ADVERTISEMENT

മാവേലിക്കര ∙ ‘ഇൻജക്‌ഷന് മരുന്ന് വാങ്ങാൻ 100 രൂപ തരാൻ പോലും ബാങ്കുകാർ കൂട്ടാക്കിയില്ല. പണമില്ലാത്തതിനാൽ കൃത്യമായ ചികിത്സ ലഭിക്കാതെ ചേട്ടൻ ഞങ്ങളെ വിട്ടുപോയി’ – ഭർത്താവിന്റെ ചിത്രത്തിനു സമീപത്തു നിന്നു വിഷമം സഹിക്കാനാകാതെ രമ പൊട്ടിക്കരഞ്ഞു. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ 2016ൽ നടന്ന സാമ്പത്തിക ക്രമക്കേട് കാരണം സങ്കടക്കടലിലായ ഒട്ടേറെപ്പേരുടെ പ്രതിനിധിയാണ് തഴക്കര വെളുത്തേടത്ത് കിഴക്കതിൽ രമ രാജൻ (54).

രമയുടെ വീടിനടുത്താണ് ബാങ്കിന്റെ തഴക്കര ശാഖ. രാജൻ ഡ്രൈവിങ്ങും രമ തയ്യൽ ജോലിയും വഴി മിച്ചം പിടിച്ച ചെറിയ തുകകൾ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. 10,000 രൂപയാകുമ്പോൾ തുക മകൾ രശ്മിയുടെ പേരിൽ അവിടെത്തന്നെ സ്ഥിര നിക്ഷേപമാക്കുന്നതായിരുന്നു രീതി. ബാങ്കിനോടുള്ള മാതാപിതാക്കളുടെ വിശ്വാസം മനസ്സിലാക്കിയ മകൾ വീട് വയ്ക്കാൻ സ്വരൂപിച്ച 3 ലക്ഷം രൂപ ഹരിപ്പാട്ടെ ബാങ്കിൽ നിന്നു 2013ൽ ഈ ബാങ്കിലേക്കു മാറ്റി സ്ഥിരനിക്ഷേപമാക്കി. 2 വർഷത്തേക്കായിരുന്നു നിക്ഷേപം. ഓരോ 2 വർഷവും കഴിഞ്ഞു നിക്ഷേപം പുതുക്കി. 2016ൽ ആണ് അവസാനം പുതുക്കിയത്. 2018 ഫെബ്രുവരിയിൽ തുക തിരികെ ലഭിക്കത്തക്ക വിധമായിരുന്നു ഇത്.

ഇതിനിടെ മകൻ രാജേഷ് പെയിന്റിങ് ജോലിയിൽ നിന്നു മിച്ചം വച്ചു ബാങ്കിലെ ചിട്ടിയിലും ചേർന്നു. അതിൽ 70,000 രൂപയോളം അടച്ചു. 2016 ഡിസംബറിൽ ബാങ്കിന്റെ ശാഖയിൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോഴും തങ്ങളുടെ പണം സുരക്ഷിതമാണെന്ന വിശ്വാസത്തിലായിരുന്നു ഇവർ. പ്രശ്നം രൂക്ഷമായപ്പോൾ മകളുടെ പേരിലുള്ള സ്ഥിരനിക്ഷേപം പലിശ ഉൾപ്പെടെയുള്ള തുകയായ 5.34 ലക്ഷം രൂപ തിരികെ എടുക്കാൻ ചെന്നു. അപ്പോഴാണ് ഈ തുക ഉപയോഗിച്ച് 50 ലക്ഷം രൂപ വായ്പ എടുത്തിട്ടുള്ളതിനാൽ തിരികെ നൽകാനാകില്ലെന്ന മറുപടി ലഭിച്ചത്. ഇതോടെ മകളുടെ പേരിലുള്ള 10,000 രൂപ വീതമുള്ള 5 സ്ഥിരനിക്ഷേപങ്ങൾ പലപ്പോഴായി പിൻവലിച്ചു.

മകൾക്കു വീടു വയ്ക്കാനുള്ള പണം നഷ്ടമാകില്ലെന്ന വിശ്വാസത്തിൽ കഴിയുമ്പോഴാണ് ഭർത്താവ് രാജനു ശ്വാസകോശാർബുദമാണെന്നു 2021 ഡിസംബറിൽ തിരിച്ചറിഞ്ഞത്. ചികിത്സയ്ക്കു പലരോടും പണം കടം വാങ്ങി ആശുപത്രികൾ കയറിയിറങ്ങി. പലതവണ ബാങ്കിൽ അപേക്ഷ നൽകി. ഒരു രൂപ പോലും തിരികെ തരാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നു രമ വേദനയോടെ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 21നു രാജൻ മരിച്ചു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, സഹകരണ മന്ത്രി തുടങ്ങിയവർക്ക് രമ നിവേദനം നൽകിയിരുന്നു. നിവേദനം രമയുടെ പേരിലായതിനാൽ പരാതിക്കാരിക്കു ബാങ്കിന്റെ ശാഖയിൽ 81 രൂപ മാത്രമാണുള്ളതെന്ന മറുപടിയാണു ബാങ്ക് അധികൃതർ സഹകരണ വകുപ്പിനു നൽകിയത്. പരാതിയിൽ കൃത്യമായ വിവരങ്ങളും സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും നൽകിയിട്ടും അധിക‍ൃതർ അവഗണിച്ചെന്നു രമ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com