ADVERTISEMENT

മാവേലിക്കര ∙ നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം; ബിജെപി കൗൺസിലർമാർ നഗരസഭാധ്യക്ഷനെ തടഞ്ഞുവച്ചു. സ്ഥലത്തെത്തിയ പൊലീസ് ബിജെപി കൗൺസിലർമാരെ നീക്കുന്നതിനിടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.ഇന്നലെ നഗരസഭാ കൗൺസിലി‍ൽ, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഡേറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ജീവനക്കാരിയുടെ കരാർ കാലാവധി പുതുക്കുന്ന കാര്യം ചർച്ച ചെയ്യുമ്പോഴാണു പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ 17നു ചർച്ച ചെയ്ത അജൻഡ നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ട് സഹിതം ഇന്നലെ വീണ്ടും അജൻഡയിൽ ഉൾപ്പെടുത്തിയാണ് അവതരിപ്പിച്ചത്.

കരാർ പുതുക്കരുതെന്നും സർക്കാർ ഉത്തരവനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്നും കോൺഗ്രസ്, സിപിഎം കൗൺസിലർമാർ ആവശ്യപ്പെട്ടു. ജീവനക്കാരിയെ നിലനിർത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് 9 ബിജെപി കൗൺസിലർമാരും ഒരു ജനാധിപത്യ കേരള കോൺഗ്രസ് കൗൺസിലറും ആവശ്യപ്പെട്ടു.ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് കരാർ പുതുക്കരുതെന്ന നിലപാട് നഗരസഭാധ്യക്ഷൻ കെ.വി.ശ്രീകുമാർ സ്വീകരിച്ചു. ബിജെപി അംഗങ്ങൾ ബഹളം വച്ചതോടെ 3 മുന്നണിയിൽ നിന്നും 2 പേരെ വീതം ഉൾപ്പെടുത്തി ആറംഗ ഉപസമിതി രൂപീകരിച്ച് ക്രമക്കേട് അന്വേഷിക്കാമെന്നു നഗരസഭാധ്യക്ഷൻ പറഞ്ഞു. യുഡിഎഫും എൽഡിഎഫും പേരുകൾ നിർദേശിച്ചെങ്കിലും ബിജെപി അംഗങ്ങളുടെ പേരു നിർദേശിച്ചില്ല.

ബഹളം വർധിച്ചതോടെ രണ്ടാമത്തെ അജൻഡ ചർച്ച ചെയ്യാതെ കൗൺസിൽ യോഗം അവസാനിച്ചതായി നഗരസഭാധ്യക്ഷൻ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ബിജെപി കൗൺസിലർമാർ അദ്ദേഹത്തെ കൗൺസിൽ ഹാളിൽനിന്നു പുറത്തുപോകാൻ അനുവദിക്കാതെ തടഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ബിജെപി കൗൺസിലർമാരെ പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് കൗൺസിൽ ഹാളിനുള്ളിൽ കടന്നു ബിജെപി കൗൺസിലർമാരെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടെ നഗരസഭാധ്യക്ഷനോടും മറ്റു ചില കൗൺസിലർമാരോടും പൊലീസ് മോശമായി സംസാരിച്ചെന്ന് ആരോപിച്ചും തർക്കമുണ്ടായി. 

ബിജെപി കൗൺസിലർമാരായ എച്ച്.മേഘനാഥ്, ഗോപൻ സർഗ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്കു കൊണ്ടുപോയ ശേഷമാണ് നഗരസഭാധ്യക്ഷൻ ഹാളിൽനിന്നു പുറത്തിറങ്ങിയത്. തുടർന്ന് ബിജെപി പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും നഗരസഭാ ഓഫിസ് ഉപരോധവും നടത്തി. താനോ സെക്രട്ടറിയോ വിളിച്ചിട്ടല്ല പൊലീസ് എത്തിയതെന്നും അനുവാദമില്ലാതെ കൗൺസിൽ ഹാളിൽ കടന്ന് പൊലീസ് മോശമായി പെരുമാറിയതിനെ ന്യായീകരിക്കാനാവില്ലെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com