ADVERTISEMENT

ആലപ്പുഴ∙ ഇംഗ്ലണ്ടിലെ ലെസ്റ്റർ സ്റ്റേഡിയത്തിൻറെ പേര് മാറ്റിയത് കഴിഞ്ഞ ദിവസം ആയിരുന്നു , ഗാവസ്‌കർ ഗ്രൗണ്ട് എന്നായിരിക്കും  ഇനി ഈ മൈതാനം അറിയപ്പെടുക. യുഎസിലെ കെന്റക്കിയിലും ,ടാൻസാനിയയിലെ സാൻസിബാറിലും ഗാവസ്കറിൻറെ പേരിൽ സ്റ്റേഡിയങ്ങളുണ്ട്. പക്ഷേ യൂറോപ്പിൽ സ്വന്തം നാമത്തിൽ  സ്റ്റേഡിയം ഉള്ള ആദ്യ ക്രിക്കറ്റ് താരം എന്ന നേട്ടം ഇതോടെ ഗാവസ്കറിന്റെ പേരിലായി. 

ഇംഗ്ലണ്ടിലോ യൂറോപ്പിലെ മറ്റെവിടെയെങ്കിലുമോ തന്റെ പേരിൽ ഒരു ഗ്രൗണ്ട് ഉള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഗാവസ്കർ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഗാവസ്കറിൻറെ പേരിൽ ഗ്രൗണ്ടുകൾ ഉണ്ട്. പക്ഷേ കേരളത്തിലെ ഒരു ഗ്രാമത്തിൽ  ഗാവസ്കറിൻറെ പേരിൽ ഒരു സ്‌റ്റേഡിയം ഉണ്ടെന്നറിഞ്ഞാലോ, ഏതെങ്കിലും സ്പോർട്സ് ക്ലബ്ബ് നൽകിയ പേരാകും അതെന്ന് കരുതരുത്. സ്റ്റേഡിയം  ഉദ്‌ഘാടനത്തിനു  വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്കെത്തിയതും ലോക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസം അന്നത്തെ ലിറ്റിൽ  മാസ്റ്റർ സാക്ഷാൽ സുനിൽ ഗാവസ്‌കറാണെന്നതും അവശ്വസനീയമായി തോന്നാം.

alappuzha-gavaskar2

1986 ൽ മാവേലിക്കര നഗരത്തിനു  സമീപമുള്ള തഴക്കര പഞ്ചായത്തിലെ കല്ലുമല ആക്കനാട്ടുകരയിലുള്ള ബിഷപ് മൂർ  വിദ്യാപീഠ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌റ്റേഡിയത്തിനാണ് ഗവാസ്കറിന്റെ പേരുള്ളത്.   മുംബൈ സെന്റ് സേവിയേഴ്‌സ് സ്‌കൂളിൽ  ഗാവസ്കറിൻറെ  അധ്യാപകൻ ആയിരുന്ന ചെങ്ങന്നൂർ കോടുകുളഞ്ഞി സ്വദേശി അന്തരിച്ച ജോൺ തോമസാണ് അന്ന് സ്ക്കൂളിന്റെ വൈസ് പ്രിൻസിപ്പൽ

അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഗാവസ്‌കർ മാവേലിക്കരയിൽ എത്തിയത്. ആദ്യമായി കേരളം സന്ദർശിച്ചപ്പോൾ ഗാവസ്കറിന് അന്ന് 37 വയസായിരുന്നു പ്രായം, അന്നു മാവേലിക്കര ഇൻഫെന്റ് ജീസസ് സ്കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്ന ലേഖകനും ആഗ്രഹിച്ചിരുന്നു അദ്ദേഹത്തെ നേരിൽ കാണാൻ.

