ADVERTISEMENT

ആലപ്പുഴ ∙ മഴക്കാലം അടുത്തെത്തി. കാലാവസ്ഥ പ്രവചനമനുസരിച്ച് ഇത്തവണ കാലവർഷം നേരത്തെ തുടങ്ങും. മഴ തുടങ്ങിക്കഴിഞ്ഞുള്ള സ്ഥിതി ഏതു പ്രവചനത്തെയും തെറ്റിക്കുമെന്ന് 4 വർഷം മുൻപുണ്ടായ പ്രളയം പഠിപ്പിച്ചതാണ്. ഇനിയൊരു പ്രളയുണ്ടായാൽ എന്തൊക്കെ കരുതൽ വേണമെന്ന പാഠവും അന്നു കിട്ടി. പക്ഷേ, അതനുസരിച്ചുള്ള പ്രതിരോധം നമുക്കുണ്ടോ? ദുരന്തനിവാരണ നടപടികൾ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. വെള്ളത്തിന്റെ വെല്ലുവിളികളുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സ്ഥിതി എന്താണ്?

ദുരന്തനിവാരണ വിഭാഗം യോഗം 19ന്

പ്രളയ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ജില്ലാതല യോഗം 19ന് ചേരും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.പ്രസാദ് ഓൺലൈനായി പങ്കെടുക്കും. പ്രതിരോധ നടപടികൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പുരോഗതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ആശ സി.ഏബ്രഹാം പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ ഡ്രജിങ്ങും ചെളി നീക്കലും സംബന്ധിച്ച് മേജർ ഇറിഗേഷൻ വിഭാഗത്തിന്റെ റിപ്പോർട്ട് ജില്ലാ അധികൃതർ ചോദിച്ചിട്ടുണ്ട്. ഇതും 19ലെ യോഗത്തിൽ ചർച്ച ചെയ്യും.

തോടുകളിലെയും മറ്റും ചെളി നീക്കുന്ന ജോലികൾ പ്രാദേശികമായി ചെയ്യണമെന്നു തദ്ദേശ ഭരണ സ്ഥാപനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. ഇതിന് തനതു ഫണ്ട് ഉപയോഗിക്കണം. നഗരസഭാ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാൻ അതത് വകുപ്പുകളുടെ ഫണ്ട് ഉപയോഗിക്കണം. പണം തികയാതെ വന്നാൽ സർക്കാർ ചെറിയ സഹായം നൽകും.

ഒരുക്കങ്ങൾ

∙ അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി ഫിഷറീസ് വള്ളങ്ങൾ ക്രമീകരിച്ചു.
∙ അഗ്നിരക്ഷാ സേനയും സജ്ജമാണ്.
∙ മാരാരിക്കുളത്തെയും ചെറുതനയിലെയും സൈക്ലോൺ ഷെൽട്ടറുകളിലെ സൗകര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

തണ്ണീർമുക്കം ബണ്ട്: 30ഷട്ടറുകൾകൂടി തുറന്നു

തണ്ണീർമുക്കം ബണ്ടിൽ ഷട്ടർ ഉയർത്തുന്ന ജോലികൾ തുടരുന്നു. ഇന്നലെ 30 ഷട്ടറുകൾ തുറന്നു. 12ന് വൈകിട്ട് 3–ാം ഘട്ടത്തിലെ 28 ഷട്ടറുകൾ തുറന്നിരുന്നു. അവശേഷിക്കുന്ന ഷട്ടറുകൾ ഇന്നു തുറക്കും. ഒന്നുമുതൽ മൂന്നുവരെ ഘട്ടങ്ങളിൽ ആകെ 90 ഷട്ടറുകളാണ് ഉള്ളത്.കുട്ടനാടൻ പ്രദേശങ്ങളിൽ വേനൽമഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതാണു ഷട്ടറുകൾ തുറക്കാൻ കാരണം. 15ന് ശേഷം തുറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. ഷട്ടറുകൾ തുറന്നതോടെ വേമ്പനാട്ട് കായലിൽ ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളിലേക്കു കൂടുതൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്.

