ADVERTISEMENT

കൃഷി നഷ്ടപരിഹാരം ലഭിക്കാൻ

 വിളനാശം ഉണ്ടായി 15 ദിവസത്തിനുള്ളിൽ, സംസ്ഥാന കൃഷി വകുപ്പിന്റെ എയിംസ്(AIMS) പോർട്ടൽ മുഖേന നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കണം.
 കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയാകുന്നതു വരെ നാശനഷ്ടം സംഭവിച്ച വിളകൾ അതേപടി നിലനിർത്തണം.
 പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് 10 ദിവസത്തിനുള്ളിലും, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി മുഖേനയുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് 15 ദിവസത്തിനു ശേഷവുമാണ് അപേക്ഷ നൽകേണ്ടത്.
 എയിംസ് പോർട്ടലിൽ അംഗമായി റജിസ്റ്റർ ചെയ്ത കർഷകർക്കു മാത്രമേ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷ ലഭിച്ചാൽ

ഓൺലൈനിലൂടെ അപേക്ഷ ലഭിച്ച് 5 ദിവസത്തിനകം കൃഷി ഭവനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം തിട്ടപ്പെടുത്തി അതിന്റെ പകർപ്പ് പ്രിൻസിപ്പൽ കൃഷി ഓഫിസർക്കു കൈമാറും. പ്രിൻസിപ്പൽ കൃഷി ഓഫിസർ കൃഷി ഡയറക്ടർ, അ‍ഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവർക്കാണ് നഷ്ടപരിഹാരം ശുപാർശ ചെയ്യാനുള്ള അധികാരം. ഇതിനു ശേഷമാണ് നഷ്ടപരിഹാരം അനുവദിക്കുക.

 എയിംസിൽ റജിസ്റ്റർ ചെയ്ത ആകെ കർഷകർ – 40,25,267
 കാർഷിക കൂട്ടായ്മകൾ – 6,446
 കാർഷിക സ്ഥാപനങ്ങൾ – 489

കന്നുകാലികളെ നഷ്ടപ്പെട്ടാൽ

പ്രകൃതി ദുരന്തത്തിൽ കന്നുകാലികളെ നഷ്ടപ്പെട്ടാൽ ധനസഹായത്തിന് അപേക്ഷിക്കേണ്ട ഫോം തൊട്ടടുത്ത സർക്കാർ മൃഗാശുപത്രിയിൽ ലഭ്യമാണ്. നഷ്ടപരിഹാരം ലഭിക്കാൻ മരണകാരണം വ്യക്തമാകാനായി ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യണം. ചെറിയ മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടു ചെല്ലാമെങ്കിലും വലിയവയെ പോസ്റ്റ്മോർട്ടം ചെയ്യാനായി സർജൻ സംഭവ സ്ഥലത്ത് എത്തും. (മണ്ണിടിച്ചിലിൽ കാണാതായ മൃഗങ്ങളെ തിരച്ചിലിനൊടുവിൽ കണ്ടെത്താനായില്ലെങ്കിൽ പ്രത്യേക കേസായി പരിഗണിച്ച് സഹായം നൽകും.

ഇതിനും സർജന്റെ സംഭവ സ്ഥലത്തു നിന്നുള്ള സാക്ഷ്യം ആവശ്യമാണ്) ഇതുകൂടാതെ ദുരന്തം നടന്നതിന്റെ തെളിവിനായി ഫോട്ടോകളും മറ്റ് രേഖകളും ഫോമിനൊപ്പം കരുതണം. ഇവ പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രവും സഹിതം വില്ലേജ് ഓഫിസിൽ സമർപ്പിക്കണം. അവർ രേഖകൾ പരിശോധിച്ച് മറ്റു നഷ്ട പരിഹാര ധനസഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തും. ധന സഹായം കലക്ടറേറ്റ് വഴിയാണ് വിതരണം ചെയ്യുന്നത്.

നഷ്ടപരിഹാരം മത്സ്യക്കൃഷിക്കും

മഴക്കെടുതികൾ മൂലം മത്സ്യക്കൃഷിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചാലും നഷ്ടപരിഹാരം ലഭിക്കും. ഹെക്ടറിന് 8100 രൂപ വരെയാണ് നഷ്ടപരിഹാരം ലഭിക്കുക. നിലവിൽ ജില്ലയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫിഷറീസ് അധികൃതർ പറ‍ഞ്ഞു.

വന്യജീവികൾ ആക്രമിച്ചാൽ

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ അക്ഷയ കേന്ദ്രങ്ങൾ വഴി കേരള വനംവകുപ്പിന്റെ പോർട്ടലിൽ (forest.kerala.gov.in) പരാതി നൽകണം. കൃഷിയിടത്തിന്റെ കൈവശാവകാശ രേഖ, കൃഷി നശിച്ചതിന്റെ ചിത്രങ്ങൾ, തിരിച്ചറിയൽ രേഖകൾ, ബാങ്ക് പാസ് ബുക്ക് രേഖകൾ, കൃഷി ഓഫിസറുടെ റിപ്പോർട്ട് എന്നിവ സമർപ്പിക്കണം. പരാതി സമർപ്പിച്ചാൽ വനംവകുപ്പും കൃഷി വകുപ്പും സംയുക്ത പരിശോധന നടത്തി നഷ്ടപരിഹാര തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും.

നെൽക്കൃഷി നശിച്ചാൽ ഒരേക്കറിന് 5400 രൂപ!

