ADVERTISEMENT

ആലപ്പുഴ ∙ ജില്ലയുടെ തീരമേഖലയിൽ കടലേറ്റം രൂക്ഷം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി മുതൽ പുന്നപ്ര വരെയുള്ള പ്രദേശങ്ങൾ, കടക്കരപ്പള്ളി ഒറ്റമശേരി എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടാകുന്നത്. ആറാട്ടുപുഴ വലിയഴീക്കലും, തൃക്കുന്നപ്പുഴ പ്രണവം ജംക്‌ഷനിലും കടൽഭിത്തി മണ്ണിനടിയിലായതോടെ തീരദേശ റോഡ് വരെ കടൽ കയറുന്ന അവസ്ഥയാണ്. വലിയഴീക്കലിൽ ഏതാനും ആഴ്ചകളായി കടൽ കയറി റോഡിൽ‌ മണ്ണ് മൂടി ഗതാഗതം തടസ്സപ്പെടുകയാണ്. മേഖലയിൽ ജിയോബാഗ് സ്ഥാപിക്കാൻ പദ്ധതിയുണ്ടെങ്കിലും സർക്കാർ ഇതുവരെ ഫണ്ട് അനുവദിക്കാത്തതിനാൽ പ്രാരംഭ നടപടി പോലും ആയിട്ടില്ല. അടിയന്തര സാഹചര്യത്തിൽ നൽകാറുള്ള കലക്ടറുടെ ഫണ്ടും ഇക്കുറി ലഭിച്ചില്ല. 

തോട്ടപ്പള്ളിക്കും പുന്നപ്രയ്ക്കും ഇടയിൽ ഒറ്റപ്പന, ആനന്ദേശ്വരം, പുന്തല, പുറക്കാട് കരൂർ, കാക്കാഴം, നീർക്കുന്നം, വണ്ടാനം, ചള്ളി തീരദേശത്താണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കടൽ കലിതുള്ളി കരയിലേക്ക് കയറിയത്. മിക്ക വീടുകളിലും അ‌ടുക്കളയിൽ വരെ വെള്ളം കയറി. ഒറ്റമശേരിയിൽ കടലാക്രമണത്തിലും കാറ്റിലും 10 തെങ്ങുകൾ കടപുഴകി വീണു. ശക്തമായ തിര വീടുകളുടെയും ശുചിമുറികളുടെയും ഭിത്തിയിലേക്ക് അടിക്കുന്നുണ്ട്. ഇരുപതോളം വീടുകൾ സുരക്ഷാ ഭീഷണിയിലാണ്. കഴിഞ്ഞ ഞായറാഴ്ച ആൾത്താമസമില്ലാത്ത ഒരു വീട് വീണിരുന്നു. കടൽവെള്ളം വീടുകളുടെ മുറ്റത്തും റോഡിലേക്കും ഒഴുകിയെത്തുന്നുണ്ട്. താൽക്കാലിക പരിഹാരമായി കരിങ്കല്ലുകൾ ഇറക്കി തീരം സംരക്ഷിക്കുന്നതിന് 22ന് ചേർന്ന മന്ത്രിസഭാ യോഗം 95 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ കല്ലിട്ട് തുടങ്ങിയിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com