ADVERTISEMENT

ചാരുംമൂട് ∙ ചുവർ ചിത്രങ്ങളിലൂടെ മ്യൂറൽ ആർട്ടിൽ നൂതന തരംഗങ്ങൾ സൃഷ്ടിക്കുകയാണ് ചാരുംമൂട് പേരൂർ കാരാഴ്മ അശ്വതിയിൽ സൂരജ് രാജേന്ദ്രൻ. മഹാരാഷ്ട്ര നാസിക്കിലെ നഴ്സിങ് കോളജ് പ്രിൻസിപ്പൽ ജോലി ഉപേക്ഷിച്ചാണ് സൂരജ് ചിത്ര രചനയ്ക്കായി ഇറങ്ങിയത്. ധ്യാന ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതൽ ചുവർ ചിത്രങ്ങളും സൂരജ് വരയ്ക്കുന്നത്. പ്രാചീന ചുവർ ചിത്രരചനയിൽ ഭാവ വ്യത്യാസങ്ങൾ കണ്ടെത്തി അതു ക്യാൻവാസിൽ പകർത്തുന്നതാണു സൂരജിന്റെ പ്രത്യേകത.

പൂർണമായ ത്രിപുര സുന്ദരി ദേവീസദസ് സൂരജ് വരച്ചിട്ടുണ്ട്. ദൃഷ്ടി ഗണപതി, രാധാമാധവം, പത്മാസനഗണം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കേരള മ്യൂറൽ പെയിന്റിങ് ക്യാൻവാസിൽ ഇതിനകം വരച്ചിട്ടുണ്ട്. ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയ സൂരജ് ചാരുംമൂട്ടിലെ തന്റെ വീടിന്റെ ഒരു ഭാഗം മുഴുവൻ ആർട്ട് ഗ്യാലറിയാക്കി. പ്രശസ്ത ചുവർ ചിത്രകാരനായ മമ്മീയൂർ‌ കൃഷ്ണൻകുട്ടി നായരുടെ ശിഷ്യനായ രാജേന്ദ്രൻ വാഗേലിന്റെ ശിഷ്യണത്തിൽ കൂടുതൽ പഠനവും ചിത്രരചനയിൽ നടത്തുന്നുണ്ട്.

ചിത്രകാരനും ശിൽപിയുമായ ചുനക്കര കെ.ആർ.രാജന്റെ കീഴിലാണു സ്കൂൾ വിദ്യാർഥി ആയിരിക്കെ സൂരജ് ചിത്രരചന അഭ്യസിച്ചത്. കേരളത്തിലും വിദേശ രാജ്യങ്ങളിലേക്കും സൂരജിന്റെ ചിത്രങ്ങൾ എത്തുന്നുണ്ട്. ഇപ്പോൾ ബൈബിളിനെ അടിസ്ഥാനമാക്കി മ്യൂറൽ ചെയ്യുന്ന ജോലിയിലാണ്. 35ഓളം വിദ്യാർഥികൾ സൂരജിന്റെയടുത്തു മ്യൂറൽ പഠിക്കുന്നുണ്ട്. പല പ്രദേശങ്ങളിൽ നിന്നു സൂരജിന്റെ ചുവർ ചിത്രങ്ങൾ കാണാനായി ഒട്ടേറെയാളുകൾ എത്തുന്നു. അശ്വതിയിൽ രാജേന്ദ്രൻ – സുധ ദമ്പതികളുടെ മകനാണ് സൂരജ്. ഭാര്യ വന്ദന മുംബൈയിൽ നഴ്സാണ്. ആരുഷ് (7), ആർണവ് (4) എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com