ഒരേക്കറിലെ 45 ദിവസം പ്രായം കഴിഞ്ഞ നെൽക്കൃഷി നശിച്ചാൽ കർഷകന് സർക്കാർ നഷ്ടപരിഹാരമായി നൽകുന്നത് 5,400 രൂപയാണ്. അപേക്ഷ നൽകി കാത്തിരുന്നാൽ സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് അക്കൗണ്ടിൽ പണം ലഭിക്കും. വേനൽമഴ മൂലം ജില്ലയിലുണ്ടായ കൃഷിനാശത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയാറാകുന്നതേയുള്ളു. അന്തിമ റിപ്പോർട്ട് തയാറാക്കിയ ശേഷമായിരിക്കും കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ആരംഭിക്കുക. ജില്ലയിൽ വേനൽ മഴയിൽ ഇതുവരെ 48 കോടിയോളം രൂപയുടെ നെൽക്കൃഷി നശിച്ചതായാണ് കണക്ക്.

ഇൻഷുറൻസ് 14,000 രൂപ

കൃഷിനാശമുണ്ടായാൽ ആദ്യം കൃഷിഭവനിൽ അറിയിക്കണം. തുടർന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി എഫ്ഐആർ തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും. തുടർന്ന് കർഷകർ കൃഷിനാശം സംഭവിച്ച പാടത്തിന് മുൻപിൽ നിന്ന് ഫോട്ടോ എടുത്ത് ഇതു സഹിതം 10 ദിവസത്തിനകം അഗ്രികൾചർ ഇൻഫർമേഷൻ മാനേജിങ് സിസ്റ്റം (എയിംസ്– www.aims.kerala.gov.in) എന്ന് പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം. ഇൻഷുർ ചെയ്ത പാടമാണെങ്കിൽ ഒരേക്കർ പാടത്തെ നെൽക്കൃഷി നശിച്ചാൽ 14,000 രൂപ നഷ്ടപരിഹാരമായി ലഭിക്കും. 100 രൂപയാണ് പ്രീമിയമായി കർഷകർ അടയ്ക്കേണ്ടത്. 

ഒരേക്കർ പാടത്ത് 45 ദിവസം പിന്നിട്ട് നെൽക്കൃഷിക്ക് നാശം ഉണ്ടായാൽ നഷ്ടപരിഹാരവും ഇൻഷുറൻസ് പരിരക്ഷയും അടക്കം 19,400 രൂപ ലഭിക്കും. വിത കഴിഞ്ഞ് ഉടൻ കൃഷി നശിച്ചാൽ വിത്ത് മാത്രം സൗജന്യമായി ലഭിക്കും. 45 ദിവസം മുതൽ മുകളിലേക്കുള്ള കൃഷിക്കാണ് നഷ്ടപരിഹാരവും ഇൻഷുറൻസും ചേർന്ന് 19,400 രൂപ ലഭിക്കുന്നത്. കൃഷി അസിസ്റ്റന്റ് മുതൽ കൃഷി ഡയറക്ടർ വരെ അപേക്ഷയിൽ പരിശോധന നടത്തുന്നുണ്ട്. കൃഷി വകുപ്പിന്റെ ജില്ലാ ഓഫിസിൽ നിന്നാണ് കർഷകരുടെ അക്കൗണ്ടിൽ പണം എത്തുന്നത്. സർക്കാർ നഷ്ടപരിഹാരം അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ തുക കർഷകരുടെ അക്കൗണ്ടിൽ പണം എത്തൂ.

വീടു തകർന്നാൽ 4 ലക്ഷം രൂപവരെ നഷ്ടപരിഹാരം

ആലപ്പുഴ ∙ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെത്തുടർന്ന് ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 8 വീടുകൾ ഭാഗികമായി തകർന്നെന്ന് കൺട്രോൾ റൂം റിപ്പോർട്ട്. അമ്പലപ്പുഴ താലൂക്കിൽ 5 വീടുകളും ചേർത്തല, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ വീടും നശിച്ചു. ഹരിപ്പാട് ചെറുതന പെരുമാങ്കര പാലത്തിന്റെ അപ്രോച്ച് റോഡിൽ മഴമൂലം ഗർത്തം രൂപപ്പെട്ടു.

മഴക്കെടുതിയിൽ വീടിനു നാശം സംഭവിച്ചാൽ പ്രദേശത്തെ വില്ലേജുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. റവന്യു ഉദ്യോഗസ്ഥർ എത്രയും വേഗം നാശനഷ്ടം സംഭവിച്ച വീട് സന്ദർശിക്കുകയും ഒപ്പം അതത് തദ്ദേശഭരണ സ്ഥാപനത്തിലെ സെക്രട്ടറിയെ നഷ്ടം തിട്ടപ്പെടുത്തുന്നതിനു നിയോഗിക്കുകയും ചെയ്യും. 4 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും

നടപടിക്രമം

 പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്ത് എത്തി വീടിന്റെ നഷ്ടപരിഹാരത്തോതു കണക്കാക്കി റിപ്പോർട്ട് വില്ലേജ് ഓഫിസർക്ക് നൽകും.
 അസിസ്റ്റന്റ് എൻജിനീയർ നൽകുന്ന റിപ്പോർട്ട് വില്ലേജ് ഓഫിസർ സർക്കാർ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഇതിനൊപ്പം അപേക്ഷകന്റെ ആധാർ കാർഡ്, തകർന്ന വീടിന്റെ ചിത്രങ്ങൾ, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ കൂടി അപ്‌ലോഡ് ചെയ്യും.
 കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച ശേഷം അർഹരായവർക്ക് മാനദണ്ഡപ്രകാരമുള്ള പണം അനുവദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com