ആലപ്പുഴ ∙ മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ യുഡിഎഫും ബിജെപിയും ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നിൽ നടന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. എകെജി സെന്ററിനു നേരെയുണ്ടായ ബോംബ് ആക്രമണത്തെ യുഡിഎഫ് തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്യേണ്ടതല്ലേയെന്ന് അവർ ചോദിച്ചു. കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന കാലത്ത് ബോംബ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായത് കെ.സുധാകരനാണെന്നും ഇത് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് ആരാണെന്നു ജനം സംശയിച്ചാൽ തെറ്റുണ്ടോയെന്നും ശ്രീമതി ചോദിച്ചു.സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ലോപ്പസ് മാത്യു, വി.ജി. രവീന്ദ്രൻ, സിബി ജോസ്, ഐ. ഷിഹാബുദീൻ, എ.എ. അമീൻ, കെ.സി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ഷാജി കടമല തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും ജീവൻ നൽകിയും സംരക്ഷിക്കുമെന്നു പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. എകെജി സെന്ററിനെതിരെ ഉണ്ടായ ബോംബേറിലും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നു.
സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: സജി ചെറിയാൻ
ആലപ്പുഴ ∙ സോളർ കേസ് പ്രതി സരിത ചില യുഡിഎഫ് നേതാക്കളെ കുറിച്ചു തന്നോടു പറഞ്ഞ കാര്യങ്ങൾ പുറത്തുവിടാത്തത് അക്കാലത്ത് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞതു കൊണ്ടാണെന്നു മന്ത്രി സജി ചെറിയാൻ. ബിജെപിയും യുഡിഎഫും യോജിച്ച് നടത്തുന്ന സമരവും അക്രമവും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സജി ചെറിയാൻ പറഞ്ഞു.