ADVERTISEMENT

ആലപ്പുഴ∙ 2013ൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിഎലിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പ്രവീൺ താംബെയ്ക്ക് വയസ്സ് 41 ആയിരുന്നു. താംബെയുടെ പാത പിന്തുടർന്ന് ഇന്നല്ലെങ്കിൽ നാളെ തന്റെ ഐപിഎൽ സ്വപ്നം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഒരു മുപ്പത്തിയൊൻപതുകാരൻ ഇവിടെ കേരള ക്രിക്കറ്റിലുണ്ട്, ചങ്ങനാശേരി സ്വദേശി കെ.ജെ.രാകേഷ്. ഇക്കഴിഞ്ഞ കെസിഎ ക്ലബ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ 241 റൺസും 4 വിക്കറ്റും നേടിയ  രാകേഷ്, മികച്ച ഓൾ റൗണ്ടർക്കുള്ള പുരസ്കാരവുമായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രഫഷനൽ ക്രിക്കറ്റിലേക്കു കാലെടുത്തുവച്ചത്. അണ്ടർ 22 കേരള ടീമിന്റെ ഭാഗമായി.  ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം കേരള അണ്ടർ 25 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു രാകേഷിനെ  എത്തിച്ചു. 2007ൽ നടന്ന ഒരു ആഭ്യന്തര ടൂർണമെന്റിൽ ആർ.അശ്വിൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഉണ്ടായിരുന്ന തമിഴ്നാട് ടീമിനെതിരെ സെഞ്ച്വറി നേടിയതോടെ കേരള രഞ്ജി ടീമിലേക്കും രാകേഷിന് വഴി തുറന്നു. കേരള ടീമിലെ ഒരു പെർഫക്ട് ഓൾ റൗണ്ടറായിരുന്നു ഇടം കയ്യൻ ബാറ്ററും വലം കയ്യൻ ഓഫ് സ്പിന്നറുമായിരുന്ന രാകേഷ്. എന്നാൽ മികച്ച ഫോമിൽ നിൽക്കുമ്പോൾ തന്നെ, അസോസിയേഷനിലെ  ആഭ്യന്തര പ്രശ്നങ്ങൾ മൂലം 2013ൽ ടീമിൽ നിന്നു പുറത്തായി.

തന്നെ എന്തുകൊണ്ട് തഴഞ്ഞു എന്നതിന്റെ കാരണം അന്നും ഇന്നും രാകേഷിന് അറിയില്ല. കേരള ടീമിൽ അവസരം നിഷേധിച്ചപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ രാകേഷ് സജീവമായി തുടർന്നു. കെസിഎ ക്ലബ്ബ് ചാംപ്യൻഷിപ്പിൽ രാകേഷ് നയിച്ച തൃശൂർ അത്രേയ ക്രിക്കറ്റ് അക്കാദമിയായിരുന്നു സംയുക്ത ജേതാക്കളായത്. ഔദ്യോഗിക ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയാണെങ്കിൽ പരിശീലകനായോ സിലക്‌ടറായോ കരിയർ മുന്നോട്ടുകൊണ്ടുപോകാൻ അവസരമുണ്ടായിട്ടും രാകേഷ് അതിനു തയാറായില്ല. കാരണം ലളിതം; ഒരിക്കൽ കൂടി കേരള ടീമിൽ കളിക്കണം, പറ്റിയാൽ ഐപിഎലിൽ അരങ്ങേറ്റം കുറിക്കണം. അത് തന്റെ ഇഷ്ട ടീമായ രാജസ്ഥാൻ റോയൽസിൽ ആണെങ്കിൽ ഇരട്ടി സന്തോഷം. രാകേഷ് എസ്ബിഐ പനമ്പള്ളി നഗർ ശാഖയിലെ ഉദ്യോഗസ്ഥനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com