്നാലും 5.45 ന് മാത്രമേ കറ്റാനം–കായംകുളം ഭാഗത്തേക്കു ബസ് ഉള്ളൂ’ – ചെങ്ങന്നൂരിലെ കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥി  പറയുന്നു. സമയത്തു ബസ് കിട്ടാത്തതിനാൽ ചാരുംമൂട്ടിൽ നിന്നു കൊല്ലം–ചെങ്ങന്നൂർ കെഎസ്ആർടിസി ബസിൽ കയറുകയാണു പല വിദ്യാർഥികളും. ഈ റൂട്ടിൽ കൺസഷൻ ലഭിക്കാത്തിനാൽ  ഫുൾ ടിക്കറ്റ് നിരക്കായ 26 രൂപ നൽകി യാത്ര ചെയ്യണം.

കുട്ടികളെ കണ്ടാൽ മാറുന്ന സ്റ്റോപ്പ്

കുട്ടികളെ കണ്ടാൽ നിർത്താതെ പോകുന്ന ബസുകൾ അൽപ ദൂരം മാറ്റിനിർത്തി മറ്റു യാത്രക്കാരെ ഇറക്കും. കുട്ടികൾ പിന്നാലെ ഓടുമ്പോഴേക്കും ബസ് വിടും. ഇത് അപകടങ്ങൾക്കു വഴിവച്ചേക്കാമെന്നാണ് കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ഭയം. ചേർത്തല പതിനൊന്നാം മൈൽ ജംക്‌ഷനിൽ ഈ കാഴ്ച പതിവാണ്. സെന്റ് മൈക്കിൾസ് കോളജിലെയും എസ്എൻ കോളജിലെയും വിദ്യാർഥികൾ ഇവിടെയെത്തിയാണ് യാത്ര ചെയ്യുന്നത്. മുഹമ്മ റൂട്ടിലോടുന്ന ബസുകളിൽ പോകേണ്ടവർ ഏറെയുണ്ട്. പക്ഷേ, നിർത്താത്ത ബസുകളുടെ പിന്നാലെ ഓടുകയാണ് അവർ. 

പല വിദ്യാർഥികളും ഒരു കിലോമീറ്റർ കിഴക്കുള്ള ഭജനമഠം ജംക്‌ഷനിലോ വടക്ക് മതിലകം ആശുപത്രി ജംക്‌ഷനിലോ എത്തി കാത്തുനിൽക്കുന്നു. ഇൗ സ്റ്റോപ്പുകളിൽ മറ്റു യാത്രക്കാർ ഇറങ്ങുമ്പോൾ കയറിപ്പറ്റുകയേ രക്ഷയുള്ളൂ.മുഹമ്മ – കുമരകം റൂട്ടിലെ ബോട്ടുകൾ കൂടെക്കൂടെ മുടങ്ങുന്നതിനാൽ പലപ്പോഴും കോട്ടയം, ചേർത്തല പ്രദേശങ്ങളിലെ കോളജുകളിലെ വിദ്യാർഥികൾ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് തണ്ണീർമുക്കം ബണ്ട് വഴി യാത്ര ചെയ്യണം. 2 ബോട്ടുകൾ സർവീസ് നടത്തുന്ന കുമരകം റൂട്ടിൽ പലപ്പോഴും ഒരു ബോട്ട് മുടങ്ങുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ ഒന്നര മണിക്കൂർ കാത്തുനിന്നാലേ ബോട്ട് കിട്ടൂ.

യൂണിഫോം ഇല്ലെങ്കിൽ കൺസഷൻ ഇല്ല

യൂണിഫോം ആവശ്യമില്ലാത്ത ബുധൻ, ശനി ദിവസങ്ങളിൽ ചില സ്വകാര്യ ബസുകാർ കൺസഷൻ അനുവദിക്കാറില്ല. ആലപ്പുഴ–ചേർത്തല തീരദേശ റൂട്ടിലോടുന്ന സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾ ഇതു കാരണം ഏറെ ബുദ്ധിമുട്ടുന്നു. ഇതുവഴി സ്വകാര്യ ബസുകൾ മാത്രമാണുള്ളത്. എല്ലാ ദിവസവും ക്ലാസ് ഇല്ലാത്തതിനാൽ പല കുട്ടികളും ഒന്നുരണ്ടു ജോഡി യൂണിഫോം മാത്രമാണ് തയ്പിച്ചത്.

സ്കൂളിന്റെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ രേഖകൾ കാണിച്ചാലും സ്വകാര്യ ബസുകാർ മുഴുവൻ ടിക്കറ്റ് നിരക്കും വാങ്ങുന്നെന്നാണ് പരാതി. രാവിലെ കുട്ടികൾ കൂടുതലുള്ള സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നില്ലെന്നതാണ് മറ്റൊരു ചതി. ബസുകൾ കുറവായ തീരദേശത്തെ കുട്ടികൾ സമയത്ത് സ്കൂളിലെത്താൻ പാടുപെടുകയാണ്. പൊള്ളേത്തൈ, കാട്ടൂർ, ഓമനപ്പുഴ തുടങ്ങിയ സ്റ്റോപ്പുകളിലാണ് പലപ്പോഴും ബസ് നിർത്താതെ പോകുന്നത്.

