ADVERTISEMENT

കായംകുളം ∙ ക്ഷേത്രമോഷണ കേസുകളിൽ പിടിയിലായ പൂവരണി ജോയ് മോഷണത്തലവനാണ്. മോഷണ മുതലുകൾ വിറ്റുകിട്ടുന്ന തുക തുല്യമായി വീതിക്കുന്നത് ജോയ് എന്ന ജോസഫാണെന്നു പൊലീസ് പറയുന്നു. വീതംവയ്പിൽ ‘നീതിമാൻ’ ആയതിനാൽ ജോയിയുടെ കൂടെ ഒരിക്കൽ കൂടുന്ന മോഷ്ടാവ് ഇയാളെ വിട്ടുപോകില്ല. ഇത്തരത്തിൽ വലിയ മോഷണ ശൃംഖലയ്ക്കാണ് ജോയ് നേതൃത്വം നൽകിയതെന്നും പൊലീസ് പറഞ്ഞു. സൗമ്യനായ മോഷ്ടാവ് എന്ന് പൊലീസ് അന്വേഷണ സംഘം പറയുന്ന ജോയ് പക്ഷേ മോഷണത്തിനായുള്ള സഞ്ചാരത്തിൽ ഒട്ടും ഭയമില്ലാത്തയാളാണ്.

ആരെയും ആക്രമിക്കില്ല. കോടതി കൂടുതൽ കാലം ശിക്ഷിക്കാതിരിക്കാനാണ് അക്രമ വഴിയിൽ നിന്ന് മാറി സഞ്ചരിക്കുന്നത്. ആലപ്പുഴ തുമ്പോളിക്കു സമീപം വാടക വീട്ടിലാണ് താമസം. വല്ലപ്പോഴുമേ ഈ വീട്ടിൽ എത്തൂ. നാട്ടിലുള്ളവരോട് സൗമ്യനായി ഇടപെടുന്ന ജോയ് മോഷ്ടാവാണെന്ന് പലരും അറിഞ്ഞത് അടുത്തിടെയാണ്.  മത്സ്യവ്യാപാരി എന്ന വ്യാജേന മത്സ്യ കമ്മിഷൻ കേന്ദ്രങ്ങളിൽ രാത്രി കറങ്ങും. മത്സ്യവ്യാപാരികളുമായി ബന്ധം ഉണ്ടാക്കി അവരുമായി രാത്രി സഞ്ചരിക്കുന്നതിനിടെ വഴിതിരിയും.

ഇത് മോഷണത്തിന് വേണ്ടിയാണെന്ന് അവർ പോലുമറിഞ്ഞിരുന്നില്ല. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരം ജോയിയുടെ മറ്റൊരു താവളമാണ്.  ഇവിടുത്തെ മിക്ക ലോഡ്ജുകളിലും ജോയ്  താമസിച്ചിട്ടുണ്ട്. രാത്രി  രോഗിയുടെ ബന്ധു  ചമഞ്ഞ് ലോഡ്ജിൽ തങ്ങും.  ലോഡ്ജിൽ ഇടം കിട്ടാത്തപ്പോൾ താമസം മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിലായിരിക്കും. എന്നാൽ, രേഖകൾ ഹാജരാക്കാതെ ജോയ് വർഷങ്ങൾ  ലോഡ്ജുകളിൽ എങ്ങനെ താമസിച്ചെന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.

കേസ് വാദിക്കുന്നത് തനിയെ

നൂറിലേറെ മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ജോയ് മിക്ക കേസുകളും തനിയെയാണ് വാദിക്കുന്നത്.  കേസ് സസൂക്ഷ്മം പഠിച്ച് പഴുതുകൾ കണ്ടെത്തി പൊലീസിന്റെ വാദങ്ങളെ കോടതിയിൽ ഖണ്ഡിക്കുന്നതിലും വിരുതനാണ്.‌‌  കേസിലെ വാദങ്ങൾ തനിക്ക് എതിരായാണ് നീങ്ങുന്നതെങ്കിൽ കുറ്റം അപ്പോൾ തന്നെ സമ്മതിച്ച് ശിക്ഷയ്ക്ക് വിധേയനാകുന്ന തന്ത്രവും പ്രയോഗിക്കും. അടുത്ത മോഷണം ഈ പഴുതുകളും അടച്ച ശേഷമായിരിക്കും.

വള ധരിക്കുന്ന മോഷ്ടാവ്

ആഭരണങ്ങൾ ധരിക്കുന്ന മോഷ്ടാവെന്ന പ്രത്യേകതയും ജോയിക്കുണ്ട്. അറസ്റ്റിലാകുന്ന സമയത്ത് സ്വർണമാലയും വളയും ജോയ് ധരിച്ചിരുന്നു. ഇതിൽ പൊലീസ് തൊട്ടതുമില്ല. പരാതിയുടെ അടിസ്ഥാനത്തിൽ വരുന്ന റിക്കവറി മാത്രമേ പൊലീസ് അന്വേഷണ പരിധിയിൽ വരുന്നുളളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com