ADVERTISEMENT

ജില്ലയിൽ പണമേറെ ചെലവഴിച്ച ചില  പദ്ധതികൾ നോക്കുകുത്തി; വേറെ ചിലതിന്റെ പണി ഇഴയുന്നു; പണി  കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാത്തവയുമുണ്ട്. ഇത്തരത്തിൽ  ജനത്തിനു പ്രയോജനപ്പെടാത്ത പദ്ധതികളെക്കുറിച്ചുള്ള അന്വേഷണം അവസാനഭാഗം 

പ്രീതികുളങ്ങര മിനി സ്റ്റേഡിയം

മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര സ്കൂളിനോട് ചേർന്ന് 5.15 കോടിയോളം രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയിൽ സ്ഥാപിച്ച മിനി സ്റ്റേഡിയമാണിത്. കലവൂർ എൻ.ഗോപിനാഥിന്റെ സ്മരണാർഥമുള്ള സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കും സെവൻസ് ഫുട്ബോൾ ഗ്രൗണ്ടുമെല്ലാമുണ്ട്.

ആരോഗ്യവിഭാഗം ഓഫിസിനു വേണ്ടി വഴിച്ചേരിയിൽ ഉദ്ഘാടനം ചെയ്ത കെട്ടിടം. ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്.
ആരോഗ്യവിഭാഗം ഓഫിസിനു വേണ്ടി വഴിച്ചേരിയിൽ ഉദ്ഘാടനം ചെയ്ത കെട്ടിടം. ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്.

കഴിഞ്ഞ മാസം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം ഇതുവരെയും പൂർണതോതിൽ പ്രവർത്തന സജ്ജമായിട്ടില്ല. ഇതിന്റെ നടത്തിപ്പ് പഞ്ചായത്തിനാണോ സ്പോർട്സ് കൗൺസിലിനാണോ എന്നതിലാണ് തർക്കം.

എണ്ണക്കാട് സ്മാർട് വില്ലേജ് ഓഫിസ്

എണ്ണക്കാട് സ്മാർട്ട് വില്ലേജ് ഓഫിസ് മേയ് 6ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. പുതിയ ഇരുനിലക്കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതാണ് കാരണം. ഒന്നര വർഷം മുൻപ് മറ്റൊരു സ്ഥലത്തേക്കു മാറ്റിയ ഓഫിസ് ‌ഇപ്പോഴും അവിടെത്തന്നെ പ്രവർത്തിക്കുകയാണ്.

അരൂക്കുറ്റിയിലെ ഹൗസ്ബോട്ട് കേന്ദ്രം

അരൂക്കുറ്റിയിൽ ഒന്നരവർഷം മുൻപ് ഉദ്ഘാടനം നടത്തിയ ഹൗസ്ബോട്ട് കേന്ദ്രം തുറന്നു കൊടുക്കാത്തതിനാൽ നശിച്ചുതുടങ്ങി. 4 വർഷം മുൻപാണ് മെഗാ ടൂറിസം പദ്ധതിയിൽ അരൂക്കുറ്റിയിലെ പഴയ ബോട്ടുജെട്ടിയിൽ ഒന്നരക്കോടി രൂപയോളം ചെലവഴിച്ചു കേന്ദ്രം നിർമിച്ചത്.    15 ഹൗസ്ബോട്ടുകൾ അടുപ്പിക്കാനുള്ള സൗകര്യം, റിസപ്ഷൻ ബ്ലോക്ക്, യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറി, വാഹന പാർക്കിങ്, വാച്ച് ടവർ, വിശ്രമിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നത്. കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതോടൊപ്പമുള്ള മറ്റു നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല.

ആലപ്പുഴ ഷീ ലോഡ്ജ്

  ആലപ്പുഴ നഗരസഭ തുടങ്ങിയ ഷീ ലോഡ്ജ് തുറക്കാത്ത നിലയിൽ.
ആലപ്പുഴ നഗരസഭ തുടങ്ങിയ ഷീ ലോഡ്ജ് തുറക്കാത്ത നിലയിൽ.

ആലപ്പുഴ നഗരത്തിൽ വരുന്ന സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കാനാണ് നോർത്ത് പൊലീസ് സ്റ്റേഷന് സമീപം 3 വർഷം മുൻപ് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത്.    താഴത്തെ നിലയിലെ മുറി കുടുംബശ്രീക്ക് സുഭിക്ഷ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകി. ഒന്നാം നിലയിൽ 12 മുറികൾ ഷീ ലോഡ്ജ് ആയിട്ടുണ്ട്. ഉദ്ഘാടനം നടത്തിയ ശേഷം ഇതുവരെയും മുറികൾ താമസക്കാർക്ക് നൽകിയില്ല.

വഴിച്ചേരി ഹെൽത്ത് സെന്റർ

ആലപ്പുഴ നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികൾക്കും ജീവനക്കാർക്കും സ്വന്തമായി ഓഫിസ് കെട്ടിടം ഇല്ലെന്ന പരാതി പരിഹരിച്ച് വഴിച്ചേരിയിൽ 3 നിലയുള്ള ഹെൽത്ത് സെന്റർ നിർമിച്ചിട്ട് 4 വർഷം കഴിയുന്നു. ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയ കെട്ടിടം അന്നു മുതൽ സാമൂഹികവിരുദ്ധരുടെ താവളമായി. നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് നോക്കുകുത്തിയായത്.

ആലപ്പുഴ നഗരസഭ ശതാബ്ദി സ്മാരകം

 ആലപ്പുഴ നഗരസഭാ ശതാബ്ദി സ്മാരകം.
ആലപ്പുഴ നഗരസഭാ ശതാബ്ദി സ്മാരകം.

ആലപ്പുഴ നഗരസഭയുടെ ശതാബ്ദി സ്മാരകം 18 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തിട്ട് വർഷം 3 കഴിഞ്ഞു. ഓഫിസ് സംവിധാനം പുതിയ മന്ദിരത്തിലേക്ക് മാറ്റിയില്ല. ഇതിനിടെ കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com