ADVERTISEMENT

ആലപ്പുഴ ∙ തന്റെ ഭാര്യയോട് വാഹന പരിശോധനയുടെ പേരിൽ മോശമായി പെരുമാറിയ എസ്ഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിയമ നടപടിയിലേക്കു പോകുമെന്ന് ജയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ് കുമാർ. പരാതി നൽകിയതിനു പിന്നാലെ ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ  അന്വേഷണം നടത്തുന്ന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജ് മൊഴി നൽകി. സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.

അതേസമയം, തന്നോട് ഡിഐജിയുടെ ഭാര്യയാണ് മോശമായി പെരുമാറിയതെന്നാണ് എസ്ഐ പറയുന്നത്. അതേപ്പറ്റി വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും പറഞ്ഞു.‘‘കഴിഞ്ഞ ദിവസം ഗുരുപുരം ജംക്‌ഷനിൽ വാഹനപരിശോധനയുടെ ഭാഗമായി സ്കൂട്ടറിന്റെ രേഖകൾ കാണിക്കാൻ അവരോട് ആവശ്യപ്പെട്ടു.

അത്യാവശ്യമായി ആശുപത്രിയിലേക്ക് പോകുകയാണെന്നു പറഞ്ഞപ്പോൾ പൊയ്ക്കൊള്ളാനും രേഖകൾ സ്റ്റേഷനിൽ ഹാജരാക്കിയാൽ മതിയെന്നും പറഞ്ഞു. അതിനുള്ള അധികാരം തനിക്കുണ്ടോ എന്ന് അവർ ചോദിച്ചു. ഉണ്ടെന്ന് മറുപടി നൽകി. അവർ ജയിൽ ഡിഐജിയുടെ ഭാര്യയാണെന്നു പറയുകയും ഫോണിൽ ആരെയോ വിളിച്ച് ഇവൻ അഹങ്കാരിയാണെന്നു പറയുകയും എന്റെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു.   

ഫോൺ എനിക്കു നേരെ നീട്ടി. കോവിഡ് സമയമായതിനാൽ മറ്റൊരാളുടെ ഫോണിൽ സംസാരിക്കേണ്ട കാര്യമില്ലെന്ന് മറുപടി നൽകി’’– എസ്ഐ പറയുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു സ്ത്രീ പൊലീസിനോടു തട്ടിക്കയറുമോ എന്നാണ് ഡിഐജി ചോദിക്കുന്നത്. സുഖമില്ലാതെ കിടക്കുന്നയാൾക്ക് മരുന്നു വാങ്ങാൻ പോയ സ്ത്രീയെയാണ് ഏറെ നേരം എസ്ഐ തടഞ്ഞു നിർത്തിയത്. ഈ എസ്ഐയെപ്പറ്റി വേറെയും പരാതികളുണ്ട്. ജനങ്ങളോട് മര്യാദയോടെ പെരുമാറേണ്ട ഉദ്യോഗസ്ഥർ പൊലീസെന്ന അധികാരത്തിൽ ഇത്തരത്തിൽ പെരുമാറിയാലുള്ള ഫലം ബന്ധപ്പെട്ടവർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com