നീണ്ട ഇടവേളകൾ

എടത്വ – വീയപുരം റൂട്ടിൽ 4 മണിക്കുള്ള ബസ് പോയാൽ അടുത്തത് 4.50ന്. നാലു മണിയുടെ ബസ് മിക്ക വിദ്യാർഥികൾക്കും കിട്ടില്ല. അടുത്തത് എത്തുമ്പോൾ കുട്ടികളുടെ തിക്കിത്തിരക്കാകും. അതിൽ കയറാൻ പറ്റിയില്ലെങ്കിൽ പിന്നെ കിലോമീറ്ററുകൾ നടക്കേണ്ടിവരും. തിരുവല്ല – എടത്വ – അമ്പലപ്പുഴ റൂട്ടിലും ഇതാണ് അവസ്ഥ. ബസ് കിട്ടാതെ പരീക്ഷയ്ക്കു പോലും എത്താൻ കഴിയാത്ത അനുഭവമാണ് എടത്വ കോളജിലെ വിദ്യാർഥി പറഞ്ഞത്. 9 മണിക്ക് കോളജിലെത്താൻ വീയപുരത്ത് 8 മണി മുതൽ കാത്തുനിന്നാലും ഫലമില്ലാതെ വിഷമിക്കുന്ന വിദ്യാർഥികളുണ്ട്. 

കുട്ടികളെ പരിഗണിക്കുന്നവരുമുണ്ട്

എല്ലാ ബസുകാരും അങ്ങനെയല്ല. ചിലർ സ്റ്റോപ്പിൽ നിർത്തും – മാവേലിക്കര നഗരത്തിലെ സ്കൂൾ വിദ്യാർഥികൾ പറയുന്നു. കൺസൻഷൻ സംബന്ധിച്ച പരാതികൾ ഉണ്ടായപ്പോൾ ഒരു മാസം മുൻപ് മോട്ടർ വാഹന വകുപ്പ് മാവേലിക്കരയിൽ പരിശോധന നടത്തി സ്വകാര്യ ബസ് ജീവനക്കാർക്കു മുന്നറിയിപ്പ് നൽകിയിരുന്നു.

സ്കൂളുകൾ പൂർണമായി തുറന്നതോടെ പരിശോധന കർശനമാക്കുമെന്നു ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ അറിയിച്ചു.മാവേലിക്കര–ചെങ്ങന്നൂർ, മാവേലിക്കര–കറ്റാനം റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഏറെയില്ലാത്തതിനാൽ വിദ്യാർഥികൾ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, സ്കൂളുകളുടെയും കോളജുകളുടെയും സമയം അനുസരിച്ചു ബസ് സർവീസ് ഇല്ലെന്നത് വലിയ പ്രശ്നമാണ്.

ദുർഘടം കുട്ടനാട്

എസി റോഡ് നവീകരണത്തിനായി ഗതാഗത നിയന്ത്രണം തുടങ്ങിയതിന്റെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് കുട്ടനാട്ടിലെ വിദ്യാർഥികളാണ്. പൂപ്പള്ളി–ചമ്പക്കുളം, മങ്കൊമ്പ്–ചമ്പക്കുളം റൂട്ടുകളിലാണ് ഏറ്റവും വലിയ ക്ലേശം. മങ്കൊമ്പ് പാലം പൊളിച്ചതോടെ ചങ്ങനാശേരിയിൽ നിന്നു മങ്കൊമ്പ് വഴിയും പൂപ്പള്ളി വഴിയുമുള്ള ബസ് സർവീസുകൾ നിർത്തിയതും അവരെ കഷ്ടപ്പെടുത്തുന്നു. ആലപ്പുഴയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകളാണ് കുറച്ചെങ്കിലും ആശ്വാസം. പക്ഷേ, അവയും പലപ്പോഴും കൃത്യസമയം പാലിക്കുന്നില്ല. ചിലപ്പോൾ സർവീസ് തന്നെ റദ്ദാക്കുന്നു.

നെടുമുടി കൊട്ടാരം നായർ സമാജം എച്ച്എസ്എസിലെ വിദ്യാർഥി പറയുന്നു: ‘‘മങ്കൊമ്പിൽ നിന്നു രാവിലെ എട്ടരയ്ക്ക് ആലപ്പുഴ ബസിൽ കയറി പൂപ്പള്ളിയിൽ ഇറങ്ങി അവിടെ നിന്നു സ്കൂളിലേക്ക് നടക്കണം .9 മണിക്കു ക്ലാസു തുടങ്ങുന്നതിനാൽ പലപ്പോഴും നടക്കുകയല്ല, ഓടുകയാണ്. വൈകിട്ട് തിരിച്ചുള്ള യാത്രയും ഇങ്ങനെതന്നെ. സ്കൂൾ സമയങ്ങളിൽ മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി റൂട്ടിൽ സർക്കുലർ സർവീസ് നടത്തിയാൽ ഞങ്ങൾക്ക് ആശ്വാസമാകും.’’

പ്രശ്നമില്ലെന്ന് സ്വകാര്യ ബസുകാർ

സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ലെന്നും കൺസഷൻ അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യനും സെക്രട്ടറി എസ്.എം.നാസറും പറഞ്ഞു. പരാതിയുണ്ടായപ്പോൾ പൊലീസ് ഇടപെട്ട് ബസ് ഉടമകളുമായി ചർച്ച നടത്തി പരിഹരിച്ചിരുന്നു. മിക്ക സ്കൂൾഅധികൃതരുമായും സഹകരിക്കുന്നുമുണ്ട്.

ബസുകൾ എത്തുന്നതനുസരിച്ച് കുട്ടികളെ കയറ്റാൻ അവർ ഇടപെടുന്നു. എന്നാൽ, ചില സ്കൂൾ അധികൃതർ ഇടപെടാതെ എല്ലാം പൊലീസിന്റെയും ബസ് ഉടമകളുടെയും ചുമതലയാക്കി പരാതി പറയുക മാത്രം ചെയ്യുന്നു.ഇപ്പോൾ  യാത്രക്കാർ കുറവായതിനാൽ പരമാവധി കുട്ടികളെ കയറ്റിയാണ് ബസുകൾ നഷ്ടം കുറയ്ക്കുന്നതെന്നും അവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA