ഹരിപ്പാട് ∙ കൊല്ലത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പു നടത്തിയെന്ന പരാതികളുടെ അന്വേഷണം ഹരിപ്പാട് പൊലീസിനു കൈമാറി. എന്നാൽ, കേസ് കൈമാറിയതിന്റെ വിവരം ലഭിച്ചിട്ടില്ലെന്ന് ഹരിപ്പാട് പൊലീസ് അറിയിച്ചു. കൊല്ലം ഇരവിപുരം പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു. കേസിൽ ആരോപണം നേരിട്ട ഹരിപ്പാട് സ്വദേശി സുബ്രഹ്മണ്യൻ (55) വീയപുരം പായിപ്പാട് പാലത്തിൽനിന്ന് ആറ്റിൽ ചാടിയതിനെ തുടർന്ന് മുങ്ങി മരിച്ചിരുന്നു.
കൊല്ലം പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. കബളിപ്പിക്കപ്പെട്ട 6 പേർ കഴിഞ്ഞ ദിവസങ്ങളിൽ ജോലിയിൽ ചേരാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 18നു നിയമന ഉത്തരവുമായി എത്തിയ നാലുപേരുടെയും കമ്പനി മാനേജ്മെന്റിന്റെയും പരാതിയിലാണ് സുബ്രഹ്മണ്യനെതിരെ കേസ് എടുത്തത്.ആലപ്പുഴ കൈചൂണ്ടി മുക്ക് സ്വദേശിയായ യുവതി, മുഹമ്മ സ്വദേശിയായ യുവാവ് എന്നിവരാണ് കഴിഞ്ഞ ദിവസം ജോലിയിൽ ചേരാൻ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ എത്തിയത്.
കായംകുളം എൻടിപിസിയിലെ ജീവനക്കാരനാണെന്നാണ് പണം വാങ്ങിയയാൾ പരിചയപ്പെടുത്തിയതെന്നും എൻടിപിസിയിൽ ജോലി നൽകാമെന്ന പേരിൽ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇതുമായി സ്ഥാപനത്തിനു ബന്ധമില്ലെന്നു മാനേജിങ് ഡയറക്ടർ എസ്.ആർ.വിനയകുമാർ പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും കമ്പനി പരാതി നൽകിയിരുന്നു.ഹരിപ്പാട് സ്വദേശിയായ സുഹൃത്തിനും ഭാര്യയ്ക്കും എൻടിപിസിയിൽ ജോലി വാഗ്ദാനം ചെയ്ത് സുബ്രഹ്മണ്യൻ പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്.