ADVERTISEMENT

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തു സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കണമെന്ന് എക്സൈസ് കമ്മിഷണർ കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു. സ്പെഷൽ ഡ്രൈവ് നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ അനാവശ്യ അവധികൾ ഒഴിവാക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്. ‘ഉദ്യോഗസ്ഥ ക്ഷാമം’ മുന്നിൽക്കണ്ടാണ് ഇത്തരമൊരു നിബന്ധന എക്സൈസ് കമ്മിഷണർ മുന്നോട്ടുവച്ചത്.

സ്പെഷൽ ഡ്രൈവ് കഴിയുന്നതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയാകും. ഇങ്ങനെ ‘സീസണൽ’ കാര്യക്ഷമത കൊണ്ടു കാര്യമില്ലെന്ന് ഉദ്യോഗസ്ഥർക്കും അറിയാം. അതുകൊണ്ടാണ് അംഗബലം വർധിപ്പിക്കണമെന്നും ഓഫിസ് ജോലികളിൽനിന്ന് ഒഴിവാക്കി പരമാവധി പേരെ പരിശോധനകൾക്കു നിയോഗിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.

നിയമം നിയമത്തിന്റെ വഴിക്ക്

ചിലന്തിവലയുടെ അത്രപോലും ഉറപ്പില്ലാത്ത ഒരുപിടി നിയമങ്ങളിൽ ലഹരിക്കേസ് പ്രതികളെ കുടുക്കിയിടേണ്ട അവസ്ഥയാണ് ഉദ്യോഗസ്ഥർക്ക്. ഇതിനാലാണ് ഒരിക്കൽ പിടിക്കപ്പെട്ടാലും വീണ്ടും ലഹരിക്കടത്തുമായി മുന്നോട്ടുപോകാൻ ലഹരിമാഫിയ തയാറാകുന്നത്.ലഹരിയുടെ അളവു നോക്കിയാണ് ഇത്തരം കേസുകളിൽ ഏതു വകുപ്പ് ചുമത്തണമെന്നും എന്തു ശിക്ഷ നൽകണമെന്നും തീരുമാനിക്കുന്നത്. പിടികൂടുന്ന ലഹരിയുടെ അളവനുസരിച്ച് അതിനെ സ്മോൾ, മീഡിയം, കൊമേഴ്സ്യൽ എന്നിങ്ങനെ 3 വിഭാഗമായി തിരിച്ചിട്ടുണ്ട്. മീഡിയം അളവിൽ താഴെയാണ് പിടികൂടുന്ന ലഹരിയെങ്കിൽ പ്രതിക്കു ജാമ്യം അനുവദിക്കാൻ വകുപ്പുണ്ട്. ഓരോ ലഹരിക്കും ഈ അളവ് വ്യത്യസ്തമാണ്.

ലഹരിമാഫിയയ്ക്ക് ഇതെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ലഹരി കടത്തുമ്പോൾ മീഡിയം അളവിൽ താഴെയായിരിക്കും അവർ കൈകാര്യം ചെയ്യുക. ഉദാഹരണത്തിന് കഞ്ചാവിന്റെ മീഡിയം അളവ് 2 കിലോ ആണെങ്കിൽ 1.99 കിലോ കഞ്ചാവാകും അവർ കടത്താൻ ശ്രമിക്കുക. ഇതു പിടികൂടിയാൽത്തന്നെ ജാമ്യം ലഭിക്കുമെന്ന് അവർക്ക് ഉറപ്പാണ്.

ഇത്തരത്തിൽ നിയമത്തിന്റെ പഴുതുകൾ കൃത്യമായി മനസ്സിലാക്കിയാണ് ലഹരിമാഫിയയുടെ നീക്കം. നിരോധിത പുകയില ഉൽപന്നങ്ങളുടെ കാര്യമാണ് കൂടുതൽ കഷ്ടം. ഇവ എത്ര അളവിൽ പിടികൂടിയാലും 200 രൂപ പിഴ ഈടാക്കാനേ ഉദ്യോഗസ്ഥർക്ക് അനുവാദമുള്ളൂ. ഇത്തരം നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് പലതവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.