തോട്ടപ്പള്ളി സ്പിൽവേ:20 ഷട്ടറുകൾ ഉയർത്തി

തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്താനായി അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി.  			  ചിത്രം: മനോരമ
തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്താനായി അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി. ചിത്രം: മനോരമ

മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 20 എണ്ണം ഉയർത്തി. ഇപ്പോൾ കടലിലേക്ക് ശക്തമായ ഒഴുക്കില്ല. ഏഴാം നമ്പർ ഷട്ടർ ഒന്നര വർഷം മുൻപ് റോപ്പ് പൊട്ടി വീണതാണ്. ഇത് ഉയർത്തിയിട്ടില്ല. 20 ഷട്ടറുകളുടെ റോപ്പുകളുടെ തകരാർ പരിഹരിച്ചു. കോർണർ ആങ്കിളുകളും മാറ്റി. 39 ഷട്ടറുകളുടെയും വൈദ്യുതി ബോർഡുകളുടെ തകരാറും പരിഹരിച്ചെന്ന് അധികൃതർ അറിയിച്ചു.

ചെറുതനയിൽ ഡ്രജിങ് തുടങ്ങി

തോട്ടപ്പള്ളി സ്പിൽവേയിലേക്കുള്ള ലീഡിങ് ചാനലിൽ നിന്നു മണ്ണും ചെളിയും നീക്കുന്നതിനായി ഡ്രജിങ് ചെറുതന പാണ്ടി പാലത്തിനു സമീപം നടക്കുന്നുണ്ട്. വീയപുരം മുതൽ തോട്ടപ്പള്ളി വരെ ഒഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. വീയപുരം മുതൽ തോട്ടപ്പള്ളി വരെ 11 കിലോമീറ്ററാണ് ഡ്രജിങ് നടത്തേണ്ടത്. ഏറ്റവും കൂടുതൽ മണൽ മാറ്റേണ്ടത് പാണ്ടി പാലം മുതൽ കുറിച്ചിക്കൽ വരെയുള്ള ഭാഗത്താണ്. ഇവിടെ നിന്നു മുൻപ് എടുത്ത മണ്ണിൽ സിലിക്കയുടെ അംശം കൂടുതലായതിനാൽ ഡ്രജിങ് ജിയോളജി വകുപ്പ് തടഞ്ഞിരുന്നു.

കൂടുതൽ റോയൽറ്റി അടച്ച് ഡ്രജിങ് പുനരാരംഭിച്ചപ്പോൾ മണലെടുക്കുന്ന ഭാഗത്ത് തീരം ഇടിയുന്നതായും പാണ്ടിപ്പാലത്തിനും സമീപത്തെ വീടുകൾക്കു ബലക്ഷയമുണ്ടാകുന്നതായും പരാതി ഉയർന്നു. ഡ്രജിങ് വീണ്ടും മുടങ്ങിയിരുന്നു. പിന്നീട് ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിന്റെ തീരുമാന പ്രകാരം പാലത്തിനു സമീപത്തു നിന്നും തീരത്തോടും ചേർന്നും മണലെടുക്കില്ലെന്ന നടത്തില്ലെന്ന ഉറപ്പിലാണ് ഇപ്പോൾ പണി നടക്കുന്നത്.

എസി റോഡ് നിർമാണം മുന്നൊരുക്കങ്ങളോടെ

കാലവർഷം നേരത്തെ എത്തുന്നതോടെ എസി റോഡ് നവീകരണത്തിലും മുന്നൊരുക്കങ്ങൾ. കാലവർഷത്തിനു മുൻപ് പലയിടത്തായി 8 കിലോമീറ്റർ റോഡ് ടാർ ചെയ്യുമെന്ന് കരാറുകാർ അറിയിച്ചിരുന്നു. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ടാറിങ്ങിനുള്ള തയാറെടുപ്പുകൾ വേഗത്തിൽ നടത്തുകയാണ്. മഴയില്ലാത്ത ഒരു ദിവസം ലഭിച്ചാൽ ടാറിങ് പൂർത്തിയാക്കാമെന്ന് കരാറുകാർ പറഞ്ഞു.

