ADVERTISEMENT

ആലപ്പുഴ ∙ നാക്കുപിഴയിൽ മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും ആലപ്പുഴയിലെ സിപിഎമ്മിൽ സജി ചെറിയാന്റെ സ്വാധീനം കുറയാൻ സാധ്യതയില്ല. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ സജി ചെറിയാൻ പക്ഷം നേടിയ മേൽക്കൈ ഇല്ലാതാക്കാനുള്ള കരുത്ത് എതിർപക്ഷത്തിനില്ല. അടുത്ത സമ്മേളന കാലം വരെയെങ്കിലും കാര്യങ്ങൾ ഇങ്ങനെ തന്നെ തുടരും. ജില്ലയിലെ 13 ഏരിയ കമ്മിറ്റികളിൽ ഒൻപതും സജി ചെറിയാനൊപ്പമാണ്. ബാക്കി പി.പി.ചിത്തരഞ്ജനടക്കമുള്ളവരെ അനുകൂലിക്കുന്ന വിഭാഗത്തിന് സ്വാധീനമുള്ളവയും. ജില്ലാ കമ്മിറ്റി അംഗങ്ങളിലും ഭൂരിപക്ഷത്തിന്റെ പിന്തുണ സജി ചെറിയാനാണ്.

സജി ചെറിയാൻ പക്ഷത്തെ ദുർബലമാക്കാമെന്ന വലിയ പ്രതീക്ഷയില്ലെങ്കിലും വിവാദ പ്രസംഗം പാ‍ർട്ടി ഘടകങ്ങളിൽ ചർച്ചയാക്കാൻ എതിർപക്ഷം ഒരുങ്ങുന്നുണ്ട്. മന്ത്രിസ്ഥാനത്തിരുന്ന് ഭരണഘടനയെ തള്ളിപ്പറഞ്ഞത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് എതിരാളികൾ പറയുന്നുണ്ട്. വാക്കുകൾ ശ്രദ്ധിക്കണമെന്ന് മുൻപും മന്ത്രിയെ ഓർമിപ്പിച്ചതാണെന്നും അവർ അവകാശപ്പെടുന്നു.സജി ചെറിയാൻ വിരുദ്ധ നീക്കങ്ങൾക്കു ശക്തി കിട്ടാൻ സാധ്യത കുറവാണെങ്കിലും എതിർപക്ഷം ശ്രമിക്കാതിരിക്കില്ലെന്നാണ് നേതാക്കളുടെ വാക്കുകളിലെ വ്യംഗ്യം. ഏറെക്കാലം വി.എസ്.അച്യുതാനന്ദന്റെ കൈപ്പിടിയിലായിരുന്ന ജില്ലയിൽ ഇപ്പോൾ കാര്യങ്ങൾ എത്ര മാറിയെന്ന അനുഭവമാണ് അവർക്കു പറയാനുള്ളത്.   

വിഎസ് പക്ഷം തന്നെ ജില്ലയിൽ അപ്രസക്തമായില്ലേ എന്ന ചോദ്യമുണ്ട് ഒപ്പം. പാർട്ടിയിൽ സ്വാധീനം കുറയില്ലെന്നു മാത്രമല്ല, സജി ചെറിയാനും കൂട്ടരും കൂടുതൽ കരുത്തു നേടാനാണ് സാധ്യതയും. ജില്ലയിൽ ജി.സുധാകരന്റെ നിയന്ത്രണത്തിലായിരുന്ന പാർട്ടിയിലെ സമവാക്യം മാറ്റിയെഴുതാൻ സജി ചെറിയാൻ പക്ഷത്തിന് സംസ്ഥാന നേതൃത്വത്തിൽനിന്ന് ഉണ്ടായിരുന്ന പിന്തുണ കുറയാനും കാരണമൊന്നുമില്ല. പ്രസംഗത്തിൽ പിടിവിട്ടു പോയെങ്കിലും മറ്റൊരു കാര്യത്തിലും സംസ്ഥാന നേതൃത്വത്തിന് സജി ചെറിയാനോട് നീരസമില്ല എന്നത് അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

വ്യക്തിയെന്ന നിലയിൽ ആരെയും പാർട്ടി നേതൃത്വം കണ്ണടച്ചു പിന്തുണയ്ക്കില്ലെന്ന പ്രത്യാശ ഒരു വിഭാഗത്തിനുണ്ട്. മുതിർന്ന നേതാവെന്ന പരിഗണന ജി.സുധാകരന് നൽകാൻ മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും ശ്രദ്ധിച്ചതാണ് അവർ പറയുന്ന ഉദാഹരണം. ജില്ലാ കമ്മിറ്റിയിൽ സുധാകരനെ ക്ഷണിതാവാക്കിയതും ജില്ലാ സമ്മേളനത്തിൽ അദ്ദേഹത്തെ വ്യക്തിപരമായി വിമർശിക്കുന്നത് മുഖ്യമന്ത്രി തന്നെ വിലക്കിയതും ആ പരിഗണന കാരണമാണ്. സുധാകരൻ അനുകൂലികളോട് പകയോടെ നടത്തിയ ചില നീക്കങ്ങൾക്ക് നേതൃത്വം തടയിട്ടതും അടുത്ത കാലത്താണ്. നൂറനാട്ടെ സ്കൂൾ നിയമനത്തിന്റെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് തരംതാഴ്ത്തിയ കെ.രാഘവനെ വീണ്ടും ഉൾപ്പെടുത്തിയതും വ്യക്തിവിദ്വേഷം വേണ്ടെന്ന നേതൃത്വത്തിന്റെ നിലപാടായി സജി ചെറിയാൻ വിരുദ്ധർ വ്യാഖ്യാനിക്കുന്നു.

പകരക്കാരനുണ്ടോ? എങ്കിൽ ആര്?

പുതിയ മന്ത്രി ഉടനില്ലെന്ന് സിപിഎം നേതൃത്വം സൂചിപ്പിക്കുന്നുണ്ടെങ്കിലും സാധ്യതകളെപ്പറ്റി ചിന്തിക്കുന്നവരുണ്ട് പാർട്ടിയിൽ. സാധ്യതാ പട്ടികയിൽ പി.പി.ചിത്തരഞ്ജനെയാണ് ചിലർ കാണുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യില്ല. ഒൻപതിൽ 8 സീറ്റും എൽഡിഎഫിനു നേടിക്കൊടുത്ത ജില്ലയ്ക്ക് മന്ത്രിസഭയിൽ പാർട്ടിയുടേതായ ഇടം വേണമെന്നത് പാർട്ടി പരിഗണിച്ചേക്കും.

സജി ചെറിയാൻ ഒഴിയുന്ന ഫിഷറീസ് വകുപ്പ് ജില്ലയെ സംബന്ധിച്ച് പ്രധാനവുമാണ്. മത്സ്യഫെഡ് ചെയർമാനായും മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവായും ചിത്തരഞ്ജൻ ഈ രംഗത്ത് പരിചയസമ്പന്നനാണ്. പാർട്ടി സീനിയോറിറ്റിയുടെ കാര്യത്തിൽ ചിത്തരഞ്ജനും എച്ച്.സലാമുമാണ് ജില്ലയിലെ എംഎൽഎമാരിൽ മുന്നിൽ. രണ്ടുപേരും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com