പിടികൂടിയാൽ പിന്നെന്ത്

ജില്ലയിൽനിന്നു പിടികൂടുന്ന ലഹരിവസ്തുക്കൾ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നശിപ്പിച്ചുകളയുന്നത്. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ എക്സൈസിനും എസ്പിയുടെ നേതൃത്വത്തിൽ പൊലീസിനും ഡ്രഗ് ഡിസ്പോസൽ കമ്മിറ്റികളുണ്ട്.കഞ്ചാവു പോലുള്ള ലഹരിവസ്തുക്കൾ പ്രത്യേകം തയാറാക്കിയ സംവിധാനത്തിൽ കത്തിച്ചുകളയുകയാണു പതിവ്.

എംഡിഎംഎ പോലുള്ളവയാണെങ്കിൽ ആദ്യം രാസപരിശോധനയ്ക്ക് അയയ്ക്കും. അതിനുശേഷം എക്സൈസ് ഗോഡൗണിലേക്കു മാറ്റും. എംഡിഎംഎ പോലുള്ള ലഹരിവസ്തുക്കൾ നശിപ്പിച്ചുകളയാൻ തുടങ്ങിയിട്ടില്ല. ഇവയിൽ രാസപദാർഥങ്ങൾ അടങ്ങിയതിനാൽ നശിപ്പിക്കാൻ ശാസ്ത്രീയ രീതികൾ അവലംബിക്കേണ്ടിവരും. നിലവിൽ ചേർത്തല സർക്കിളിലെ ഗോഡൗണിലാണ് എക്സൈസ് പിടികൂടുന്ന ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നത്.

ആളു കൂടിയാൽ പാമ്പ് ചാകുമോ?

ആളു കൂടിയാൽ പാമ്പു ചാകില്ല എന്നാണു ചൊല്ല്. എന്നാൽ, ‘ലഹരിപ്പാമ്പിനെ’ കൊല്ലാൻ എക്സൈസിൽ ആളെണ്ണം കൂടിയേതീരൂ. നിലവിൽ ശരാശരി 250 ഉദ്യോഗസ്ഥരാണ് ഓരോ ജില്ലയിലും ജോലി ചെയ്തുവരുന്നത്. ആലപ്പുഴ ജില്ലയിലെ ഉദ്യോഗസ്ഥരുടെ കണക്ക് ഇപ്രകാരം.

എക്സൈസ് അംഗബലം

∙ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ: 1
∙അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ: 1
∙സർക്കിൾ ഇൻസ്പെക്ടർ: 8
∙എക്സൈസ് ഇൻസ്പെക്ടർ: 11
∙അസി.എക്സൈസ് ഇൻസ്പെക്ടർ: 3
∙പ്രിവന്റീവ് ഓഫിസർ: 63
∙സിവിൽ എക്സൈസ് ഓഫിസർ (പുരുഷന്മാർ): 166
∙സിവിൽ എക്സൈസ് ഓഫിസർ (വനിതകൾ): 23

ഇതിൽത്തന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ വിവിധ ഓഫിസുകളിൽ സ്പെഷൽ ഡ്യൂട്ടി ചെയ്തുവരികയാണ്. മിനിസ്റ്റീരിയൽ വിഭാഗത്തിലും ഒട്ടേറെ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു.എക്സൈസിൽ മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കാത്തതും സ്പെഷൽ ഡ്യൂട്ടി നിർത്തലാക്കാത്തതും കാരണം പാറാവ് ഡ്യൂട്ടിയും കോടതി ഡ്യൂട്ടിയും കഴിഞ്ഞാൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ കിട്ടാറില്ലെന്ന പരാതി എക്സൈസ് വകുപ്പിൽനിന്ന് ഉയരാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

ഇതിനു പുറമേ, പ്രധാന ഓഫിസുകളിൽ ചിലതിൽ ഡ്രൈവറുടെ പോസ്റ്റ് വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. വാഹനങ്ങളാകട്ടെ, പലതും കട്ടപ്പുറത്തും. ഇത്തരം വിഷയങ്ങളിലെല്ലാം സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com