ADVERTISEMENT

ചെങ്ങന്നൂർ ∙ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും മുൻപേ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ച തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇതേ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടത്തും. രാവിലെ 11നു പ്രസിഡന്റിനെയും ഉച്ചയ്ക്കു രണ്ടിനു വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ബിന്ദു കുരുവിളയ്ക്കും വൈസ് പ്രസിഡന്റ് ബീന ബിജുവിനുമെതിരെ ബിജെപിയുടെ അവിശ്വാസപ്രമേയം കഴിഞ്ഞ മാസം 29നു ചർച്ചയ്ക്കെടുക്കുന്നതിനു മുൻപേ ഇരുവരും രാജിവയ്ക്കുകയായിരുന്നു.

ഇരുവരും സെക്രട്ടറിക്കു രാജിക്കത്ത് നൽകിയ വിവരം പ്രമേയത്തിന്റെ നടപടികൾ തുടങ്ങിയപ്പോഴാണു പുറത്തറിയുന്നത്. എൽഡിഎഫ് അംഗങ്ങൾ ഒഴികെയുള്ള ഒൻപതു പഞ്ചായത്തംഗങ്ങൾ ഹാജരായിരുന്നു.  ബിജെപി– 5, എൽഡിഎഫ്–4, കോൺഗ്രസ് –3, സ്വതന്ത്രൻ –1 എന്നിങ്ങനെയാണു പഞ്ചായത്തിലെ കക്ഷിനില. കോൺഗ്രസ് പിന്തുണ നേടിയായിരുന്നു സിപിഎം അംഗങ്ങൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലെത്തിയത്. കോൺഗ്രസ് അംഗങ്ങളുടെ 3 വീതം വോട്ടുകൾ കൂടി നേടി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു രണ്ടു തവണ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. എന്നാൽ 3–ാം തവണയും സമാനരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭരണത്തിലേറാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ അവിശ്വാസപ്രമേയത്തിനു മുൻപു രാജിവച്ചു.

നിലപാടുകൾ ഇങ്ങനെ

ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ സജു ഇടക്കല്ലിൽ ആണു ബിജെപി സ്ഥാനാർഥി.  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കലാ രമേശും മത്സരിക്കുമെന്നു മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പറഞ്ഞു. മുൻപു 2 തവണ നടന്ന തിരഞ്ഞെടുപ്പുകളിലും ഇവർ തന്നെയായിരുന്നു സ്ഥാനാർഥികൾ. ബിജെപി അധികാരത്തിലെത്താതിരിക്കാൻ ശ്രമിക്കുമെന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി കുതിരവട്ടം പറഞ്ഞു. സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് മത്സരിക്കുമെന്നും സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിർക്കുകയെന്നതാണു നിലപാടെന്നും ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോൺ പറഞ്ഞു.

നറുക്കു വീഴുമോ സ്വതന്ത്രന് ?

തൃക്കാക്കര ഉപതിരഞ്ഞടുപ്പും സിൽവർലൈൻ പ്രശ്നവും കത്തിനിൽക്കുന്ന സാഹചര്യത്തിൽ മുൻപത്തേതു പോലെ സിപിഎമ്മിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയാറാകുന്ന കാര്യം സംശയത്തിലാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും ബിജെപി അധികാരത്തിലേറാതിരിക്കാൻ ഇരുമുന്നണികളും ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ സ്വതന്ത്ര അംഗം പി.വി.സജനെ പിന്തുണയ്ക്കുമോ എന്ന കാര്യം ഇന്നറിയാം. അപ്പോഴും വൈസ് പ്രസിഡന്റ് സ്ഥാനം കീറാമുട്ടിയാകും. രാഷ്ട്രീയസാഹചര്യം കണക്കിലെടുത്തു തീരുമാനമെടുക്കുമെന്നു സ്വതന്ത്രൻ പി.വി.സജൻ പറഞ്ഞു. ഭരണത്തിലേറാൻ ബിജെപിയും കരുക്കൾ നീക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com