മഴ എപ്പോ‍ൾ പെയ്യുമെന്ന് അറിയാത്തതിനാൽ രാത്രി ടാറിങ് സാധ്യമല്ല. റോഡ്, കലുങ്ക് പണി മാത്രമേ മഴ തുടങ്ങിയാൽ തടസ്സപ്പെടു. പാലത്തിന്റെയും മേൽപാലത്തിന്റെയും പണികൾ തുടരും. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുണ്ടാകുമെന്നും പണികൾക്കായി ഏതെങ്കിലും ഓടകൾ അടച്ചിട്ടുണ്ടെങ്കിൽ അവ തുറക്കുമെന്നും പറഞ്ഞു.

ആകെയുള്ളത് ഒരു ഡിങ്കി വള്ളം

വെള്ളപ്പൊക്കകാലത്ത് സഹായമേകാൻ ചെങ്ങന്നൂർ അഗ്നിരക്ഷാസേനയ്ക്ക് ആകെയുള്ളത് ഒരു പഴയ ഡിങ്കിവള്ളമാണ്. കൂടുതൽ വള്ളങ്ങൾ ഉണ്ടെങ്കിലേ പ്രയോജനമുള്ളൂ. മഴക്കാലത്തെ ഒരുക്കത്തിന്റെ ഭാഗമായി ലൈഫ്ജാക്കറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. നദീതീരത്തോടു ചേർന്ന ഭാഗങ്ങളിലെ സ്ഥിതി നിരീക്ഷിക്കാൻ ബീറ്റ് ഓഫിസർമാർക്കും സിവിൽ ഡിഫൻസ് വൊളന്റിയർമാർക്കും നിർദേശം നൽകിയതായി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എസ്.പ്രസാദ് പറഞ്ഞു.

ചെങ്ങന്നൂരിൽ യോഗം ചേർന്നില്ല

കഴിഞ്ഞ പ്രളയത്തിൽ ഏറെ ദുരിതം അനുഭവിച്ച ചെങ്ങന്നൂർ മേഖലയിലെ തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ ദുരന്തനിവാരണ വിഭാഗം യോഗം ചേർന്നിട്ടില്ല. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറുടെ നിർദേശപ്രകാരമാണു യോഗം ചേരേണ്ടതെന്നും നിർദേശം ലഭിച്ചിട്ടില്ലെന്നും ആർഡിഒ എസ്.സുമ പറഞ്ഞു. മഴക്കാലത്തിനു മുന്നോടിയായി ദുരിതാശ്വാസ ക്യാംപുകൾ സജ്ജീകരിക്കാനും ജാഗ്രത പുലർത്താനും അതത് വില്ലേജ് ഓഫിസർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ എം.ബിജുകുമാർ അറിയിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള പാണ്ടനാട് പഞ്ചായത്തിലും അച്ചൻകോവിലാറിന്റെ തീരം ഉൾപ്പെടുന്ന വെൺമണി, ചെറിയനാട് പഞ്ചായത്തുകളിലും ക്രമീകരണമുണ്ടാക്കാൻ നിർദേശിച്ചു.

∙ കൽക്കെട്ടുകളുടെ നിർമാണം തുടങ്ങി ചെങ്ങന്നൂർ അങ്ങാടിക്കൽ കോലാമുക്കത്ത് പമ്പാനദിയോടു ചേർന്ന ഭാഗത്തുള്ള പുലിമുട്ടും ചിറയും സംരക്ഷിക്കാൻ കൽക്കെട്ടുകൾ നിർമിച്ചു തുടങ്ങി. പമ്പാ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ അപകടം ഒഴിവാക്കാനാണിത്.
∙ എസി കനാൽ ആഴം കൂട്ടലിന് നടപടിയില്ല കാലങ്ങളായി പറഞ്ഞു കേൾക്കുന്ന എസി കനാൽ ആഴംകൂട്ടലിന് ഇത്തവണയും ഒരു നടപടിയുമില്ല. 2018ലെ പ്രളയ കാലത്തെ അതേ അവസ്ഥയിൽ തുടരുകയാണ് കനാൽ.
∙ ഒറ്റമശേരി കടൽഭിത്തി നിർമാണം നീളുന്നു ചേ‍ർത്തല മേഖലയിൽ ഒറ്റമശേരിയിൽ കടലേറ്റം തടയാൻ ഫലപ്രദമായ നടപടികളില്ല. 75 ലക്ഷം രൂപ ചെലവിൽ താൽക്കാലിക കടൽഭിത്തി നിർമിക്കുന്ന പണി ഏറ്റെടുക്കാൻ കരാറുകാർ തയാറല്ല. കല്ലിന്റെ വില കൂട്ടി നിശ്ചയിക്കാത്തതാണ് കാരണം.
∙ ഒഴുക്ക് സുഗമമാക്കാനുള്ള പണികൾ അന്ധകാരനഴിയിൽ തുടങ്ങിയിട്ടില്ല. അഴിമുഖത്ത് നിരന്തരം അടിയുന്ന മണൽ നീക്കിയാലേ ഒഴുക്ക് സുഗമമാകൂ. ഇപ്പോൾത്തന്നെ പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്.

