ADVERTISEMENT

അമ്പലപ്പുഴ∙ വണ്ടാനം മുക്കയിൽ ജംക്‌ഷനു സമീപം പൊതുസ്ഥലത്ത് എഐവൈഎഫ് നിർമിച്ച കോൺക്രീറ്റ് സ്തൂപം സിപിഎം ഭരിക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പൊലീസിന്റെ സഹായത്തോടെ പൊളിച്ചു നീക്കി. പൊളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കൊടിമരവും ഒടിഞ്ഞുവീണു. എഐവൈഎഫ് അമ്പലപ്പുഴ വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 3 ദിവസമായി സ്ഥലത്ത് സ്തൂപ നിർമാണം നടക്കുകയാണ്. ഇതിനിടെ പൊതുസ്ഥലത്തെ നിർമാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തു സെക്രട്ടറി എഐവൈഎഫ് മണ്ഡലം സെക്രട്ടറി എസ്. ഷിഹാബിനു നോട്ടിസ് നൽകി. 

അന്ന് പണി നിർത്തിവച്ചെങ്കിലും പിറ്റേന്ന് നോട്ടിസ് അവഗണിച്ച് നിർമാണം തുടർന്നു. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് യോഗം സ്തൂപം പൊളിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തുടർന്ന് സെക്രട്ടറി പുന്നപ്ര പൊലീസിന്റെ സഹായത്തോടെ നിർമാണം നടത്തിയ സ്തൂപം പൊളിച്ചു നീക്കുകയായിരുന്നു. എന്നാൽ, സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുക്കയിൽ ജംക്‌ഷനു സമീപം പുതിയ കൊടി ഉയർത്തി.പഞ്ചായത്തിൽ നേരത്തെതന്നെ സിപിഎം– സിപിഐ ഭിന്നത നിലനിൽക്കുന്നുണ്ട്. 

പൊതു സ്ഥലം കയ്യേറി സ്തൂപം നിർമിക്കുന്നതിനെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചു നീക്കിയതെന്നു പഞ്ചായത്ത് പ്രസിഡന്റും സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവുമായ എസ്. ഹാരിസ് പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം പൊതു സ്ഥലം കയ്യേറി സ്തൂപവും കൊടിമരവും നിർമിച്ചിട്ടുണ്ടെന്നു സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ പറഞ്ഞു. കരുമാടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സ്ഥലം കയ്യേറി കെട്ടിടം നിർമിച്ചത് അടക്കമുള്ള വിഷയങ്ങൾ അടുത്ത ദിവസം അവരുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com