ADVERTISEMENT

മാന്നാർ ∙ മഴക്കെടുതിയെ തുടർന്നു നെല്ല് കൊയ്യാനാവാതെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ. വെള്ളമില്ലായ്മ, വരിനെല്ലും എന്നിവയ്ക്കു പിന്നാലെ വേനൽമഴയും കാറ്റും നാശം വിതച്ചതിനെത്തുടർന്ന് ചെന്നിത്തല, മാന്നാർ മേഖലയിലെ പാടശേഖരങ്ങളിലെ കർഷകരാണ് കൃഷി ഉപേക്ഷിക്കാൻ തയാറെടുക്കുന്നത്. ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്നലെ രാവിലെ പോലും പാടത്തു രണ്ടടിയിൽ കുറയാതെ വെള്ളമുണ്ട്. ഒന്നരയടി നീളമുള്ള നെല്ല് കാണാൻ കഴിയാത്ത വിധമാണ് പാടമാകെ വെളളം നിറഞ്ഞു കിടക്കുന്നത്. രണ്ടാഴ്ചയിലധികമായി പാടത്തു വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട്.

ചെന്നിത്തല 4–ാം ബ്ലോക്ക് പാടശേഖരത്തിൽ 100 ഏക്കർ പാടത്തെ നെല്ലാണ് ഉപേക്ഷിച്ചത്. കൃഷിയിറക്കാൻ താമസിച്ചതിനാൽ 150 ഏക്കറിൽ മാത്രമാണ് കൃഷിയിറക്കിയത്. അതിൽ 50 ഏക്കർ കൊയ്തെടുത്തു. മോട്ടർപുരയും തറയും പുറംബണ്ടുമെല്ലാം കവിഞ്ഞതിനാൽ ഇവിടെ നിന്നു പമ്പിങ് പോലും സാധ്യമല്ലെന്നു കണ്ടതോടെയാണ് കൃഷി ഉപേക്ഷിക്കുന്നതെന്നു പാടശേഖര സമിതി സെക്രട്ടറി പ്രസന്നൻ നാമങ്കേരി അറിയിച്ചു. മാന്നാർ നാലുതോട് പാടശേഖരത്തിലെ സ്ഥിതിയും ഇതേ അവസ്ഥയിലാണ്. 2 മുതൽ 10 ഏക്കർവരെ പാട്ടത്തിനെടുത്തും പലിശയ്ക്കു പണമെടുത്തും സ്വന്തമായി കൃഷിയിറക്കിയ ചെറുകിട കർഷകരെയാണ് കൃഷി നാശം ഏറെ ബാധിച്ചത്.

നെല്ല് കിളിർത്തു ‌

ചെന്നിത്തല 8–ാം ബ്ലോക്ക് പാടശേഖരത്തിൽ നിന്നു കൊയ്തെടുത്ത നെല്ലെല്ലാം കിളിർത്തു. ദിവസങ്ങളോളം വെള്ളത്തിൽ കിടന്ന നെല്ല് കൊയ്തെടുത്തപ്പോഴാണ് കിളിർത്തതായി കണ്ടത്. ഇനിയും ഇവിടെ 100 ഏക്കറിലധികം നെല്ലാണ് കൊയ്യാനാകാതെ വെള്ളത്തിൽ കിടക്കുന്നത്. ചെന്നിത്തല സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് ജി.ഹരികുമാർ, എട്ടാം ബ്ലോക്ക് പാടശേഖര സമിതി സെക്രട്ടറി സന്തോഷ് ചാലയടക്കമുള്ളവരുടെ നെല്ലും കൊയ്യാനാകാതെ കിടക്കുകയാണ്.

കണക്കെടുക്കണം: കർഷകർ

ചെന്നിത്തല, മാന്നാർ പാടശേഖരങ്ങളിൽ വെള്ളം കയറി മുങ്ങിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുത്തു കർഷകർക്കുണ്ടായ നഷ്ടം കണക്കാക്കണമെന്ന് കർഷകരും പാടശേഖര സമിതികളും ആവശ്യപ്പെട്ടു. ഇതിനു പാടത്തെ വെള്ളം വറ്റുന്നതു വരെ കാത്തിരിക്കാതെ ഉദ്യോഗസ്ഥർ പാടങ്ങളിലെത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com