പൊഴിമുറിക്കാൻ നടപടി

തോട്ടപ്പള്ളിയിലും മാരാരിക്കുളം മേഖലയിലും പൊഴി മുറിച്ചു വെള്ളം കടലിലേക്ക് ഒഴുക്കാൻ ക്രമീകരണങ്ങളായി. വിവിധ പ്രദേശങ്ങളിലെ ഓരുമുട്ടുകളും പരിശോധിച്ച് ആവശ്യമുള്ളവ അടിയന്തരമായി മുറിക്കാൻ ഇറിഗേഷൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ പറഞ്ഞു.തോട്ടപ്പള്ളിയിൽ ഇപ്പോൾ 100 മീറ്റർ വീതിയിൽ പൊഴി മുറിഞ്ഞ് കടലിലേക്ക് വെള്ളം ഒഴുകുന്നുണ്ട്. കഴിഞ്ഞവർഷം 310 മീറ്റർ വീതിയിൽ പൊഴി മുറിച്ചിരുന്നു. ഇത്തവണയും അതേ വീതിയിൽ മുറിക്കണമെന്ന് മേജർ ഇറിഗേഷൻ വകുപ്പിനോടു നിർദേശിച്ചിട്ടുണ്ട്.

അന്ധകാരനഴിയിൽ പൊഴി മുറിക്കാൻ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് സർക്കാരിലേക്കു നൽകിയിട്ടുണ്ട്. നടപടി വേഗത്തിലാക്കണമെന്ന് തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മാരാരിക്കുളം മേഖലയിൽ പ്രധാനപ്പെട്ട 6 പൊഴികളുടെ ആഴംകൂട്ടൽ തുടങ്ങി. തീയശേരി, ഓടാപൊഴി, ചെറിയപൊഴി, വാഴക്കൂട്ടം പൊഴി, അറയ്ക്കപൊഴി, കാരിപ്പൊഴി എന്നിവയാണ് ചെളികോരി വൃത്തിയാക്കിയത്. പൊഴികൾ കവിഞ്ഞാണ് തീരപ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുന്നത്.

കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നു; കുട്ടനാട്ടിൽ ജലനിരപ്പിൽ കുറവ്

കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ കലങ്ങിമറഞ്ഞ മണിമലയാർ. കിടങ്ങറ ഭാഗത്തുനിന്നുള്ള കാഴ്ച.
കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ കലങ്ങിമറഞ്ഞ മണിമലയാർ. കിടങ്ങറ ഭാഗത്തുനിന്നുള്ള കാഴ്ച.

കുട്ടനാട് ∙ തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുമ്പോഴും കുട്ടനാട്ടിലെ ജലനിരപ്പ് കുറവ്. കഴിഞ്ഞദിവസത്തേക്കാൾ ഒരടിയോളം ജലനിരപ്പ് കുറഞ്ഞു. കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതുമൂലം കഴിഞ്ഞദിവസം പുളിങ്കുന്ന്, മുട്ടാർ കൃഷിഭവൻ പരിധിയിലെ 2 പാടശേഖരങ്ങളിൽ മട വീണിരുന്നു. കൂടാതെ താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളിലും വീടുകളിലും നടവഴികളിലും വെള്ളം കയറിയിരുന്നു.കഴിഞ്ഞവർഷം ഇതേ സമയത്ത് കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചിരുന്നു. സമാന വെല്ലുവിളി കഴിഞ്ഞദിവസം നേരിട്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ  ഇടപെടലിൽ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ തുറന്നതോടെ പ്രതിസന്ധി ഒഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com