ADVERTISEMENT

മാന്നാർ ∙ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസം കോൺഗ്രസ് പിന്തുണയോടെ പാസായി; ചെന്നിത്തല പഞ്ചായത്തിൽ ബിജെപിയുടെ പ്രസിഡന്റ് പുറത്ത്. ബിജെപി അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിന്ദു പ്രദീപാണ് പുറത്തായത്. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിന്റെ ഭരണത്തിൽ ഒന്നര വർഷമായിട്ടും അനിശ്ചിതത്വം തീരുന്നില്ല. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായ ഇവിടെ ബിജെപിക്കും സിപിഎമ്മിനും മാത്രമേ ഈ വിഭാഗത്തിലുള്ള അംഗങ്ങളുള്ളൂ. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രൻ രണ്ടു തവണ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായെങ്കിലും സിപിഎം നിർദേശ പ്രകാരം സ്ഥാനമൊഴിഞ്ഞു. 

പിന്നീട് കോൺഗ്രസ് വിട്ടുനിൽക്കുകയും കോൺഗ്രസ് വിമത അംഗമായിരുന്ന ദീപു പടകത്തിൽ ബിജെപിയെ പിന്തുണയ്ക്കുകയും സിപിഎം അംഗം അജിത ദേവരാജന്റെ വോട്ട് അസാധുവാകുകയും ചെയ്തപ്പോഴാണ് ബിന്ദു പ്രദീപ് പ്രസിഡന്റായത്. എൽഡിഎഫ് കക്ഷി നേതാവ് കെ.വിനുവാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എൽഡിഎഫിനും കോൺഗ്രസിനും ബിജെപിക്കും 6 അംഗങ്ങൾ വീതമാണുള്ളത്. കോൺഗ്രസ് അംഗങ്ങളെല്ലാം അവിശ്വാസത്തെ പിന്തുണച്ചു. ചർച്ചയിൽ ബിജെപി അംഗങ്ങൾ പങ്കെടുത്തിരുന്നു. പ്രസിഡന്റ് മറുപടിയും പറഞ്ഞ ശേഷം വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. 

അവിശ്വാസം പാസായതായി വരണാധികാരി ബിഡിഒ എസ്.രാജലക്ഷ്മി അറിയിച്ചു.18ൽ 17 അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.പഞ്ചായത്തിലെ അംഗബലം: കോൺഗ്രസ് – 6, ബിജെപി – 6, എൽഡിഎഫ് – 6 (സിപിഎം – 4, എൽജെഡി – 1, കേരള കോൺഗ്രസ് എം – 1).ആദ്യം എൽഡിഎഫിന് 5 അംഗങ്ങളെ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ് വിമത അംഗം പിന്നീട് കേരള കോൺഗ്രസിൽ (എം) ചേർന്ന് എൽഡിഎഫിലെത്തിയതോടെ 3 മുന്നണികളും തുല്യശക്തികളായി. ഭരണസമിതിയുടെ തുടക്കം മുതൽ കോൺഗ്രസിലെ രവികുമാർ കോമന്റേത്ത് വൈസ് പ്രസിഡന്റായി തുടരുകയാണ്. 

"എനിക്കെതിരെയുള്ള അവിശ്വാസം മാത്രമല്ല പാസായത്. കോൺഗ്രസ് അംഗങ്ങളായ വൈസ് പ്രസിഡന്റും 2 സ്ഥിരം സമിതി അധ്യക്ഷരും കോൺഗ്രസ് വിമതനായി ജയിച്ച് പിന്നീട് എന്നെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്ത ശേഷം എൽഡിഎഫിലെത്തിയ ആളുടെയും ഉത്തരവാദിത്തമാണ് മറുപക്ഷം ആരോപിക്കുന്ന ഭരണ പരാജയം." - ബിന്ദു പ്രദീപ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com