അധ്യക്ഷനെ ഉപരോധിച്ചു, പൊലീസെത്തി, പിന്നെ ഉന്തും തള്ളും അറസ്റ്റും; പൊലീസിനെ വിളിച്ചത് ആരെന്ന് അധ്യക്ഷൻ

മാവേലിക്കര നഗരസഭയിലെ ബിജെപി കൗൺസിലർമാരായ എച്ച്. മേഘനാഥ്, ഗോപൻ സർഗ എന്നിവരെ പൊലീസ് കൗൺസിൽ ഹാളിനു പുറത്തേക്ക് ബലം പ്രയോഗിച്ചു മാറ്റുന്നു.
മാവേലിക്കര നഗരസഭയിലെ ബിജെപി കൗൺസിലർമാരായ എച്ച്. മേഘനാഥ്, ഗോപൻ സർഗ എന്നിവരെ പൊലീസ് കൗൺസിൽ ഹാളിനു പുറത്തേക്ക് ബലം പ്രയോഗിച്ചു മാറ്റുന്നു.
SHARE

∙ബിജെപി കൗൺസിലർമാർ നഗരസഭ അധ്യക്ഷനെ ഉപരോധിച്ചു, എൽഡിഎഫ് ഘടകകക്ഷി അംഗം ബിജെപി നിലപാടിനൊപ്പം
∙നഗരസഭയിൽ പൊലീസ് ബലപ്രയോഗം നടത്തിയതിനെതിരെ നഗരസഭാധ്യക്ഷൻ

മാവേലിക്കര ∙ തൊഴിലുറപ്പിൽ തട്ടി മാവേലിക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ, ബിജെപി കൗൺസിലർമാർ നഗരസഭ അധ്യക്ഷനെ ഉപരോധിച്ചു, എൽഡിഎഫ് ഘടകകക്ഷി ജനാധിപത്യ കേരള കോൺഗ്രസ് അംഗം ബിജെപിയുടെ നിലപാടിനെ പിന്തുണച്ചു. ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആയി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ കരാർ കാലാവധി പുതുക്കുന്നതുമായി ബന്ധപ്പെട്ട അജൻഡയാണു സംഭവങ്ങൾക്ക് തുടക്കമിട്ടത്.

മാവേലിക്കര നഗരസഭയിലെ ബിജെപി കൗൺസിലർമാർ ചെയർമാൻ കെ.വി. ശ്രീകുമാറിനെ തടഞ്ഞപ്പോൾ.
മാവേലിക്കര നഗരസഭയിലെ ബിജെപി കൗൺസിലർമാർ ചെയർമാൻ കെ.വി. ശ്രീകുമാറിനെ തടഞ്ഞപ്പോൾ.

സർക്കാർ ഉത്തരവ് പ്രകാരം ജീവനക്കാരിയുടെ കാലാവധി 3 മാസത്തേക്കു ദീർഘിപ്പിച്ചു നൽകിയതാണെന്ന കുറിപ്പും തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച സമയം മുതലുള്ള ന്യൂനതകൾ ചൂണ്ടിക്കാട്ടി സെക്രട്ടറി തയാറാക്കിയ വിശദമായ റിപ്പോർട്ടും ഉൾപ്പെടെയാണ് അജൻഡ ചർച്ചയ്ക്ക് വന്നത്. തൊഴിലുറപ്പ് പദ്ധതി ഫയലുകൾ താഴേത്തട്ടിൽ കൈകാര്യം ചെയ്യുന്ന ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയവരിൽ വീഴ്ച ഉണ്ടായതായി സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏറെ നാളുകളായി ജീവനക്കാരി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ ഇനി എംപ്ലോയ്മെന്റ് മുഖേന നിയമനം നടത്താമെന്നു കോൺഗ്രസ്, സിപിഎം കൗൺസിലർമാർ ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപി കൗൺസിലർമാർ ഇതിനെ എതിർത്തു. എൽഡിഎഫിലെ ഘടകകക്ഷി ജനാധിപത്യ കേരള കോൺഗ്രസ് കൗൺസിലർ ബിനു വർഗീസും ബിജെപി നിലപാടിനെ പിന്തുണച്ചു. കൗൺസിലിൽ ബഹളം വർധിച്ചതോടെ പ്രശ്ന പരിഹാരത്തിനായി തൊഴിലുറപ്പ് ക്രമക്കേട് അന്വേഷിക്കാൻ ഉപസമിതിയെ നിയോഗിക്കാമെന്നു നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ പ്രഖ്യാപിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലെ കുറ്റക്കാരായ നഗരസഭ സെക്രട്ടറി, സൂപ്രണ്ട്, സെക്‌ഷൻ ക്ലാർക്ക് ,ഓവർസീയർ എന്നിവരെ വെള്ള പൂശി കരാർ ജീവനക്കാരിയെ ബലിയാടാക്കി പുറത്താക്കാനുള്ള നീക്കമാണു നടക്കുന്നതെന്ന് ആരോപിച്ചു ബിജെപി ബഹളം കൂട്ടിയപ്പോൾ കൗൺസിൽ അവസാനിച്ചതായി നഗരസഭ അധ്യക്ഷൻ പ്രഖ്യാപിച്ചു. കൗൺസിലർമാർ പുറത്തിറങ്ങി തുടങ്ങിയതിനു പിന്നാലെ നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാറും വാതിലിനു സമീപത്തേക്കു വന്നപ്പോഴാണു ബിജെപി കൗൺസിലർമാർ തടഞ്ഞത്.

