ADVERTISEMENT

ആലപ്പുഴ∙ ജില്ലയിലെ റേഷൻ കടകളിൽ വിതരണത്തിനായി എത്തുന്ന അരി, കർശനമായ ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകുന്നതാണെന്നും അരിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് കാര്യമായ പരാതികൾ ജില്ലയിൽ നിന്നു ലഭിച്ചിട്ടില്ലെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ ചില റേഷൻ കടകളിൽ വിതരണം ചെയ്ത അരിയിൽ എണ്ണമയവും നിറ വ്യത്യാസവും കണ്ടതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഗുണനിലവാര പരിശോധന കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു. 

പാടങ്ങളിൽ നിന്നു നെല്ലു സംഭരിക്കുന്നത് മുതൽ മില്ലുകളിൽ എത്തിയ ശേഷവും പിന്നീട് വിതരണത്തിനായി ഗോഡൗണിൽ എത്തിച്ച ശേഷവും 3 ഘട്ടങ്ങളിലായി   നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിതരണത്തിനായി റേഷൻ കടകളിൽ എത്തിക്കുന്നത്. മില്ലുകളിൽ നിന്ന് ചാക്കുകളിലാക്കി അതിനു പുറത്ത് മില്ലിന്റെ വിവരങ്ങൾ ഉൾപ്പെടെ പതിച്ച ശേഷമാണ് ഗോഡൗണിലേക്കു മാറ്റുന്നത്. അതുകൊണ്ടുതന്നെ അരിയിൽ മായം കണ്ടെത്തിയാൽ അത് ഏതു മില്ലിൽ നിന്നു വന്നതാണെന്നു തിരിച്ചറിയാൻ സാധിക്കും. ജില്ലയിലെ ചില ഭാഗങ്ങളിൽ ലഭ്യമായ അരിയിൽ നിറ വ്യത്യാസം ഉള്ളതായി റേഷൻ വ്യാപാരികൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പരാതികളൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും   അധികൃതർ പറഞ്ഞു.

നിറം മാറിയാൽ ഗുണം പോകുമോ?

മട്ടയരിയിൽ ഇരുമ്പിന്റെ സാന്നിധ്യം കൂടുതലായതിനാൽ അരി ഒന്നോ രണ്ടോ മാസം ഗോഡൗണിൽ സൂക്ഷിക്കുമ്പോൾ ഓക്സൈഡുകൾ ഉണ്ടാവും.  അരി കഴുകുമ്പോൾ ഇക്കാരണത്താൽ ചെറിയ നിറവ്യത്യാസം തോന്നാം. അരി കഴുകുമ്പോൾ എണ്ണമയം തോന്നാനുള്ള കാരണം തവിടിന്റെ സാന്നിധ്യമാണ്. എന്നാൽ ഇത് അരിയുടെ ഗുണമേന്മയെ കാര്യമായി ബാധിക്കില്ലെന്നു സപ്ലൈകോ അധികൃതർ പറയുന്നു.

‘അയൽക്കാർ’ പ്രശ്നക്കാർ

ചുരുക്കം ചില മില്ലുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നു ഗുണമേന്മ കുറഞ്ഞ നെല്ലെത്തിച്ച് അത് ഇവിടെ നിന്നു കൊയ്തെടുത്ത നെല്ലിനൊപ്പം ചാക്കുകളിലാക്കി ഗോഡൗണിലേക്കു എത്തിക്കുന്നതായി ആരോപണമുണ്ട്. ഇതായിരിക്കാം ചില റേഷൻ കടകളിൽ ഗുണമേന്മ കുറഞ്ഞ അരി എത്താൻ കാരണമെന്നു കരുതുന്നു. എന്നാൽ ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ അരിയോ നെല്ലോ കൂട്ടിക്കലർത്തിയാൽ ഗുണമേന്മ പരിശോധനയിൽ കണ്ടെത്താൻ സാധിക്കില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com