alappuzha-gavaskar1

മാവേലിക്കര നഗരത്തിൽ കൂടി തുറന്ന ജീപ്പിൽ ഘോഷയാത്രയോടു കൂടി ഒരു ഗംഭീരം സ്വീകരണം ഒക്കെ നൽകണമെന്ന ആഗ്രഹം സംഘാടക സമിതിയോട് അറിയിച്ച കാര്യം ലേഖകന്റെ  അധ്യാപകനും പ്രമുഖ കാർട്ടൂണിസ്റ്റും മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ വൈസ് പ്രിൻസിപ്പലും ആയ പ്രഫ .വി.സി, ജോൺ ഓർക്കുന്നു. സുരക്ഷാപ്രശ്‌നങ്ങൾ കാരണം ഘോഷയാത്ര പരിപാടികൾ ഉപേക്ഷിച്ചുവെങ്കിലും, ആ ദിവസം ഗവാസ്ക്കറിനോടൊപ്പം ചില നിമിഷങ്ങൾ ചിലവിടാൻ കഴിഞ്ഞതിൽ സന്തോഷവാനാണ് വി.സി ഇന്നും.

അന്നത്തെ മാവേലിക്കര നഗരസഭാ കൗൺസിലറും കേരള കോൺഗ്രസ് നേതാവുമായ റോണി.ടി. ഡാനിയലിന്റെ വസതിയിൽ ആയിരുന്നു ഗാവസ്‌കറിന് പ്രാതൽ. അന്ന് അദ്ദേഹത്തോട് ചിലത് ചോദിക്കുവാനും അവസരം ലഭിച്ചു. ചിത്രം വരയ്ക്കുവാൻ അനുവാദം ചോദിച്ചപ്പോൾ പോസ് ചെയ്തതും  അദ്ദേഹം വ്യക്തമായി ഓർമിക്കുന്നു.

കാലാന്തരത്തിൽ ആ ചിത്രം എവിടെയോ നഷ്ടപ്പെട്ട വിഷമത്തിലാണ് വി.സി എങ്കിലും അന്തരിച്ച മാവേലിക്കര ബിഷപ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ റവ . പ്രഫ . കെ.സി. മാത്യുവിന്റെ ജീവചരിത്രമായ റോയ് ചിക്കാഗോയുടെ " ഒഴുക്കിനെതിരെ" എന്ന പുസ്‌തകത്തിലെയും കോളേജിലെ വിരമിച്ച അധ്യാപകരുടെ സംഘടന  പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ  ചില ഗാവസ്‌കർ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

അക്കാലത്ത് മാവേലിക്കരയിൽ എ.സി സൗകര്യമുള്ള ഒരു ഹോട്ടലിന്റെ  അപര്യാപ്തത മൂലമാണ് റോണിയുടെ വീട് തിരഞ്ഞെടുക്കുക്കാൻ കാരണമായതെന്ന് ബിഷപ് മൂർ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ  പ്രഫ . ജോർജ് എം. ചെറിയാൻ ഓർക്കുന്നു. അദ്ദേഹം പിന്നീട്  ബിഷപ് മൂർ സ്‌കൂളിന്റെ പ്രിൻസിപ്പലും ആയി സേവനം അനുഷ്ഠിച്ചു.

“ലെസ്റ്ററിലെ ഒരു ഗ്രൗണ്ടിന് എന്റെ പേരിടുന്നതിൽ സന്തോഷവും ബഹുമാനവുമുണ്ട്. ക്രിക്കറ്റിന്, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്  ഏറ്റവും ശക്തമായ ആരാധകരുള്ള  നഗരമാണ് ലെസ്റ്റർ, അതിനാൽ ഇത് ഒരു വലിയ ബഹുമതിയാണ്" എന്നാണ് ഗവാസ്കർ പറഞ്ഞത്. ഭാരത് സ്‌പോർട്‌സ് ആൻഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ തന്റെ നാമഫലകം ഔദ്യോഗികമായി സമർപ്പിക്കാൻ ഗവാസ്‌കർ ലെസ്റ്ററിലെത്തിയിരുന്നു പവലിയന്റെ പിൻഭാഗത്തെ ഭിത്തിയിൽ അദ്ദേഹത്തിന്റെ വലിയചിത്രവും വരച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com