പൊലീസെത്തി, പിന്നെ ഉന്തും തള്ളും

കൗൺസിൽ ഹാളിൽ ബഹളം പുരോഗമിക്കവെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വാതിൽ അടഞ്ഞു നിന്ന ബിജെപി കൗൺസിലർമാരെ കടന്നു കൗൺസിൽ ഹാളിൽ കയറിയ പൊലീസ് കൗൺസിലർമാരോടു മാറണമെന്ന് ആവശ്യപ്പെട്ടു. കൗൺസിൽ തീരുമാനത്തിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയാണു വേണ്ടതെന്നു കോൺഗ്രസ് കൗൺസിലർമാരിൽ ചിലർ പറഞ്ഞു.

ഇതു സംബന്ധിച്ചു വാക്കുതർക്കം രൂക്ഷമായതോടെ പൊലീസ് ബിജെപി കൗൺസിലർമാരായ എച്ച്. മേഘനാഥ്, ഗോപൻ സർഗ എന്നിവരെ മാറ്റാനായി ബലം പ്രയോഗിച്ചു. ഇതിനെ എതിർത്തു ബിജെപിയുടെ വനിത കൗൺസിലർമാരും വാതിലിനു സമീപത്തു വന്നു. സ്ഥലത്തെത്തിയ വനിത പൊലീസ് വനിത കൗൺസിലർമാരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളും ശക്തമായി. കൗൺസിലർമാർക്കു നേരെ ബലം പ്രയോഗം ശക്തമായപ്പോൾ എതിർപ്പ് പ്രകടിപ്പിച്ച നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാറിനോടു ഒരു പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചതോടെ ബഹളം രൂക്ഷമായി.

എച്ച്.മേഘനാഥ്, ഗോപൻ സർഗ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ നഗരത്തിൽ പ്രകടനവും നഗരസഭ ഓഫിസ് ഉപരോധവും നടത്തി.

വിജിലൻസ് അന്വേഷണം വേണം: ബിജെപി

നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്നു ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരായ നഗരസഭ സെക്രട്ടറി, സൂപ്രണ്ട്, സെക്‌ഷൻ ക്ലാർക്ക്, ഓവർസീയർ എന്നിവരെ വെള്ളപൂശി ഡേറ്റാ എൻട്രി സ്റ്റാഫിന് എതിരെ റിപ്പോർ‌ട്ട് ഉണ്ടാക്കി കുറ്റവാളികളെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും ഇതിനെ എതിർത്ത ബിജെപി കൗൺസിലർമാരെ യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാർ ഒത്തു ചേർന്നു പൊലീസിനെക്കൊണ്ടു നേരിടുകയായിരുന്നെന്നു ബിജെപി ആരോപിച്ചു.

പൊലീസിനെ വിളിച്ചത് ആരെന്ന് കണ്ടെത്തണം: കെ.വി.ശ്രീകുമാർ

നഗരസഭ കൗൺസിൽ ഹാളിനുള്ളിൽ കയറി കൗൺസിലർമാരെ ബലം പ്രയോഗിച്ചു നീക്കം ചെയ്തതിനെതിരെ പരാതിയുമായി നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ രംഗത്ത്. നഗരസഭ ചെയർമാൻ, സെക്രട്ടറി എന്നിവരുടെ അനുമതിയില്ലാതെ കൗൺസിൽ ഹാളിൽ പ്രവേശിച്ചു താനുൾപ്പെടുന്ന ജനപ്രതിനിധികളോടും മോശമായി പെരുമാറുകയും സഹപ്രവർത്തകരായ ബിജെപി കൗൺസിലർമാരെ ബലം പ്രയോഗിച്ചു നീക്കിയ പൊലീസ് നടപടി ന്യായീകരിക്കാനാവില്ല.

താനോ സെക്രട്ടറിയോ പൊലിസിനെ വിളിച്ചിട്ടില്ല. ആരാണു പൊലീസിനെ വിളിച്ചതെന്നു കൃത്യമായി അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS