ആലപ്പുഴ ∙ നഗരത്തിൽ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും സ്മൃതി മണ്ഡപങ്ങൾക്കും കൊടിമരങ്ങൾക്കും നേർക്ക് ആക്രമണം. ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ അടിച്ചുടച്ചു. എകെജി സെന്ററിനു നേർക്ക് ബോംബെറിഞ്ഞെന്ന വാർത്തയെ തുടർന്ന് നഗരത്തിൽ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തെ തുടർന്നാണ് അക്രമങ്ങൾ നടന്നതെന്നു കോൺഗ്രസ് ആരോപിച്ചു. വഴിച്ചേരിയിൽ ഹെഡ് പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപമുള്ള ഇന്ദിരാസ്മൃതി മണ്ഡപത്തോട് ചേർന്നുള്ള പ്രതിമയുടെ വലതുകൈയാണ് അടിച്ചുടച്ചത്.

കൊടിമരവും തകർത്തു. ഇതിനു മുൻപും ഈ പ്രതിമ തകർത്തിട്ടുണ്ട്. കോൺഗ്രസിന്റെ ചാത്തനാട് മന്നം ജംക്ഷനിലും വെള്ളക്കിണർ ജംക്ഷനു പടിഞ്ഞാറും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും ഇതിനൊപ്പം തകർത്തു. വെള്ളക്കിണറിലെ രാജീവ്സ്മൃതി മണ്ഡപവും കൊടിമരവും 2 മാസം മുൻപ് രാത്രിയിൽ ചിലർ തകർത്തിരുന്നു. ഇതേ തുടർന്ന് പുനഃസ്ഥാപിച്ചതാണ് ഇപ്പോൾ വീണ്ടും തകർത്തത്.ആക്രമണങ്ങൾക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സിപിഎം ക്വട്ടേഷൻ സംഘമായി അധഃപതിച്ചു : ബി. ബാബുപ്രസാദ്
ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്ന ക്വട്ടേഷൻ സംഘമായി ആലപ്പുഴയിലെ സിപിഎം അധഃപതിച്ചതായി ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നോർത്ത്, സൗത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തിൽ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്മൃതിമണ്ഡപങ്ങൾ തകർത്തത് രാഷ്ട്രീയ കാടത്തം ആണ്. ആലപ്പുഴ, അമ്പലപ്പുഴ എംഎൽഎ മാരുടെ ഒത്താശയോടെയാണോ ഇത് എന്നു വ്യക്തമാക്കണം. സിപിഎം ക്രിമനലുകളെ അറസ്റ്റ് ചെയ്യാതെ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമാണോ അറസ്റ്റ് വൈകുന്നതിനുള്ള കാരണമെന്ന് ജില്ലാ പൊലീസ് വ്യക്തമാക്കണെമെന്ന് ബാബു പ്രസാദ് ആവശ്യപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിറിയക് ജേക്കബ് അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, മോളി ജേക്കബ്, ജി. മനോജ്കുമാർ, ജി. സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്, റീഗോരാജു, സി.വി. മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബഷീർ കോയാപറമ്പൻ, സീനത്ത് നാസർ, നുഹുമാൻകുട്ടി, കെ.എ. സാബു, ഗിരീശൻ, പി. രാജേന്ദ്രൻ, നൂറുദീൻകോയ, ഷമീർ ബക്കർ, ഗോപകുമാർ, ബോബൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.