സർട്ടിഫിക്കറ്റ് പരിശോധന സന്തോഷിന്റെ വീട്ടിൽ, യോഗ്യതയുണ്ടെങ്കിൽ 4.5 ലക്ഷം, ഇല്ലെങ്കിൽ 5 ലക്ഷം!

സിറിൽ, സന്തോഷ്കുമാർ
സിറിൽ, സന്തോഷ്കുമാർ
SHARE

അമ്പലപ്പുഴ∙ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിപ്പു നടത്തിയ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി പോണേക്കര ഗായത്രി നിവാസിൽ സന്തോഷ്കുമാർ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പ് വീട്ടിൽ സിറിൽ (31) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികളുണ്ടെന്നു പൊലീസ് പറഞ്ഞു. കോടിക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോലി തേടുന്ന ചെറുപ്പക്കാരെ കണ്ടെത്തി ആർമിയിൽ ജോലി വാഗ്ദാനം നൽകിയാണ് ഇവരുടെ തട്ടിപ്പ്. 

യുവാക്കളുടെ സർട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയൽ രേഖകളും വാങ്ങി വ്യാജ കോൾ ലെറ്റർ അയച്ചു. പിന്നീട് ബെംഗളൂരു, യുപി എന്നിവിടങ്ങളിലെത്തിച്ച് രണ്ടാഴ്ചയോളം താമസിപ്പിച്ച് റിക്രൂട്മെന്റിന് സമാനമായ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി. ആർമിയുടെ ഔദ്യോഗിക അറിയിപ്പ് പിന്നാലെ വരുമെന്ന് വിശ്വസിപ്പിച്ച് യുവാക്കളെ തിരിച്ചയച്ചു. രണ്ടു വർഷം കാത്തിരുന്നിട്ടും ഈ അറിയിപ്പു ലഭിക്കാതിരിക്കുകയും പ്രതികളെ ഫോണിൽ വിളിച്ചാൽ എടുക്കാതാകുകയും ചെയ്തതോടെയാണ് ഇരകൾ പൊലീസിനെ സമീപിച്ചത്. 

ഓരോരുത്തരിൽനിന്നും 4 മുതൽ 5 ലക്ഷം രൂപ വീതം ഇവർ വാങ്ങിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സിറിൽ പാലക്കാട്ടും സന്തോഷ് ബെംഗളൂരുവിലും ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഇരുവരെയും താമസ സ്ഥലങ്ങളിൽനിന്നു പിടികൂടുകയായിരുന്നു. 2005 മുതൽ സമാന തട്ടിപ്പുകൾ‌ക്ക് നെയ്യാർ, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്, വെൺമണി, ഹരിപ്പാട്, ഏനാത്ത് സ്റ്റേഷനുകളിൽ സന്തോഷിനെതിരെ കേസുണ്ട്. പലതവണ പിടിയിലാകുകയും ചെയ്തിട്ടുണ്ട്. 2 വർഷം മുൻപാണ് സിറിൽ സന്തോഷുമായി ചേർന്നതെന്നു പൊലീസ് പറഞ്ഞു.

സർട്ടിഫിക്കറ്റ് പരിശോധന സന്തോഷിന്റെ വീട്ടിൽ

കളമശേരിയിൽ സന്തോഷിന്റെ വീട്ടിൽ വച്ചാണ് സിറിൽ ഇവരുടെ സർട്ടിഫിക്കറ്റുകൾ വാങ്ങി പണം ആവശ്യപ്പെട്ടത്. മേജറുടെ വേഷം ധരിച്ചിരുന്ന സന്തോഷ് ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും റിക്രൂട്മെന്റ് സമയത്ത് കാര്യങ്ങൾ ശരിയാക്കുമെന്നും സിറിൽ ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചു. സിറിൽ നൽകിയ അക്കൗണ്ടിലേക്ക് യുവാക്കൾ തുക നിക്ഷേപിച്ചു. പ്രതികൾ സ്വയം തയാറാക്കിയ കോൾ ലെറ്ററും നൽകി. തുടർന്ന് അഭിമുഖത്തിനായി യുവാക്കളെ 2019ൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. പിന്നീട് യുപിയിലും കൊണ്ടുപോയി താമസിപ്പിച്ചു. തിരിച്ചെത്തി 2 വർഷം കഴിഞ്ഞിട്ടും ജോലിയും പണവും കിട്ടാതായപ്പോഴാണ് യുവാക്കൾ പൊലീസിൽ പരാതി നൽകിയത്.

