ഇങ്ങനെ മുതൽ മുടിക്കരുത്; ചില പദ്ധതികൾ നോക്കുകുത്തി, ചിലതിന്റെ പണി ഇഴയുന്നു, പണി കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാത്തവ വേറെ

നിർമാണം പൂർത്തിയായിട്ട് മാസങ്ങളായിട്ടും പ്രവർത്തനം തുടങ്ങാത്ത ചെറിയ കലവൂരിലെ അസാപ് സ്കിൽ പാർക്ക്.
നിർമാണം പൂർത്തിയായിട്ട് മാസങ്ങളായിട്ടും പ്രവർത്തനം തുടങ്ങാത്ത ചെറിയ കലവൂരിലെ അസാപ് സ്കിൽ പാർക്ക്.
SHARE

ജില്ലയിൽ പണമേറെ ചെലവഴിച്ച ചില  പദ്ധതികൾ നോക്കുകുത്തി; വേറെ ചിലതിന്റെ പണി ഇഴയുന്നു; പണി  കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാത്തവയുമുണ്ട്. ഇത്തരത്തിൽ  ജനത്തിനു പ്രയോജനപ്പെടാത്തപദ്ധതികളെക്കുറിച്ചുള്ള അന്വേഷണം ഇന്നുമുതൽ

ആലപ്പുഴ ∙ പൂർത്തിയായിട്ടും ജനങ്ങൾക്ക് ഉപകാരമില്ലാതായി മാറിയ പദ്ധതികൾ ജില്ലയിൽ പലതുണ്ട്. ഉദ്ഘാടനം കഴിഞ്ഞിട്ടും നടത്തിപ്പിന്റെ പേരിലും ആവശ്യത്തിനു ജീവനക്കാരില്ല, ഉപകരണങ്ങളില്ല എന്നൊക്കെ പറഞ്ഞും ഈ പദ്ധതികൾ നോക്കുകുത്തികളാകുന്നു. ചില പദ്ധതികളാകട്ടെ, നിർമാണം കഴിഞ്ഞു മാസങ്ങളായിട്ടും ഉദ്ഘാടനത്തിന് ‘നല്ല ദിവസം’ നോക്കി കാത്തിരിക്കുകയാണ്. ചില പദ്ധതികൾ നിർമാണഘട്ടത്തിൽത്തന്നെ ഇഴയുകയാണ്. ഇതെല്ലാം നോക്കി നിൽക്കാനാണ് പൊതുജനത്തിന്റെ വിധി.

ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്ത കലവൂരിലെ ഹോംകോയുടെ പുതിയ ഫാക്ടറി കെട്ടിടം.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം തുടങ്ങാത്ത കലവൂരിലെ ഹോംകോയുടെ പുതിയ ഫാക്ടറി കെട്ടിടം.

ചെറിയ കലവൂരിലെ അസാപ് സ്കിൽ പാർക്ക്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ചെറിയ കലവൂരിലെ അസാപ് സ്കിൽ പാർക്ക് പണി പൂർത്തിയായിട്ട് മാസങ്ങളേറെയായി. മെഷിനറി, റോബട്ടിക്സ്, ഐടി തുടങ്ങിയ മേഖലകളിലെ കോഴ്സുകളാണ് ഇവിടെ തുടങ്ങുക.   ചെറിയകലവൂർ ക്ഷേത്രത്തിന് കിഴക്ക് എഎസ് കനാലിനോട് ചേർന്ന് ഒന്നര ഏക്കർ സ്ഥലത്താണ് 26,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം പണിതത്.    ഒരേസമയം 600 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. 20 കോടിയോളം രൂപ ചെലവഴിച്ചായിരുന്നു നിർമാണം.

മാവേലിക്കര നഗരസഭ സ്വകാര്യ ബസ് സ്റ്റാൻ‍ഡ് വളപ്പിലെ ഇഎംഎസ് സ്മാരക ഷോപ്പിങ് കോംപ്ലക്സ്.
മാവേലിക്കര നഗരസഭ സ്വകാര്യ ബസ് സ്റ്റാൻ‍ഡ് വളപ്പിലെ ഇഎംഎസ് സ്മാരക ഷോപ്പിങ് കോംപ്ലക്സ്.

