ADVERTISEMENT

മാവേലിക്കര ∙ തോട്ടിൽ മീൻ പിടിക്കാനായി വീശിയ വലയിൽ ഗ്രനേഡ് കുടുങ്ങിയ സംഭവം അന്വേഷിക്കാൻ 3 പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഗ്രനേഡ് കണ്ടെടുത്ത തോടിനു 3 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വിവിധ സൈനിക വിഭാഗങ്ങൾ, പൊലീസ് വകുപ്പ് എന്നിവയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും വിശദാംശങ്ങൾ ശേഖരിക്കാൻ തുടങ്ങി.

സേനയിൽ പ്രവർത്തിച്ച ആരെങ്കിലും കൗതുകത്തിന്റെ പേരിൽ ഗ്രനേഡ് കൊണ്ടുവന്ന ശേഷം തോട്ടിൽ വലിച്ചെറിഞ്ഞതാണോ എന്ന സംശയം പൊലീസിനുണ്ട്. ഗ്രനേഡിന്റെ ചിത്രങ്ങൾ വിവിധ സൈനിക, പൊലീസ് വിഭാഗങ്ങൾക്ക് അയച്ചു നൽകി അവർ ഉപയോഗിക്കുന്ന തരത്തിലുള്ളതാണോയെന്ന് ഉറപ്പാക്കും. കഴിഞ്ഞ ദിവസം ചുനക്കര കോമല്ലൂരിലെ പാടശേഖരത്തിൽ നിർവീര്യമാക്കിയ ഗ്രനേഡിന്റെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗത്തിന് അയച്ചു നൽകി ഗ്രനേഡിൽ ഉപയോഗിച്ചിരുന്ന രാസവസ്തു കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

സൈന്യമോ പൊലീസോ ഉപയോഗിക്കുന്ന ഗ്രനേഡിലെ രാസവസ്തു തന്നെയാണോ തോട്ടിൽ നിന്നു ലഭിച്ച ഗ്രനേഡിൽ ഉണ്ടായിരുന്നതെന്ന് ഉറപ്പാക്കും. ഇതിനൊപ്പം വിധ്വംസക പ്രവർത്തനത്തിനായി എത്തിച്ച ഗ്രനേഡ് ആണോ തോട്ടിൽ നിന്നു ലഭിച്ചതെന്നും സംഘം അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും മിലിറ്ററി, പാരാമിലിറ്ററി പൊലീസ് ക്യാംപുകളിൽ നിന്നു ഗ്രനേഡ് കാണാതായോയെന്ന വിവരവും ശേഖരിക്കുന്നുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ.ജോസ്, കുറത്തികാട് സിഐ എ.നിസാം, എസ്‌ഐ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടത്തുന്നത്.

തെക്കേക്കര വടക്കേമങ്കുഴി മുക്കുടുക്ക പാലത്തിനു സമീപം തൊടിയൂർ– ആറാട്ട്കടവ് (ടിഎ കനാൽ) തോട്ടിൽ തിങ്കളാഴ്ച രാത്രി മത്സ്യം പിടിക്കാനെത്തിയ പല്ലാരിമംഗലം പള്ളേമ്പിൽ രാജന്റെ വലയിലാണു ഗ്രനേഡ് കുരുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ടോടെ എറണാകുളത്തു നിന്നു സംസ്ഥാന ബോംബ് സ്ക്വാഡ് സ്പെഷൽ ബ്രാഞ്ച് എസ്ഐ എസ്.സിബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ചുനക്കര കോമല്ലൂർ ആശാരിമുക്കിനു സമീപമുള്ള പാടശേഖരത്തിൽ വച്ചു ഗ്രനേഡ് നിർവീര്യമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com