യോഗ്യതയുണ്ടെങ്കിൽ 4.5 ലക്ഷം, ഇല്ലെങ്കിൽ 5 ലക്ഷം

അമ്പലപ്പുഴ∙ യോഗ്യതയെല്ലാം തികഞ്ഞവർക്ക് നാലര ലക്ഷം, ഉയരമോ കാഴ്ചയോ കുറവാണെങ്കിലും പ്രായം കൂടുതലാണെങ്കിലും 5 ലക്ഷം. സൈന്യത്തിലെ ജോലിക്കെന്നു പറഞ്ഞ് സന്തോഷ് കുമാർ നിശ്ചയിച്ചിരിക്കുന്ന തുക ഇങ്ങനെയായിരുന്നു. ഇതുവരെ അഞ്ഞൂറിലേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 2001 മുതൽ ഇയാൾ സമാനമായ തട്ടിപ്പു നടത്തുന്നുണ്ടെന്നു പൊലീസ് പറയുന്നു. അമ്പലപ്പുഴയിലും പരിസരങ്ങളിലുമായി 10 പേരിൽനിന്ന് 40 ലക്ഷം രൂപയ്ക്ക് മേൽ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. സിറിലുമായി 2 വർഷം മുൻപാണ് സന്തോഷ്കുമാർ കൂട്ടുചേർന്നത്. പലിശയ്ക്കു വാങ്ങിയും സ്വർണം പണയം വച്ചുമാണ് യുവാക്കൾ ജോലിയെന്ന പ്രതീക്ഷയിൽ പണം നൽകിയത്.

ഉദ്യോഗാർഥികളെ ബെംഗളൂരുവിലെത്തിച്ച് ഹോട്ടലിലാണ് ആദ്യ ‘റിക്രൂട്മെന്റ്.’ പിന്നെ ലക്നൗവിൽ കൊണ്ടുപോകും. ഇതിനകം വ്യാജ കോൾ ലെറ്റർ നൽകും. സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതും മറ്റും സിറിലാണ്. മേജറുടെ വേഷത്തിൽ സന്തോഷ്കുമാർ എത്തും. ലക്നൗവിലും സന്തോഷിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാമ്യമെടുത്തു മുങ്ങുകയാണ് രീതി. സന്തോഷ് കുമാർ പിടിയിലായെന്നറിഞ്ഞ് വിവിധ സ്ഥലങ്ങളിൽനിന്ന് അമ്പലപ്പുഴ സ്റ്റേഷനിലേക്ക് പരാതിക്കാർ വിളിക്കുന്നുണ്ട്.

പിടിയിലായത് പുതിയ തട്ടിപ്പിനിടെ 

അമ്പലപ്പുഴ ∙ സൈനിക ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതികൾ പിടിയിലായത് കൊല്ലം, ആലപ്പുഴ ജില്ലകളിൽ സമാനരീതിയിലുള്ള തട്ടിപ്പു തുടരുന്നതിനിടെ. ഡിവൈഎസ്പി എസ്.ടി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളുടെ ഒളിത്താവളം ബെംഗളൂരുവിലും പാലക്കാട്ടുമാണെന്നു കണ്ടെത്തിയത്. സിഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലേക്കും എസ്ഐ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടും എത്തിയാണ് ഇവരെ പിടികൂടിയത്. സിപിഒമാരായ എം.കെ. വിനിൽ, യു. വിനുകൃഷ്ണൻ, റിനു വർഗീസ്, സി. മനീഷ്, ജി. അനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS