ADVERTISEMENT

ചാരുംമൂട്∙ സിപിഐ ചാരുംമൂട് മണ്ഡലം സമ്മേളനം തർക്കത്തിലും വോട്ടിങ്ങിലും കലാശിച്ചു. വള്ളികുന്നം അരീക്കര എൽപിഎസിൽ നടന്ന ചാരുംമൂട് മണ്ഡലം സമ്മേളനമാണ് ചേരിതിരിഞ്ഞ് തർക്കത്തിലും വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചത്. ഇതിനെ തുടർന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കലും മണ്ഡലം സെക്രട്ടറിയെ തിരഞ്ഞെടുക്കുവാനും വോട്ടിങ് നടന്നു. ഞായറാഴ്ച  മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 അംഗ പാനൽ നിലവിലുണ്ടായിരുന്ന മണ്ഡലം സെക്രട്ടറി സോഹൻ അവതരിപ്പിച്ചു. 

എന്നാൽ സമ്മേളന പ്രതിനിധികളിൽ നിന്നും കെ.ജി. സദാശിവൻ, സലീംകുമാർ പനത്താഴ, അജയഘോഷ് എന്നിവരുടെ പേരുകൾ ഉയർന്ന് വരികയും മൂവരും മത്സര രംഗത്ത് ഉറച്ച് നിൽക്കുകയും ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്.  സമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ കമ്മിറ്റി അസി. സെക്രട്ടറി പി.വി. സത്യനേശൻ, വി. മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. രവീന്ദ്രൻ, കെ.എസ്. രവി എന്നീ നേതാക്കൾ സമവായത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. 

തുടർന്ന് ജില്ലാ കമ്മിറ്റിയംഗം കെ. ചന്ദ്രനുണ്ണിത്താൻ മൂന്ന് പേർക്കും മത്സരിക്കാൻ അവസരം ഉണ്ടെന്ന് അറിയിച്ചതോടെയാണ് വാക്കുതർക്കം അവസാനിച്ചത്. വോട്ടെടുപ്പിൽ മണ്ഡലം കമ്മിറ്റി കൊണ്ടുവന്ന പാനലിൽ നിന്നും താമരക്കുളത്തു നിന്ന് കെ.സുധാകരൻ, പാലമേലിൽ നിന്ന് പി.കെ.ചന്ദ്രമോഹൻ, വള്ളികുന്നത്ത് നിന്ന് കെ.ജയമോഹൻ എന്നിവർ പരാജയപ്പെട്ടു. 

മത്സരരംഗത്ത് വന്ന കെ.ജി. സദാശിവൻ, അജയഘോഷ്, സലീംകുമാർ എന്നിവർ കമ്മിറ്റിയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി സ്ഥാനത്തേക്ക് എം. മുഹമ്മദാലി, നിലവിലെ സെക്രട്ടറി ജി. സോഹൻ എന്നിവരുടെ പേരുകൾ ഉയർന്നു വന്നതോടെ വീണ്ടും വോട്ടിങ് വേണ്ടി വന്നു. രാത്രി 12 മണിയോടെ നടന്ന വോട്ടിങ്ങിൽ 25 അംഗ കമ്മിറ്റിയിൽ 15 വോട്ടുകൾ നേടിയ എം.മുഹമ്മദാലിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com