ഹോംകോ ഫാക്ടറി കെട്ടിടം

ദേശീയപാതയിൽ കലവൂരിൽ കെഎസ്ഡിപിക്ക് എതിർവശത്തെ സർക്കാർ സഹകരണ ഹോമിയോ മരുന്ന് നിർമാണ സ്ഥാപനമായ ഹോംകോയുടെ പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. 21 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. എന്നാൽ ഇതുവരെയും ഫാക്ടറി പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

പ്രവർത്തനം തുടങ്ങാത്ത തഴുപ്പ് ഹൗസ്ബോട്ട് ജെട്ടി. ‍‌
പ്രവർത്തനം തുടങ്ങാത്ത തഴുപ്പ് ഹൗസ്ബോട്ട് ജെട്ടി. ‍‌

മാവേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡിലെ വ്യാപാരമന്ദിരം

മാവേലിക്കര നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ നഗരസഭ കൗൺസിലിന്റെ അവസാന കാലത്ത് വ്യാപാര മന്ദിരം ഉദ്ഘാടനം ചെയ്തിരുന്നു. ഇഎംഎസ് സ്മാരക മന്ദിരം എന്നാണ് പേരിട്ടത്.   ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും കെട്ടിടം ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല. കോവിഡ് സാഹചര്യത്തിൽ കെട്ടിടം ലേലം ചെയ്യാൻ കഴിഞ്ഞില്ല.    പിന്നീട് ലേലം ചെയ്യാനോ കെട്ടിടം വാടകയ്ക്ക് എടുക്കാനോ ആരും തയാറാകാഞ്ഞതോടെ കെട്ടിടം അടഞ്ഞു കിടക്കുകയാണ്.

തഴുപ്പിലെ പാർക്കും ഹൗസ്ബോട്ട് ജെട്ടിയും 

കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പിൽ 1.25 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയായ പാർക്കും ഹൗസ്ബോട്ട് ജെട്ടിയും ഒന്നര വർഷം മുൻപാണ് ഉദ്ഘാടനം ചെയ്തത്.    വികസനത്തിൽ വളരെയധികം പിന്നാക്കം നിൽക്കുന്ന ഉൾപ്രദേശമാണ് തഴുപ്പ് ഗ്രാമം. എ.എം.ആരിഫ് എംപി എംഎൽഎയായിരുന്ന കാലത്ത് എംഎൽഎ ഫണ്ടിൽനിന്നാണ് നിർമാണം നടത്തിയത്.   വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടെ കായലിനോടു ചേർന്ന് റസ്റ്ററന്റ്, കുട്ടികളുടെ പാർക്ക്, കോഫി ഹൗസ്, വിശ്രമിക്കാനുള്ള സൗകര്യം, ശുചിമുറികൾ എന്നിവയാണ് നിർമിച്ചിരിക്കുന്നത്. പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്.

മണ്ണഞ്ചേരി സിദ്ധ ആശുപത്രിക്കെട്ടിടം

ജില്ലയിലെ ഏക സിദ്ധ ആശുപത്രിക്കെട്ടിടമാണ് മണ്ണഞ്ചേരി പഞ്ചായത്തിൽ കണക്കൂർ ക്ഷേത്രത്തിനു സമീപമുള്ളത്. കിടത്തിച്ചികിത്സയ്ക്കായി 9 വർഷത്തോളം മുൻപ് നിർമിച്ച കെട്ടിടം ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.   ഇവിടേക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയെങ്കിലും ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിനാലാണ് പ്രവർത്തനം തുടങ്ങാത്തത്. എംഎൽഎ ഫണ്ടിൽ നിർമിച്ച മൂന്നുനില കെട്ടിടത്തിൽ പഞ്ചായത്ത് 7 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കട്ടിലും മറ്റു സൗകര്യങ്ങളും ഒരുക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS