ആലപ്പുഴ ∙ ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമയിൽ ‘കമ്പിളിപ്പുതപ്പ്’ എന്നു വിളിച്ചു പറഞ്ഞ ഹോസ്റ്റൽ വാർഡനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടിയും നൃത്തസംവിധായികയുമായ അമൃതം ഗോപിനാഥ് 86ാം വയസ്സിൽ വീണ്ടും ചിലങ്ക അണിയുന്നു. കലാരംഗത്ത് 75 വർഷം പിന്നിട്ട അമൃതം കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് 27 വർഷങ്ങൾക്ക് ശേഷം ചിലങ്ക അണിഞ്ഞ് വേദിയിൽ എത്തുന്നത്.
‘ഗീതോപദേശം’ എന്ന കലാശിൽപത്തിൽ അർജുനന്റെ വേഷമാണ് അമൃതം നാളെ വൈകിട്ട് 7നു ക്ഷേത്ര സന്നിധിയിൽ അവതരിപ്പിക്കുന്നത്. ആദ്യകാല മലയാള സിനിമകളിൽ നൃത്ത സംവിധായികയായും അഭിനേത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. പി.ജെ.ആന്റണി, കെ.പി.മുഹമ്മദ് എന്നിവർക്കൊപ്പം നാടക വേദിയിലെത്തിയിട്ടുണ്ട്. 7ാം വയസ്സിലാണ് നൃത്ത പഠനം ആരംഭിച്ചത്. യേശുദാസിന്റെ അച്ഛൻ അഗസ്റ്റിന്റെ നാടകത്തിലൂടെ 1959ലാണ് അഭിനയ രംഗത്ത് പ്രവേശിക്കുന്നത്.
‘വേലക്കാരൻ’ ആയിരുന്നു ആദ്യ സിനിമ. പാലാട്ട് കോമൻ, ഉമ്മ, മാമാങ്കം തുടങ്ങി 35ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈണം മറന്ന കാറ്റ്, തച്ചോളി അമ്പു, മാമാങ്കം തുടങ്ങി 13 മലയാള സിനിമകൾക്കും തെലുങ്കിൽ ഓട്ടോഗ്രാഫ്, ഇംഗ്ലിഷിൽ ബാക്ക് വാട്ടർ എന്നീ സിനിമകളിലും നൃത്ത സംവിധായികയായി. കുഞ്ചാക്കോ ബോബൻ ചിത്രം ‘അള്ള് രാമചന്ദ്രനാ’ണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.