ADVERTISEMENT

കലവൂർ∙ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തി മോചിപ്പിച്ചു. സംഭവത്തിൽ 2 പേർ പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാർഡിൽ ആര്യാട് നോർത്ത് കോളനിയിൽ ശ്യാംകുമാറിനെയാണ് (21) സംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് പാലക്കൽ പഞ്ചായത്ത് ഒൻപതാം വാർഡിൽ കണ്ടിരിയകത്ത് വീട്ടിൽ ആദിൽ മുഹമ്മദ് (18), കായംകുളം എരുവ കുറ്റിത്തി കിഴക്കേതിൽ സഹീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിൽ ജോലി ചെയ്യവേ പരിചയപ്പെട്ടു സുഹൃത്തുക്കളായവരാണിവർ. സാമ്പത്തിക ഇടപാടിൽ തർക്കമുണ്ടായതിനെ തുടർന്നു പ്രതികളിലൊരാളുടെ ബുള്ളറ്റും മൊബൈലും ശ്യാംകുമാർ ഇടപെട്ട് വിൽപന നടത്തിച്ചു. ഇതിലുള്ള വൈരാഗ്യത്തിൽ സൗഹൃദം നടിച്ചു കഴിഞ്ഞ വെള്ളിയാഴ്ച ശ്യാംകുമാറിനെ പ്രതികൾ ആദികാട്ടുകുളങ്ങരയിലെ ലോഡ്ജിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നു തടവിൽ പാർപ്പിച്ച് മർദിച്ചു.

ശ്യാംകുമാറിന്റെ വീട്ടുകാരുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി ലോഡ്ജ് കണ്ടെത്തുകയായിരുന്നു. പിടിയിലായ ആദിൽ മുഹമ്മദിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതി. ഇയാൾ ഒളിവിലാണ്. രാസലഹരി കടത്തിന് നേരത്തെ ഇയാൾ പിടിക്കപ്പെട്ടിരുന്നു. സിഐ പി.കെ.മോഹിതിന്റെ നിർദേശപ്രകാരം എസ്ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com