ADVERTISEMENT

ആലപ്പുഴ ∙ ജൂൺ മാസത്തിൽ ജില്ലയിൽ ഇതുവരെ 44% മഴക്കുറവ്. സാധാരണ നിലയിൽ 447.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ മാസം ഇന്നലെ രാവിലെ വരെ ലഭിച്ചത് 251.6 മില്ലിമീറ്റർ മാത്രം. ഇതിൽ 60.4 മില്ലിമീറ്റർ മഴയും ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിലാണു ലഭിച്ചത്. ജൂൺ മാസത്തിൽ സംസ്ഥാനത്താകെ 57% മഴക്കുറവാണ് ഉണ്ടായത്. 

വരുംദിവസങ്ങളിൽ ജില്ലയിൽ മഴ കൂടാനാണു സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു. അടുത്തമാസം ആദ്യത്തോടെ കാലവർഷം ശക്തിപ്രാപിക്കും. ഓഗസ്റ്റിലും ശക്തമായ മഴയുണ്ടാകും. കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 13% മഴ കുറവായിരുന്നു. ഈ വർഷവും കാലവർഷത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്നും ഗവേഷകർ പറഞ്ഞു.

മഴയ്ക്കു പ്രിയം ജൂലൈ! 

ജൂണിൽ മഴ കുറയുന്നതായാണ് ഇപ്പോഴത്തെ കണ്ടെത്തൽ. മുൻപ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന മാസമാണ് ജൂൺ. ഇപ്പോൾ ജൂലൈയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്; അതു കഴിഞ്ഞാൽ ഓഗസ്റ്റിൽ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും മഴ കൂടുന്നു. ഏപ്രിൽ – മേയ് മാസങ്ങളിലും മഴ കൂടുതലായി ലഭിക്കുന്നുണ്ട്. ജനുവരിയാണ് മഴ ഏറ്റവും കുറഞ്ഞ മാസം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കാർഷിക കലണ്ടറും മാറ്റണം. ജൂണിൽ മഴ കുറഞ്ഞതോടെ പലയിടത്തും കൃഷി വൈകുകയാണ്.

മേയ് മാസത്തിലേക്കു കൊയ്ത്ത് നീട്ടിയാൽ മഴ കാരണം കൃഷിനാശത്തിനുള്ള സാധ്യതയുമുണ്ട്. വർഷത്തിൽ രണ്ടുതവണ നെൽക്കൃഷി ഇറക്കണമെങ്കിൽ ദൈർഘ്യമേറിയ നെല്ലിനം ഉപയോഗിക്കുന്നതു കുറയ്ക്കണം. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മൂപ്പെത്തുന്ന നെല്ലിനങ്ങൾ വേണം കൃഷി ചെയ്യാൻ. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കൃഷിരീതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനങ്ങൾ നടക്കുന്നുണ്ടെന്നും ബിലോ സീ ലവൽ റിസർച് സെന്റർ കുട്ടനാട് ഡയറക്ടർ കെ.ജി.പത്മകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com