അമ്പലപ്പുഴ ∙ ട്രോളിങ് നിരോധന കാലത്ത് ചാകരയുടെ ലക്ഷണം ഉണ്ടായിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടുന്നില്ല. കിട്ടുന്ന മീൻ വിറ്റാൽ ഇന്ധനച്ചെലവ് പോലും കണ്ടെത്താനാകുന്നില്ല. ഇതിനാൽ വലിയ വള്ളങ്ങൾ മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പുതിയ റജിസ്ട്രേഷൻ പൂർത്തിയായ സാഹചര്യത്തിൽ ഒരു വലിയ വള്ളത്തിന് അനുവദിച്ചിരിക്കുന്നത് 136 ലീറ്റർ മണ്ണെണ്ണയാണ്. മത്സ്യബന്ധനത്തിനു പോകുന്ന വള്ളത്തിൽ 150 മുതൽ 200 ലീറ്റർ മണ്ണെണ്ണ ദിവസവും വേണ്ടി വരും. വലിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങി ജോലിക്ക് പോയി മെച്ചപ്പെട്ട നിലയിൽ മീൻ കിട്ടാതെ വന്നാൽ വള്ളം ഉടമയ്ക്ക് വൻ കടബാധ്യതയാകും.
പുറക്കാട് കരൂർ അയ്യൻകോയിക്കൽ തീരദേശത്താണ് ചാകരയുടെ ലക്ഷണമുള്ളത്. മറ്റ് പ്രദേശങ്ങളിൽ നിന്ന് വലുതും ചെറുതുമായ വള്ളങ്ങൾ ഇവിടെ എത്തിച്ചിട്ടുണ്ട്.ട്രോളിങ് നിരോധനം ജൂലൈ 31 വരെ തുടരും. ഇനിയുള്ള ദിവസങ്ങളിൽ ചെമ്മീനും അയലയും മത്തിയും വലയിൽ കിട്ടിയില്ലെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് ചാകര കാലത്തും കടവും ബാധ്യതയും മാത്രമാകും മിച്ചം.
ഇതിനിടെ തീരമേഖലയിൽ വളർച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് വ്യാപകമായത് മത്സ്യസമ്പത്തിന് ഭീഷണിയായി . ചെറിയ അയലയും മത്തിയും പിടിക്കാനാണ് അനുമതിയുള്ളത്. ചാകര പ്രദേശം കേന്ദ്രീകരിച്ച് രൂപീകരിച്ച ജനകീയ സമിതിയും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും തോട്ടപ്പള്ളി തീരദേശ പൊലീസും തീരദേശത്തെത്തി പരിശോധന നടത്തി.
ചെറിയ മീനുകൾ പിടിക്കുന്നത് തീരദേശ മേഖലയ്ക്ക് ഭാവിയിൽ വൻ നഷ്ടമാകും ഉണ്ടാക്കുക. ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ട്രോളിങ് നിരോധനം കഴിയുമ്പോൾ വലിയ മീനുകൾ കിട്ടാതെ വരും.
കെ. ദാസപ്പൻ, (ജനകീയ സമിതി അംഗം, അയ്യൻകോയിക്കൽ)
ട്രോളിങ് നിരോധനകാലത്ത് വള്ളം ഇറക്കിയതിന്റെ പേരിൽ ഇതു വരെ 3 ലക്ഷം രൂപയ്ക്ക് മേൽ നഷ്ടം ഉണ്ടായി. വരും ദിവസങ്ങളിൽ കാര്യമായ ചാകര കിട്ടിയില്ലെങ്കിൽ മത്സ്യബന്ധനം പ്രതിസന്ധിയിലാകും.
കെ.ഡി. അഖിലാനന്ദൻ (ആണ്ടിയാർ ദീപം വള്ളമുടമ)