ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിലാർ തീരം വെള്ളപ്പൊക്ക ഭീതിയിൽ

  അച്ചൻകോവിലാറ്റിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന നിലയിൽ.
അച്ചൻകോവിലാറ്റിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന നിലയിൽ.
SHARE

ചാരുംമൂട്∙ മഴയുടെ ശക്തി വർധിച്ചതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ ഇടപ്പോൺ, ആറ്റുവ, ചെറുമുഖ പ്രദേശങ്ങളിലെ ജനങ്ങൾ വെള്ളപ്പൊക്കം ഉണ്ടാകുമോയെന്ന ആശങ്കയിൽ.കഴിഞ്ഞ രണ്ട് ദിവസമായി ആറ്റിലെ ജലനിരപ്പ് ഉയരുകയാണ്. ഇതോടൊപ്പമാണ് കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് എത്തിയത്. വർഷങ്ങളായി വെള്ളപ്പൊക്കത്തിലുണ്ടാകുന്ന ദുരന്തങ്ങൾ കാരണം ഈ പ്രദേശത്തെ ജനങ്ങൾ ശാശ്വതമായ പരിഹാരത്തിനായി മുറവിളി നടത്തിയിട്ടും പരിഹാരം കാണാൻ കഴിഞ്ഞില്ല.

ഓരോ വർഷവും വെള്ളപ്പൊക്കത്തിന് മുന്നോടിയായി ഈ പ്രദേശത്തെ ജനങ്ങൾ‌ പ്രതീക്ഷയോടെ കാത്തിരിക്കുമെങ്കിലും നടപടികൾ സ്വീകരിക്കാറില്ല. വെള്ളപ്പൊക്ക സമയത്ത് ജനപ്രതിനിധികൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.തോരാത്ത മഴയെ തുടർന്ന് ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. മഴ ഇതേ രീതിയിൽ തുടർന്നാൽ‌ കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കയറാനാണ് സാധ്യത.

പഞ്ചായത്ത് പ്രദേശങ്ങളിലെ തോടുകളിൽ ജലനിരപ്പ് ഉയർന്നു. തറപ്രദേശങ്ങളിൽ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പച്ചക്കറികളിലും കരകൃഷികളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. നൂറനാട്, പാലമേൽ, താമരക്കുളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറി തുടങ്ങിയിരിക്കുന്നത്.ഇതോടൊപ്പം നവംബർ ആദ്യം തന്നെ കൃഷിയിറക്കേണ്ട കരിങ്ങാലിൽ, പെരുവേലിൽചാൽ പുഞ്ചകളിലും വെള്ളത്തിന്റെ അളവ് കൂടി.

കഴിഞ്ഞ ക‍ൃഷിയിൽ ലക്ഷക്കണക്കിന് രൂപയുടെ നെൽക്കൃഷിയാണ് ഇരുപുഞ്ചകളിലുമായി വെള്ളത്തിനടിയിലായത്. ഇത് കാരണം കർഷകർക്കുണ്ടായ നഷ്ടങ്ങൾ നികത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. വീണ്ടും വെള്ളത്തിന്റെ അളവ് കൂടിയാൽ വെള്ളം വറ്റിച്ച് കൃഷിയിറക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഈ പുഞ്ചകളിൽ ഇല്ല. ഇത് കാരണം നവംബറിലെ കൃഷിയും ഇറക്കാൻ കഴിയുമോയെന്നുള്ള ആശങ്കയിലാണ് കർഷകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS