ADVERTISEMENT

കായംകുളം∙ കെഎസ്ഇബി വൈദ്യുതിബന്ധം വിഛേദിച്ചതിൽ ഇടപെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. വൈദ്യുതി ബോർഡ് ജീവനക്കാർ കുടിശികയുടെ പേരിൽ വീട്ടിലെത്തി മോശമായി പെരുമാറിയതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് എരുവ ഉണ്ണിയേഴത്ത് നാരായണൻ (ബാബു–60) ഞായറാഴ്ച പുലർച്ചെ വീട്ടിൽ ജീവനൊടുക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ബാബുവിന്റെ വീട്ടിലെ വൈദ്യുതി കുടിശികയുടെ പേരിൽ വിഛേദിച്ചത്. അയൽവാസിയും സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗവുമായ ആർ. ഹരികുമാറിനെ ഇക്കാര്യം അറിയിച്ചു. സംഭവത്തിൽ ഇടപെട്ട ഹരികുമാറിന്റെ വീട്ടിലെ വൈദ്യുതിയും വിഛേദിക്കാൻ കെഎസ്ഇബി ജീവനക്കാർ ഒരുങ്ങിയതോടെ ഹരികുമാർ ജീവനക്കാരെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും ഇത് വിവാദമാകുകയും ചെയ്തു. ഇതിനു പിന്നാലെ ഹരികുമാറിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

തന്റെ പ്രശ്നത്തിൽ ഇടപെട്ട ഹരി നടപടിക്ക് വിധേയനായതോടെ ബാബു മനോവിഷമത്തിലായിരുന്നു.ഇക്കാര്യം വീട്ടിലും ബാബു ധരിപ്പിച്ചിരുന്നു. കെഎസ്ഇബി ഓഫിസിലെ രംഗങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടിശികയുടെ പേരിൽ കെഎസ്ഇബി ജീവനക്കാർ കുടുംബത്തെ ആക്ഷേപിച്ചതിനു മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്ന് ഹരികുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com