ADVERTISEMENT

ലാളിത്യം മുറുകെപ്പിടിച്ച  സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു കെ.ഒ.അബ്ദുൽ ഷുക്കൂർ

മാവേലിക്കര ∙ വീട്ടുകാരുടെ ‘രാജാക്കുഞ്ഞ്’ എന്ന, നാട്ടുകാരുടെ ഷുക്കൂർ സഖാവ് കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ നഷ്ടമാകുന്നതു ലാളിത്യം മുറുകെപ്പിടിച്ച കെ.ഒ.അബ്ദുൽ ഷുക്കൂർ (84) എന്ന സൗമ്യനായ രാഷ്ട്രീയ നേതാവിനെയാണ്. കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, മാവേലിക്കര കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.കൊല്ലം ക്ലാപ്പന വരവിള കൊട്ടക്കാട്ട് വീട്ടിൽ ഉസ്മാൻ സാഹിബിന്റെയും ഫാത്തിമാ ബീവിയുടെയും ആറാമത്തെ മകനായി ജനിച്ച രാജാക്കുഞ്ഞ് പിതാവിന്റെ പാത പിന്തുടർന്നാണു കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായത്.

ഓച്ചിറ പ്രയാർ ആർവിഎസ്എം സ്‌കൂളിൽ വിദ്യാർഥിയായിരിക്കെ, ഇന്റർമീഡിയറ്റിന് പാർട്ട് സംവിധാനം  അനുവദിക്കണം എന്നാവശ്യപ്പെട്ടു നടത്തിയ സമരത്തിൽ പങ്കെടുത്തു സംഘടനാരംഗത്ത് സജീവമായി. 1970 ൽ  മാതാവിന്റെ വീടായ താമരക്കുളം കണ്ണനാകുഴി കളത്തിൽ സ്ഥിര താമസമാക്കി. 1977 ൽ സിപിഎം മാവേലിക്കര താലൂക്ക് കമ്മിറ്റിയംഗം ആയി. മാവേലിക്കര താലൂക്ക് കമ്മിറ്റി ചാരുംമൂട്, മാവേലിക്കര കമ്മിറ്റികളായി 1982ൽ വിഭജിച്ചതിനെ തുടർന്നു മാവേലിക്കര ഏരിയ പ്രവർത്തന മേഖലയാക്കി.

മാവേലിക്കര ഏരിയ സെക്രട്ടറിയായിരുന്ന പി.സുധാകരൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായപ്പോൾ 1985ൽ അബ്ദുൽ ഷുക്കൂർ സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറിയായി. 1997 ൽ പക്ഷാഘാതം വരുന്നതു വരെ ആ സ്ഥാനത്തു തുടർന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിനു കുടുംബജീവിതം തടസ്സമാകുമെന്ന ചിന്തയിൽ  അവിവാഹിതനായി കഴിഞ്ഞ ഷുക്കൂർ തന്റെ പേരിലുള്ള ഭൂമി പലർക്കും നൽകി. 2015 ൽ കണ്ണനാകുഴിയിൽ നിന്നും കുടുംബ വീടായ ക്ലാപ്പന കൊട്ടക്കാട്ടേക്ക് താമസം മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com