ആലപ്പുഴ ∙ പതിനാറു വർഷം മുൻപ് ചെങ്ങന്നൂരിലെ മൈതാനത്ത് കൂട്ടുകാർക്കും കൂടപ്പിറപ്പുകൾക്കുമൊപ്പം ക്രിക്കറ്റ് കളിക്കുമ്പോൾ അനുജ് ജോതിൻ എന്ന പത്തുവയസ്സുകാരൻ ഒരിക്കലും കരുതിക്കാണില്ല, 16 വർഷങ്ങൾക്കിപ്പുറം സനത് ജയസൂര്യയും കുമാർ സംഗക്കാരയും മഹേല ജയവർധനയും ഉൾപ്പെടെയുള്ള ശ്രീലങ്കൻ ഇതിഹാസങ്ങൾ റൺമല തീർത്ത പ്രേമദാസ സ്റ്റേഡിയത്തിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന്.
ആലപ്പുഴയിൽ നിന്ന് ക്രിക്കറ്റ് ബാലപാഠങ്ങൾ പഠിച്ച് കേരള ക്രിക്കറ്റിലൂടെ വളർന്ന അനുജ്, ഇപ്പോൾ ശ്രീലങ്കയിലെ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ശ്രീലങ്കയിലെ ചിലൗ മരിയൻസ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയാണ് അനുജ് കളിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽത്തന്നെ നിർണായക അർധ സെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയാകാനും ഈ വലംകയ്യൻ ഓൾ റൗണ്ടർക്കു സാധിച്ചു.
പ്രഫഷനൽ ക്രിക്കറ്റിലേക്ക്
ചേട്ടൻ അക്ഷയ് ജോതിനും ഇരട്ട സഹോദരൻ അഭയ് ജോതിനുമൊപ്പമാണ് അനുജ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ക്രിക്കറ്റിലുള്ള താൽപര്യം കണ്ട് മൂവരെയും രക്ഷിതാക്കൾ ചെങ്ങന്നൂരിലെ ക്രിക്കറ്റ് അക്കാദമിയിൽ അയച്ചു. അവിടെനിന്ന് അധികം വൈകാതെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമിയിലേക്കു സിലക്‌ഷൻ ലഭിച്ചു. 8ാം ക്ലാസ് കെസിഎ അക്കാദമിയിലാണ് അനുജ് പഠിച്ചതും പരിശീലിച്ചതും.
തുടർന്ന് അണ്ടർ 14, 16, 19, 23 വിഭാഗങ്ങളിൽ കേരള ടീമിനെ പ്രതിനിധീകരിച്ച അനുജ്, അഭ്യന്തര ക്രിക്കറ്റിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിനിടെയാണ് കേരള ടീം മുൻ ക്യാപ്റ്റനും മുൻ ഐപിഎൽ താരവും പരിശീലകനുമായ റൈഫി വിൻസന്റ് ഗോമസിനെ പരിചയപ്പെടുന്നത്. അവിടെ നിന്നാണ് അനുജിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ അടുത്ത ഇന്നിങ്സ് ആരംഭിച്ചത്.
ബെൽ ഇൻ ടർഫിലേക്ക്
റൈഫിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള ബെൽ ഇൻ ടർഫ് അക്കാദമിയെക്കുറിച്ച് അനുജ് അറിയുന്നത് ഒരു സുഹൃത്തു വഴിയാണ്. അങ്ങനെ പരിശീലനത്തിന് അവിടെയെത്തി. റൈഫി മുൻപു കളിച്ചിട്ടുള്ള ക്ലബ്ബാണ് ശ്രീലങ്കയിലെ ചിലൗ മരിയൻസ്. അവർക്കു പുതിയൊരു ബാറ്ററെ വേണമെന്ന് റൈഫിയോട് ആവശ്യപ്പെട്ടപ്പോൾ നറുക്കുവീണത് അനുജിനായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ കൂടി പിന്തുണച്ചതോടെ അനുജ് ലങ്കയിലെത്തി.
ലങ്കൻ രാജ്യാന്തര താരങ്ങൾ ഉൾപ്പെടെ കളിക്കുന്ന ലിസ്റ്റ് എ ടൂർണമെന്റിൽ കളിക്കാൻ സാധിക്കുന്നത് തന്റെ കരിയറിന്റെ വളർച്ചയ്ക്കു നിർണായകമാകുമെന്ന് അനുജ് വിശ്വസിക്കുന്നു. ഭാവിയെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും നിലവിൽ ഇവിടെയുള്ള മത്സരങ്ങളിൽ മികവു തെളിയിക്കുകയാണ് ലക്ഷ്യമെന്നും അനുജ് പറഞ്ഞു. ആലപ്പുഴ സ്കൈ ലാർക്ക് ബി ക്ലബ് അംഗമാണ് അനുജ്. ചെങ്ങന്നൂർ പുത്തൻതെരുവ് മുണ്ടൻകാവ് സ്വദേശികളായ പരേതനായ ജ്യോതി അനിയന്റെയും ഷീബ ജ്യോതിയുടെയും മകനാണ്.